മിച്ചൽ സ്റ്റാർക്കിന് ആറുവിക്കറ്റ്; അഡ്‌ലൈഡിൽ അടിതെറ്റി ഇന്ത്യ, 180ന് ഓൾഔട്ട്

ആറാമനായി ക്രീസിലെത്തിയ രോഹിത് ശർമ മൂന്ന് റൺസെടുത്ത് പുറത്തായി

Update: 2024-12-06 09:18 GMT
Editor : Sharafudheen TK | By : Sports Desk
Advertising

അഡ്‌ലൈഡ്: ആസ്‌ത്രേലിയക്കെതിരായ ബോർഡർ-ഗവാസ്‌കർ ട്രോഫി രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ ആദ്യ ഇന്നിങ്‌സിൽ 180 റൺസിന് ഔൾഔട്ട്. ടോസ് നേടി ബാറ്റിങിനിറങ്ങിയ സന്ദർശകർ   മിച്ചൽ സ്റ്റാർക്കിന്റെ പേസ് ആക്രമണത്തിൽ തകർന്നടിയുകയായിരുന്നു. 14.1 ഓവറിൽ 48 റൺസ് വിട്ടുകൊടുത്ത് സ്റ്റാർക്ക് ആറു വിക്കറ്റ് വീഴ്ത്തി. നിതീഷ് കുമാർ റെഡ്ഡിയാണ്(42) ഇന്ത്യൻ നിരയിലെ ടോപ് സ്‌കോറർ. കെ.എൽ രാഹുൽ(37) റൺസെടുത്തു.

പെർത്ത് ടെസ്റ്റിലെ വലിയവിജയം നൽകിയ ആത്മവിശ്വാസവുമായി അഡ്‌ലൈഡിലെ ഡേ-നൈറ്റ് മാച്ചിനിറങ്ങിയ ഇന്ത്യക്ക് തൊട്ടതെല്ലാം പിഴച്ചു. ഇന്നിങ്‌സിലെ ആദ്യ പന്തിൽ യശസ്വി ജയ്‌സ്വാളിനെ(0) മിച്ചൽ സ്റ്റാർക്ക് പുറത്താക്കി. കഴിഞ്ഞ മാച്ചിൽ സെഞ്ച്വറി നേടിയ താരത്തിന്റെ പുറത്താകൽ ഇന്ത്യക്ക് ഞെട്ടിക്കുന്നതായി. എന്നാൽ രണ്ടാം വിക്കറ്റിൽ രാഹുൽ-ശുഭ്മാൻ ഗിൽ കൂട്ടുകെട്ട് പ്രതീക്ഷ നൽകിയെങ്കിലും 69 റൺസിൽ രണ്ടാം വിക്കറ്റും നഷ്ടമായി. കെ.എൽ രാഹുലെനെ മക്‌സ്വീനിയുടെ കൈകളിലെത്തിച്ച് സ്റ്റാർക്ക് ആതിഥേയർക്ക് ബ്രേക്ക് ത്രൂ നൽകി.

തൊട്ടുപിന്നാലെ വിരാട് കോഹ്‌ലിയും(7), ശുഭ്മാൻ ഗില്ലും(31) പുറത്തായതോടെ ഇന്ത്യൻ വലിയ തകർച്ചയിലേക്ക് നീങ്ങി. ആറാമനായി ക്രീസിലെത്തിയ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയെ(3) ബോളണ്ട് വിക്കറ്റിന് മുന്നിൽകുരുക്കി. ഋഷഭ് പന്തിനെ(21) പാറ്റ് കമ്മിൻസ് പുറത്താക്കിയതോടെ ഇന്ത്യ 200 പോലും തോടാനാവാതെ ഓൾഔട്ടായി. സ്റ്റാർക്കിന് പുറമെ പാറ്റ്കമ്മിൻസും ബോളണ്ടും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

Tags:    

Writer - Sharafudheen TK

contributor

Editor - Sharafudheen TK

contributor

By - Sports Desk

contributor

Similar News