തകർത്തടിച്ച് ജയ്‌സ്വാളും രോഹിതും; ധരംശാല ടെസ്റ്റിൽ ഇന്ത്യക്ക് മേൽക്കൈ
കുൽദീപ് യാദവും ആർ അശ്വിനും ചേർന്നാണ് ഇംഗ്ലണ്ടിനെ തകർത്തത്.
ധരംശാല: ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റിൽ ഇന്ത്യ മികച്ച നിലയിൽ. ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 218ന് മറുപടി ബാറ്റിങിനിറങ്ങിയ ആതിഥേയർ ആദ്യദിനം സ്റ്റമ്പെടുക്കുമ്പോൾ 135-1 എന്ന നിലയിലാണ്. 52 റൺസുമായി ക്യാപ്റ്റൻ രോഹിത് ശർമ്മയും 26 റൺസുമായി ശുഭ്മാൻ ഗിലുമാണ് ക്രീസിൽ. 57 റൺസെടുത്ത യശസ്വി ജയ്‌സ്വാളിനെ ഷുഹൈബ് ബഷീർ പുറത്താക്കി.
അവസാന ടെസ്റ്റിൽ ഒരുപിടി നേട്ടങ്ങളാണ് ഇന്ത്യൻ യുവ ഓപ്പണർ സ്വന്തമാക്കിയത്. ഇംഗ്ലണ്ടിനെതിരെ ഒരു പരമ്പരയിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമെന്ന റെക്കോർഡ് 22 കാരൻ സ്വന്തമാക്കി. ടെസറ്റ് ക്രിക്കറ്റിൽ വേഗത്തിൽ 1000 റൺസ് തികയ്ക്കുന്ന ഇന്ത്യൻ താരം എന്ന നേട്ടവും ധരംശാലയിൽ ജയ്‌സ്വാൾ കൈവരിച്ചു. നേരത്തെ ടോസ് നേടി ബാറ്റിങ് തുടങ്ങിയ സന്ദർശകരെ ഇന്ത്യൻ സ്പിൻ ത്രയത്തിന് മുന്നിൽ കറങ്ങിവീഴുകയായിരുന്നു. കുൽദീപ് യാദവ് അഞ്ച് വിക്കറ്റും നൂറാം ടെസ്റ്റ് കളിക്കുന്ന ആർ അശ്വിൻ നാല് വിക്കറ്റും നേടി. അവശേഷിക്കുന്ന വിക്കറ്റ് രവീന്ദ്രജഡേജയും കൈക്കലാക്കി. ഇംഗ്ലണ്ട് നിരയിൽ സാക് ക്രൗലി മാത്രമാണ് (79) പിടിച്ചുനിന്നത്.
സന്ദർശകരുടെ തുടക്കം മികച്ചതായിരുന്നെങ്കിലും മധ്യനിര ചീട്ടുകൊട്ടാരം പോലെ തകർന്നടിയുകയായിരുന്നു ഒരു ഘട്ടത്തിൽ 175ന് മൂന്ന് എന്ന സ്‌കോറിൽ നിന്നാണ് ഇംഗ്ലണ്ടിന്റെ വൻവീഴ്ച. ബോർഡിൽ 43 റൺസ്‌കൂടി ചേർക്കുന്നതിനിടെ അവസാന ഏഴ് വിക്കറ്റുകളാണ് ത്രീലയൺസിന് നഷ്ടമായത്. ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് പൂജ്യത്തിന് മടങ്ങി. നൂറാം ടെസ്റ്റ് കളിക്കുന്ന ജോണി ബെയിസ്റ്റോയ്ക്ക് മികച്ച തുടക്കം ലഭിച്ചെങ്കിലും (29) റൺസിൽ നിൽക്കെ കുൽദീപ് വിക്കറ്റ് കീപ്പർ ധ്രുവ് ജുറേലിന്റെ കൈയിലെത്തിച്ചു. ബെൻ ഡക്കട്ട് (27), ജോറൂട്ട് (26), എന്നിവരും വലിയ ഇന്നിങ്സ് പടുത്തുയർത്താതെ മടങ്ങിയതോടെ മൂന്നാം സെഷൻ തുടക്കത്തിൽതന്നെ ഇംഗ്ലണ്ട് കൂടാരം കയറി.
അതേസമയം, അവസാന ടെസ്റ്റിൽ ഇന്ത്യയ്ക്കായി മലയാളി താരം ദേവ്ദത്ത് പടിക്കൽ അരങ്ങേറ്റം കുറിച്ചു. ഇതോടെ ഇംഗ്ലണ്ട് പരമ്പരയിൽ അഞ്ചാം താരത്തിനാണ് ആതിഥേയർ അവസരം നൽകിയത്. നേരത്തെ സർഫറാസ് ഖാൻ, ധ്രുവ് ജുറേൽ, ആകാശ്ദീപ്,രജത് പടിദാർ എന്നിവർ ടെസ്റ്റ് ക്യാപ് അണിഞ്ഞിരുന്നു. ബൗളിങ് നിരയിൽ ബുംറ തിരിച്ചെത്തിയപ്പോൾ ആകാശ് ദീപ് പുറത്തായി. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ നേരത്തെ (3-1) സ്വന്തമാക്കിയിരുന്നു.