സ്റ്റാർക്കിന്റെ ആദ്യ പന്തിൽ ജയ്‌സ്വാൾ ഔട്ട്; അഡ്‌ലൈഡ് ടെസ്റ്റിൽ ഇന്ത്യക്ക് ഞെട്ടിക്കുന്ന തുടക്കം
രോഹിത് ശർമയും ശുഭ്മാൻ ഗില്ലും ആർ അശ്വിനും ഇന്ത്യൻ നിരയിലേക്ക് മടങ്ങിയെത്തി
അഡ്‌ലൈഡ്: ആസ്‌ത്രേലിയക്കെതിരായ ബോർഡർ-ഗവാസ്‌കർ ട്രോഫിയിലെ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് ഞെട്ടിക്കുന്ന തുടക്കം. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത സന്ദർശകർക്ക് കഴിഞ്ഞ മാച്ചിലെ ഹീറോ യശസ്വി ജയ്‌സ്വാളിന്റെ വിക്കറ്റ് നഷ്ടമായി. മിച്ചൽ സ്റ്റാർക്ക് എറിഞ്ഞ ഇന്നിങ്‌സിലെ ആദ്യ പന്തിൽ ജയ്‌സ്വാൾ(0) വിക്കറ്റിന് മുന്നിൽ കുരുങ്ങുകയായിരുന്നു. നേരത്തെ ആദ്യ ടെസ്റ്റിൽ സ്റ്റാർക്കിനെ സ്ലഡ്ജ് ചെയ്ത് ജയ്‌സ്വാൾ ശ്രദ്ധനേടിയിരുന്നു. എന്നാൽ ഇതിന് യുവതാരത്തെ ആദ്യ പന്തിൽ പുറത്താക്കിയാണ് ഓസീസ് സീമർ മറുപടി നൽകിയത്.
MITCHELL STARC STARTS THE PINK BALL TEST WITH A WICKET. 🤯pic.twitter.com/JdX0kr7Eck
— Mufaddal Vohra (@mufaddal_vohra) December 6, 2024
മൂന്ന് മാറ്റങ്ങളുമായാണ് ഇന്ത്യ രണ്ടാം ടെസ്റ്റിന് ഇറങ്ങിയത്. ക്യാപ്റ്റൻ രോഹിത് ശർമയും ശുഭ്മാൻ ഗില്ലും ആർ അശ്വിനും തിരിച്ചെത്തി. ധ്രുവ് ജുറെലും ദേവ്ദത്ത് പടിക്കലും വാഷിംഗ്ടൺ സുന്ദറുമാണ് പ്ലെയിങ് ഇലവനിൽ നിന്ന് പുറത്തായത്. ആതിഥേയ നിരയിലും ഒരു മാറ്റമുണ്ട്. പെർത്ത് ടെസ്റ്റിനിടെ പരിക്കേറ്റ ജോഷ് ഹേസൽവുഡിന് പകരം സ്‌കോട് ബോളണ്ട് ആദ്യ ഇലവനിൽ സ്ഥാനം പിടിച്ചു. 2020-21 പരമ്പരയിൽ ഇതേവേദിയിൽ കളിച്ച ഡേ നൈറ്റ് ടെസ്റ്റിൽ ഇന്ത്യ ആദ്യം ബാറ്റ് ചെയ്ത് ഒന്നാം ഇന്നിങ്‌സിൽ ലീഡ് നേടിയെങ്കിലും രണ്ടാം ഇന്നിങ്‌സിൽ വെറും 36 റൺസിന് ഓൾ ഔട്ടായിരുന്നു.
ആസ്ട്രേലിയ: ഉസ്മാൻ ഖവാജ, നഥാൻ മക്സ്വീനി, മാർനസ് ലബുഷെയ്ൻ, സ്റ്റീവൻ സ്മിത്ത്, ട്രാവിസ് ഹെഡ്, മിച്ചൽ മാർഷ്, അലക്സ് കാരി, പാറ്റ് കമ്മിൻസ്(ക്യാപ്റ്റൻ), മിച്ചൽ സ്റ്റാർക്ക്, നഥാൻ ലിയോൺ, സ്‌കോട്ട് ബോളണ്ട്.
ഇന്ത്യ: യശസ്വി ജയ്സ്വാൾ, കെഎൽ രാഹുൽ, ശുഭ്മാൻ ഗിൽ, കോഹ്ലി, റിഷഭ് പന്ത്, രോഹിത് ശർമ്മ, ആർ അശ്വിൻ, നിതീഷ് കുമാർ റെഡ്ഡി, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, ഹർഷിത് റാണ