ഇന്ത്യ- ആസ്ത്രേലിയ ഫൈനൽ പോരാട്ടം; ലോകക്രിക്കറ്റിലെ പുതിയ രാജാക്കന്മാരെ ഇന്നറിയാം

നരേന്ദ്രമോദി സ്റ്റേഡിയത്തിൽ ആസ്ത്രേലിയയെ നേരിടുന്ന ഇന്ത്യയ്ക്ക് ടോസ് നിർണായകമാണ്.

Update: 2023-11-19 02:15 GMT
Advertising

അഹമ്മദാബാദ്: മാന്യന്മാരുടെ മൈതാനത്തൊരു മഹായുദ്ധം. ഉരുക്കുമനുഷ്യന്‍ സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ ഓര്‍മ്മകളിരമ്പുന്ന അഹമ്മദാബാദിലെ കൂറ്റന്‍ വേദിയില്‍ ഉരുക്കിന്റെ ഉറപ്പുള്ള പതിനൊന്ന് പേര്‍. ബൗണ്ടറിക്കപ്പുറം നൂറ്റി നാല്പ്പത് കോടി സ്വപ്നങ്ങള്‍. നെടുനായകത്വവുമായി രോഹിത് ശര്‍മ. ചോരത്തിളപ്പിന്റെ ഊക്കുമായി ശുഭ്മന്‍ ഗില്‍ കൂടെയിറങ്ങും. ഓപ്പണിങ് പതറിയാല്‍ കോലി വരുമെന്ന അഹങ്കാരം. അയാള്‍ക്കുമിടറിയാല്‍ ശ്രേയാസും രാഹുലുണ്ടെന്ന ആത്മവിശ്വാസം. എന്നിട്ടും രക്ഷയില്ലെങ്കില്‍ സൂര്യകുമാറും രവീന്ദ്ര ജഡേജയുമുണ്ടെന്ന ആശ്വാസം.

കേടറ്റ വാലറ്റവും അവസാന പ്രതീക്ഷ. പതിനൊന്ന് ബാറ്റുകളും നിശബ്ദമായാലും തീയുണ്ടകളുമായി ഷമി വരുമെന്ന ഉറപ്പില്‍ അവര്‍ എറിഞ്ഞിടാനിറങ്ങും. ബൂംറയും സിറാജും കൂട്ടിനുണ്ടാകും. ചക്രവ്യൂഹങ്ങളത്രയും ഭേദിച്ച് മുന്നോട്ടായുന്ന കങ്കാരുക്കളെയും കാത്ത് വാരിക്കുഴികളൊരുക്കി രവീന്ദ്ര ജഡേജയും കുല്‍ദീപ് യാദവുമുണ്ടാകും. ഇപ്പറഞ്ഞതൊന്നും തുണയ്ക്കെത്തിയില്ലെങ്കില്‍ മാത്രം ഒടുക്കം ഓസീസ് ചിരിക്കും.

ക്രിക്കറ്റ് ലോകകപ്പ് ഫൈനലിൽ ഇന്ന് അഹമ്മദാബാദ് നരേന്ദ്രമോദി സ്റ്റേഡിയത്തിൽ ആസ്ത്രേലിയയെ നേരിടുന്ന ഇന്ത്യക്ക് ടോസ് നിർണായകമാണ്. ഈ മൈതാനത്ത് ടൂർണമെന്റിൽ ഇതുവരെ രണ്ടാമത് ബാറ്റ് ചെയ്ത ടീമുകൾക്കയിരുന്നു മുൻതൂക്കം. ഈ ലോകകപ്പിൽ നാല് മത്സരങ്ങൾ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്നപ്പോൾ അതിൽ മൂന്നിലും രണ്ടാമത് ബാറ്റ് ചെയ്ത ടീമുകളാണ് ജയിച്ചത്. അതേസമയം, ടോസ് നിര്‍ണായകമല്ലെന്നാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ പറയുന്നത്. ഓരോ ദിവസവും കാലാവസ്ഥയില്‍ മാറ്റമുണ്ട്. ഏത് കണ്ടീഷനിലും കളിക്കാന്‍ ടീം പ്രാപ്തരാണ്. ആക്രമിച്ചു കളിക്കാൻ നേരത്തെ തീരുമാനിച്ചതാണെന്നും രോഹിത് പറഞ്ഞു. ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിക്കാണ് മത്സരം.  

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News