ധരംശാല ടെസ്റ്റിൽ പിടിമുറുക്കി ഇന്ത്യ; അരങ്ങേറ്റം ഗംഭീരമാക്കി പടിക്കൽ

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇംഗ്ലണ്ട് ഇന്ത്യൻ സ്പിൻ കെണിയിൽ വീഴുകയായിരുന്നു.

Update: 2024-03-08 11:57 GMT
Editor : Sharafudheen TK | By : Web Desk
Advertising

ധരംശാല: ഇംഗ്ലണ്ടിനെതിരായ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ ശക്തമായ നിലയിൽ. രണ്ടാംദിനം കളി അവസാനിക്കുമ്പോൾ ആതിഥേയർ 473-8 എന്ന നിലയിലാണ്. കുൽദീപ് യാദവ് (27),ജസ്പ്രീത് ബുംറ(19) എന്നിവരാണ് ക്രീസിൽ. ഇംഗ്ലണ്ടിനായി ഷുഐബ് ബഷീർ നാല് വിക്കറ്റും ടോം ഹാർട്‌ലി രണ്ടുവിക്കറ്റും വീഴ്ത്തി. 135-1 എന്ന സ്‌കോറിൽ രണ്ടാം ദിനം ബാറ്റിങ് തുടങ്ങിയ ഇന്ത്യ ബാസ്ബോൾ ശൈലിയിൽ തകർത്തടിച്ചാണ് മുന്നേറിയത്.

ക്യാപ്റ്റൻ രോഹിത് ശർമ്മയും (103) ശുഭ്മാൻ ഗിലും (110) സെഞ്ചുറി നേടി. ആദ്യ സെഷനിൽതന്നെ ലീഡ് സ്വന്തമാക്കിയ രോഹിതും സംഘവും ഏകദിന ശൈലിയിലാണ് പിന്നീട് കളിച്ചത്. ഇംഗ്ലീഷ് പേസ്ബൗളർമാരായ മാർക്ക് വുഡിനേയും ജെയിസ് ആൻഡേഴ്‌സനേയും കണക്കിന് പ്രഹരിച്ചു. ഒടുവിൽ 275ൽ നിൽക്കെയാണ് ഈ  കൂട്ടുകെട്ട് പൊളിക്കാനായത്. തൊട്ടുപിന്നാലെ ഗിലും മടങ്ങിയെങ്കിലും അർധ സെഞ്ചുറി നേടിയ സർഫറാസ് ഖാനും(56),ദേവ്ദത്ത് പടിക്കലും(65)ചേർന്ന് ഇന്ത്യൻ സ്‌കോർ 300 കടത്തി. ആദ്യ ടെസ്റ്റ് കളിക്കുന്ന മലയാളിതാരം പടിക്കൽ 103 പന്തിൽ പത്തു ബൗണ്ടറിയും ഒരുസിക്‌സറും സഹിതമാണ് ഫിഫ്റ്റി കുറിച്ചത്.

60 പന്തിൽ എട്ട് ഫോറും ഒരു സിക്‌സും സഹിതമാണ് പരമ്പരയിൽ ഒരിക്കൽകൂടി യുവതാരം തിളങ്ങിയത്. രവീന്ദ്ര ജഡേജ(15),ധ്രുവ് ജുറേൽ(15), ആർ അശ്വിൻ(0)വേഗത്തിൽ മടങ്ങിയെങ്കിലും കുൽദീപും ബുംറയും ചേർന്നുള്ള പത്താംവിക്കറ്റ് കൂട്ടുകെട്ട് ഇന്നിങ്‌സ് മുന്നോട്ട് കൊണ്ടുപോയി. അർധസെഞ്ചുറി തികച്ച യശസ്വി ജയ്സ്വാളിന്റെ വിക്കറ്റ്(57) ആദ്യദിനം നഷ്ടമായിരുന്നു. നേരത്തെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇംഗ്ലണ്ട് ഇന്ത്യൻ സ്പിൻ കെണിയിൽ വീഴുകയായിരുന്നു. കുൽദീപ് യാദവ് അഞ്ചുവിക്കറ്റും നൂറാം ടെസ്റ്റ് കളിക്കുന്ന ആർ അശ്വിൻ നാല് വിക്കറ്റും സ്വന്തമാക്കി. 71 റൺസെടുത്ത ഓപ്പണർ സാക്ക് ക്രോലിക്ക് മാത്രമാണ് പിടിച്ചുനിൽക്കാനായത്. അഞ്ച് ടെസ്റ്റ് പരമ്പര നേരത്തെ (3-1) ഇന്ത്യ സ്വന്തമാക്കിയിരുന്നു

Tags:    

Writer - Sharafudheen TK

contributor

Editor - Sharafudheen TK

contributor

By - Web Desk

contributor

Similar News