അടിച്ചുതകർത്ത് ഹെഡ്; അഡലൈഡ് ടെസ്റ്റിൽ ലീഡുമായി ഓസീസ്
അഡലൈഡ്: ബോർഡർ-ഗവാസ്കർ ട്രോഫിയിലെ രണ്ടാം ടെസ്റ്റിൽ ഓസീസ് ലീഡ് 75 റൺസ് പിന്നിട്ടു. ഇന്ത്യ ഉയർത്തിയ 180 റൺസ് പിന്തുടർന്നിറങ്ങിയ ഓസീസ് നിലവിൽ അഞ്ച് വിക്കറ്റിന് 255 എന്ന നിലയിലാണ്. സെഞ്ച്വറിയുമായി ട്രാവിസ് ഹെഡും അലക്സ് ക്യാരിയുമാണ് ക്രീസിലുള്ളത്.
86ന് ഒന്ന് എന്ന നിലയിൽ രണ്ടാം ദിനം ഓസീസിന് ഓപ്പണർ നതാൻ മെക്കൻസ്വീനിയെ നഷ്ടമായിരുന്നു. അധികം വൈകാതെ ടീം സ്കോർ 103ൽ നിൽക്കേ സ്റ്റീവ് സ്മിത്തും മടങ്ങിയതോടെ ഇന്ത്യ മത്സരത്തിലേക്ക് തിരിച്ചുവരുന്നു എന്ന് തോന്നിച്ചു. ഇരുവരുടെയും വിക്കറ്റുകൾ ബുംറയാണ് നേടിയത്. എന്നാൽ മാർണസ് ലബുഷെയ്ൻ, ട്രാവിസ് ഹെഡ് സഖ്യം ഓസീസിനെ എടുത്തുയർത്തുകയായിരുന്നു.
64 റൺസുമായി ലബൂഷെയ്നും 9 റൺസുമായി മിച്ചൽ മാർഷും പുറത്തായെങ്കിലും ഒരറ്റത്ത് ഏകദിന ശൈലിയിൽ അടിച്ചുതകർത്ത ട്രാവിസ് ഹെഡാണ് ഓസീസിന് തുണയായത്. 10 ബൗണ്ടറികളും 3 സിക്സറുകളുമാണ് ഹെഡ് പറത്തിയത്.
അശ്വിന്റെ പന്തിൽ വിക്കറ്റ് വിക്കറ്റ് കീപ്പർ ഋഷഭ് പന്തിന് പിടികൊടുത്താണ് മിച്ചൽ മാർഷ് പുറത്തായത്. അമ്പയർ ഔട്ട് വിളിച്ചതോടെ റിവ്യൂ നൽകാതെ മാർഷ് തിരിഞ്ഞുനടക്കുകയായിരുന്നു. എന്നാൽ പന്ത് ബാറ്റിൽ കൊണ്ടില്ല എന്ന് ടിവി റീേപ്ലകളിൽ വ്യക്തമായിരുന്നു. ഇതോടെ മാർഷ് എന്തിനാണ് റിവ്യൂ നൽകാതെ തിരിച്ചുനടന്നത് എന്ന സംശയമുണ്ട്. എന്നാൽ ബാറ്റിനും പന്തിനുമിടയിൽ സൂര്യപ്രകാശം പരന്നതിനാലാണ് ടിവി റിേപ്ലകളിൽ എഡ്ജ് കാണാത്തതെന്നും വിശദീകരണമുണ്ട്.