ചെന്നൈ ടെസ്റ്റിൽ അശ്വിന് ആറു വിക്കറ്റ്;ബംഗ്ലാദേശിനെ 280 റൺസിന് തകർത്ത് ഇന്ത്യ

സെഞ്ച്വറിയും ആറുവിക്കറ്റും നേടിയ ആർ അശ്വിൻ കളിയിലെ താരമായി

Update: 2024-09-22 07:15 GMT
Editor : Sharafudheen TK | By : Sports Desk
Advertising

ചെന്നൈ: ബംഗ്ലാദേശിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് 280 റൺസിന്റെ തകർപ്പൻ ജയം. 515 റൺസ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്‌സിൽ ബാറ്റിങിനിറങ്ങിയ സന്ദർശർ നാലാം ദിനം 234 റൺസിന് ഓൾ ഔട്ടായി. 82 റൺസെടുത്ത ക്യാപ്റ്റൻ നജ്മുൾ ഹൗസൈൻ ഷാൻറോ മാത്രമാണ് ബംഗ്ലാദേശിനായി പൊരുതിയത്. ഇന്ത്യക്കായി ആദ്യ ഇന്നിംഗ്‌സിൽ സെഞ്ചുറി നേടിയ അശ്വിൻ രണ്ടാം ഇന്നിംഗ്‌സിൽ ആറ് വിക്കറ്റ് വീഴ്ത്തി ബൗളിങിലും കരുത്തുകാട്ടി. രവീന്ദ്ര ജഡേജ മൂന്ന് വിക്കറ്റെടുത്തു. ജയത്തോടെ രണ്ട് മത്സര പരമ്പരയിൽ ഇന്ത്യ 1-0ന് മുന്നിലെത്തി. പരമ്പരയിലെ രണ്ടാം ടെസ്റ്റ് 27ന് കാൺപൂരിൽ നടക്കും. സ്‌കോർ ഇന്ത്യ : 276, 287-4, ബംഗ്ലാദേശ് 149, 234.

നാലിന് 158 എന്ന നിലയിൽ നാലാം ദിനം ക്രീസിലിറങ്ങിയ ബംഗ്ലാദേശിന് ഷാക്കിബ് അൽ ഹസന്റെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. 25 റൺസെടുത്ത ഷാക്കിബിനെ അശ്വിൻ ജയ്‌സ്വാളിന്റെ കൈകളിലെത്തിച്ചു. പിന്നാലെ ലിറ്റൺ ദാസിനെ(1) ജഡേജ പുറത്താക്കി. മെഹ്ദി ഹസൻ മിറാസിനെ(8) പുറത്താക്കി അശ്വിൻ അഞ്ച് വിക്കറ്റ് തികച്ചു. പിന്നാലെ ടസ്‌കിൻ അഹമ്മദിനെക്കൂടി പുറത്താക്കി വിക്കറ്റ് നേട്ടം ആറാക്കി ഉയർത്തി. ഹസൻ മെഹ്‌മൂദിനെ വീഴ്ത്തി ജഡേജ ബംഗ്ലാദേശ് ഇന്നിംഗ്‌സ് അവസാനിപ്പിച്ചു.

കൂറ്റൻ വിജയലക്ഷ്യം പിന്തുടരാനിറങ്ങിയ ബംഗ്ലാദേശിന് ഓപ്പണർമാർ ഭേദപ്പെട്ട തുടക്കമാണ് നൽകിയത്. എന്നാൽ സാകിർ ഹസൻ (33) ഷദ്മാൻ ഇസ്‌ലാം (35) സഖ്യം വീണതോടെ തകർച്ച തുടരുകയായിരുന്നു. പാകിസ്താനെ അവരുടെ മണ്ണിൽ തകർത്ത് ചരിത്രവിജയം സ്വന്തമാക്കിയാണ് ബംഗ്ലാദേശ് ഇന്ത്യക്കെതിരെ ടെസ്റ്റ് കളിക്കാനെത്തിയത്.

Tags:    

Writer - Sharafudheen TK

contributor

Editor - Sharafudheen TK

contributor

By - Sports Desk

contributor

Similar News