സമനിലയെന്നുറപ്പിച്ച മത്സരം ജയിച്ച് ഇന്ത്യ; കൈയ്യടിക്കാം ഈ ആറ്റിറ്റ്യൂഡിന്

Update: 2024-10-01 12:11 GMT
Editor : safvan rashid | By : Sports Desk
Advertising

ടീം ഇന്ത്യയുടെ ഈ ​ആറ്റിറ്റ്യൂഡി​ന് തീർച്ചയായും ഒരു കൈ കൊടുക്കണം. കാലാവസ്ഥ വിനയായെന്ന തലവാചകമിട്ട് ഓർമകളുടെ ചവറ്റുകുട്ടയിലേക്ക് എടുത്തെറിയപ്പെടുമായിരുന്ന ഒരു ടെസ്റ്റ് മത്സരത്തെ എന്നെന്നും ഓർമിക്കാനുള്ളതാക്കി മാറ്റിയതിന് ഈ ടീം കൈയ്യടി അർഹിക്കുന്നു. വാട്ടർ ഡ്രൈയിനേജ് മെഷീനുകളാലും ടാർപോളിൻ ഷീറ്റുകളാലും നനഞ്ഞുകിടന്നിരുന്ന കാൺ​പൂർ സ്റ്റേഡിയത്തിൽ ഒടുവിൽ രോഹിതും സംഘവും നിറഞ്ഞുചിരിക്കുമ്പോൾ അവിടെ ജയിക്കുന്നത് ക്രിക്കറ്റ് കൂടിയാണ്. കൂടെ ബംഗ്ലദേശിനോട് ഒരു ടെസ്റ്റ് ജയിക്കാൻ വെറും രണ്ടുദിവസമൊക്കെ ധാരാളമെന്ന ഒരു സ്റ്റേറ്റ്മെന്റ് കൂടി ഇന്ത്യ പറഞ്ഞുവെക്കുന്നുണ്ട്.

ഇന്ത്യ മറ്റൊരു ആധികാരിക ജയം കൂടി നേടുമെന്ന പ്രതീതിയിലാണ് കാൺപൂർ ഗ്രീൻപാർക്ക് സ്റ്റേഡിയത്തിൽ രണ്ടാം ടെസ്റ്റിന് അരങ്ങുണർന്നത്. ആദ്യ ദിനം 107ന് മൂന്ന് എന്ന നിലയിൽ ബംഗ്ലദേശ് പൊരുതിനോക്കുന്നു. അതിനിടയിലാണ് വീക്കെൻഡ് ദിവസങ്ങൾ ആഘോഷമാക്കാമെന്ന് കരുതിയ ക്രിക്കറ്റ് ആരാധകർക്ക് മേൽ പേമാരി പെയ്തിറങ്ങുന്നത്.

അതോടെ ആദ്യ ദിനത്തിന് തിരശ്ചീല വീണു. വെറും 35 ഓവറുകൾ മാത്രമാണ് ആദ്യ ദിനം എറിഞ്ഞത്. രണ്ടാം ദിനം കണ്ണുകൾ കാൺപൂരിലേക്ക് നീണ്ടെങ്കിലും മഴ തുടർന്നതിനാൽ ഒരു പന്തുപോലും എറിഞ്ഞില്ല. കംപ്ലീറ്റ് വാഷൗട്ട്. മൂന്നാം ദിനവും ഗ്രൗണ്ട് നനഞ്ഞുകിടന്നു. അതോടെ കാൺപൂർ ​ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിലെ ​​ഡ്രെയിനേജ് സംവിധാനത്തെക്കുറിച്ചും മത്സരം കാൺപൂരിൽ നടത്തിയ സംഘാടകർക്കെതിരെയും വിമർശനങ്ങളുയർന്നു. മനംമടുത്ത ക്രിക്കറ്റ് ആരാധകർ തങ്ങളുടെ കണ്ണുകളെ കാൺപൂരിൽ നിന്നും പിൻവലിച്ചു. മൂന്നുദിവസം കൊണ്ട് വെറും 35 ഓവറുകൾ മാത്രം എറിഞ്ഞുതീർത്ത ഈ മത്സരം സമനിലയിലേക്കെന്ന് തന്നെയെന്ന് എല്ലാവരും വിധികുറിച്ചു. പുറമേക്ക് പ്രകടിപ്പിച്ചില്ലെകിലും ബംഗ്ലദേശ് താരങ്ങളുടെ ഉള്ളിൽ സമനിലയെന്ന നേരിയ ആശ്വാസങ്ങൾ പടർന്നിരിക്കണം.

