തകര്‍ത്തടിച്ച് പന്തും അയ്യരും; ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് ലീഡ്
ബംഗ്ലാദേശിനായി തൈജുൾ ഇസ്ലാമും ഷാക്കിബ് അൽ ഹസ്സനും നാല് വിക്കറ്റ് വീതം വീഴ്ത്തി
ധാക്ക: ബംഗ്ലാദേശിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് 80 റൺസിന്റെ ലീഡ്. ഒന്നാം ഇന്നിങ്സില്‍ ബംഗ്ലാദേശ് ഉയർത്തിയ 227 റൺസ് പിന്തുടർന്ന ഇന്ത്യ 314 റൺസ് എടുത്ത് പുറത്തായി. ഇന്ത്യക്കായി ആദ്യ ഇന്നിങ്‌സിൽ വിക്കറ്റ് കീപ്പർ ബാറ്റർ റിഷബ് പന്തും ശ്രേയസ് അയ്യരും തകർപ്പൻ പ്രകടനമാണ് പുറത്തെടുത്തത്.
104 പന്തിൽ നിന്ന് ഏഴ് ഫോറിന്റേയും അഞ്ച് സിക്‌സിന്റേയും അകമ്പടിയിൽ റിഷബ് പന്ത് 93 റൺസെടുത്തു. 105 പന്തിൽ നിന്ന് പത്ത് ഫോറിന്റേയും രണ്ട് സിക്‌സിന്റേയും അകമ്പടിയിൽ ശ്രേയസ് അയ്യർ 87 റൺസെടുത്തു. അഞ്ചാം വിക്കറ്റിൽ ഇരുവരും ചേർന്ന് 159 റൺസിന്റെ കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. വിരാട് കോഹ്ലിയും ചേതേശ്വർ പൂജാരയും 24 റൺസ് വീതമെടുത്ത് പുറത്തായി.
ബംഗ്ലാദേശിനായി തൈജുൾ ഇസ്ലാമും ഷാക്കിബ് അൽ ഹസ്സനും നാല് വിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ ടസ്‌കിൻ അഹമ്മദും മെഹ്ദി ഹസ്സനും ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി. രണ്ടാം ഇന്നിങ്സില്‍ ബാറ്റിങ് ആരംഭിച്ച ബംഗ്ലാദേശ് വിക്കറ്റ് ഒന്നും നഷ്ടമാവാതെ ഏഴ് റണ്‍സ് എടുത്തിട്ടുണ്ട്. സാകിര്‍ ഹസനും നജ്മുല്‍ ഷാന്‍റോയുമാണ് ക്രീസില്‍.