നാലാം ദിനം കാൺപൂരിന്റെ ആകാശത്ത് നിന്നും കാർമേഘങ്ങൾ നീങ്ങിത്തുടങ്ങി. സൂര്യവെളിച്ചം തെളിഞ്ഞു. 107ന് 1എന്ന നിലയിൽ മോമിനുൽ ഹഖും മുഷ്ഫിഖുർഹീമും ഗ്രൗണ്ടിലേക്ക് നടന്നുതുടങ്ങി. ഇന്ത്യൻ ബൗളർമാർ കെണിയൊരുക്കി കാത്തിരിക്കുകായിരുന്നു. ഒരറ്റത്ത് മോമിനുൽ ഹഖ് സെഞ്ച്വറിയുമായി പൊരുതി നോക്കിയെങ്കിലും തീതുപ്പിയ ഇന്ത്യൻ ബൗളർമാർക്ക് മുന്നിൽ ബംഗ്ലദേശ് ബാറ്റിങ് ചാരമായി മാറി. വിജയത്തിൽ കുറഞ്ഞതൊന്നും ഞങ്ങൾ ആഗ്രഹിക്കുന്നില്ലെന്നും അതല്ലാത്ത ഒന്നും സംതൃപ്തി തരില്ലെന്നും ഇന്ത്യൻ താരങ്ങളുടെ മുഖത്ത് നിന്നും വായിച്ചെടുക്കാമായിരുന്നു. ലിറ്റൺ ദാസിനെ വായുവിൽ ഉയർന്നുചാടിപ്പിടിച്ച രോഹിതും ഷാക്കിബിനെ പിറ​കോട്ടോടിപ്പിടിച്ച സിറാജും ഇന്ത്യൻ വീര്യത്തിന് എരിവ് പകർന്നു. ആദ്യ ഇന്നിങ്സിൽ ബംഗ്ലദേശ് 233 റൺസിന് പുറത്ത്.

ഒന്നേമുക്കാൽ ദിവസം മാത്രം ബാക്കിയുള്ള ഈ ടെസ്റ്റിൽ ഇനി എന്തു ചെയ്തിട്ടും കാര്യമില്ല. സമനിലയെന്ന വിധികുറിക്കപ്പെട്ട മത്സരത്തിന്റെ ചീട്ട് കീറാൻ ഇന്ത്യക്കാകില്ലെന്ന് തന്നെ എല്ലാവരും കരുതി. പക്ഷേ രോഹിത് ശർമയും ഗൗതം ഗംഭീറും കുറിച്ചുവെച്ച സ്ക്രിപ്റ്റ് ​വേറെയായിരുന്നു. വെറുതേ ടിവിയിൽ സ്കോർ നോക്കാൻ പോയവരിൽ പലരും ഇന്ത്യൻ ഇന്നിങ്സ് മൊത്തം കണ്ടാണ് എണീറ്റത്.

ആദ്യ ഓവറിൽ തന്നെ മൂന്നുബൗണ്ടറികൾ പായിച്ച് യശസ്വി ജയ്സ്വാളാണ് ഇന്ത്യക്കായി ആമുഖ പ്രസംഗം നടത്തിയത്. സ്റ്റേഡിയത്തിലെ കാണികൾ സീറ്റുകളിൽ അമർന്നിരുന്നു. പിന്നാലെ രണ്ടാം ഓവറിൽ നേരിട്ട ആദ്യ രണ്ട് പന്തും ഗാലറിയ​ിലെ വിരസതക്ക് മേൽ പറത്തിയിറക്കി രോഹിത് ടീമിന്റെ നയം വ്യക്തമാക്കി. ഗില്ലും കോലിയും രാഹുലുമെല്ലാം അതേറ്റുപിടിച്ചു. സ്കോർബോർഡ് അതിവേഗം കുതിച്ചുപാഞ്ഞു. 18 പന്തുകളിൽ 50 ഉം 61 പന്തുകളിൽ100 ഉം തൊട്ടു. 110 പന്തുകളിൽ 150ഉം 146പന്തുകളിൽ 200ഉം പിന്നിട്ടു. റൺസ് ഓരോ പോയന്റിലെത്തുമ്പോഴും സ്ക്രീനിൽ റെക്കോർഡ് അലർട്ടുകൾ തെളിഞ്ഞു. ബംഗ്ലദേശ് ബൗളർമാരുടെ കണ്ണിൽ ​പൊന്നീച്ച പാറിച്ച ഇന്ത്യൻ ബാറ്റർമാർ വെറും 34.4 ഓവറിൽ ഒൻപത് വിക്കറ്റിന് 285 എന്ന നിലയിൽ ലീഡുയർത്തിയാണ് ആദ്യ ഇന്നിങ്സ് മതിയാക്കിയത്.

മുന്നിൽ നാലാംദിനത്തിലെ ഏതാനും ഓവറുകളും ഒരു ദിനവും പിന്നെയും ബാക്കിയുണ്ട്. പക്ഷേ ഇന്ത്യ നടത്തിയ അപ്രതീക്ഷിത കടന്നാക്രമണത്തിൽ തന്നെ ബംഗ്ലദേശ് വിറച്ചുപോയിരുന്നു. അഗ്രസീവ് ഇന്നിങ്സിലൂടെ എതിരാളികൾക്ക് മേൽ ഇന്ത്യ സൈക്കോളജിക്കൽ എഡ്ജ് നേടിയിരുന്നു. നാലാംദിനം തന്നെ ഷാക്കിർ ഹസനെയും ഹസൻ മഹ്മൂദിനെയും പുറത്താക്കി ഇന്ത്യക്ക് വേട്ടക്ക് തുടക്കമിട്ടു.

അഞ്ചാം ദിനം ക്യാപ്റ്റൻ ഏൽപ്പിച്ച പണി സ്പിന്നർമാരായ അശ്വിനും ജദേജയും ഏറ്റെടുത്തു. അവശേഷിച്ചിരുന്നവരെ ജസ്പ്രീത് ബുംറ വന്ന് അരിഞ്ഞിട്ടു. വെറും 146 റൺസിന് ബംഗ്ലദേശ് പുറത്ത്. ബംഗ്ലദേശ് കുറിച്ച 94 റൺസിലെത്താൻ ഇന്ത്യക്ക് ഓവറുകളും സമയവും ഇഷ്ടം പോലെയുണ്ട്. ചടങ്ങുകൾ അവസാനിപ്പിക്കേണ്ട ജോലികൾ മാത്രം ബാക്കി. സമയവും സാഹചര്യവും പരിഗണിക്കുമ്പോൾ ഇന്ത്യയുടെ എക്കാലത്തെയും മികച്ച ടെസ്റ്റ് വിജയങ്ങളിൽ ചേർത്തുവെക്കേണ്ട ഒന്ന്.

ടെസ്റ്റ് ക്രിക്കറ്റിനെ ഹൈലി അഗ്രസീവായി സമീപിക്കുന്ന ഇംഗ്ലണ്ടിന്റെ ബാസ്ബോൾ ശൈലിക്ക് പോലും സാധ്യമാകാത്ത തരത്തിലുള്ള ഇന്നിങ്സാണ് ഇന്ത്യ നടത്തിയത്. ഓവറിൽ 8ന് മുകളിൽ റൺറേറ്റിൽ സ്കോറിങ് നടത്തിയ ആദ്യ ഇന്നിങ്സിലൂടെത്തന്നെ ഇന്ത്യ ഹൃദയങ്ങൾ ജയിച്ചിരുന്നു. മത്സരഫലം അതിനൊരു തിലകക്കുറിയായെന്ന് മാത്രം. ഏതാനും വർഷങ്ങൾക്ക് മുമ്പ് ഇത്തരമൊരു ആറ്റിറ്റ്യൂഡ് ഇന്ത്യക്ക് ചിന്തിക്കാനാകുമായിരുന്നോ? റിസ്കെടുക്കാനുള്ള ആത്മവിശ്വാസക്കുറവ് കാരണം എത്രയോ മത്സരങ്ങൾ നമ്മൾ സമനിലയിലേക്ക് ​കൊണ്ടുപോയിരിക്കുന്നു. മുന്നിലുള്ളത് ഒരു സൂചി മുനമ്പിന്റെ സാധ്യതയാണെങ്കിലും അതിലൂടെ ഉയരുന്ന വെളിച്ചത്തിൽ പ്രതീക്ഷയർപ്പിക്കുക എന്ന സ​ന്ദേശം കൂടി ഈ ഫലം നമുക്ക് തരുന്നുണ്ട്.  

Tags:    

Writer - safvan rashid

Senior Content Writer

Editor - safvan rashid

Senior Content Writer

By - Sports Desk

contributor

Similar News