ധരംശാലയിലും തകർന്നടിഞ്ഞ് ഇംഗ്ലണ്ട്; 218ന് പുറത്ത്, കുൽദീപ് യാദവിന് അഞ്ച് വിക്കറ്റ്
ഒരു ഘട്ടത്തിൽ 175ന് മൂന്ന് എന്ന സ്‌കോറിൽ നിന്നാണ് സന്ദർശകർ ഓൾഔട്ടായത്.
ധരംശാല: ഇന്ത്യക്കെതിരായ അഞ്ചാം ടെസ്റ്റിൽ ഇംഗ്ലണ്ടിന് ബാറ്റിങ് തകർച്ച. ആദ്യ ഇന്നിങ്‌സ് 57.4 ഓവറിൽ 218 റൺസിൽ അവസാനിച്ചു. ഇന്ത്യക്കായി കുൽദീപ് യാദവ് അഞ്ച് വിക്കറ്റ് വീഴ്ത്തി. നൂറാം ടെസ്റ്റ് കളിക്കുന്ന സ്പിന്നർ ആർ അശ്വിൻ നാല് വിക്കറ്റുമായി ആദ്യദിനം അവിസ്മരണീയമാക്കി. ഇംഗ്ലണ്ട് നിരയിൽ സാക് ക്രൗലി മാത്രമാണ് (79) പിടിച്ചുനിന്നത്.
നേരത്തെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത സന്ദർശകരുടെ തുടക്കം മികച്ചതായിരുന്നു. എന്നാൽ രണ്ടാം സെഷനിൽ പിടിമുറിക്കിയ ഇന്ത്യ മധ്യനിരയേയും വാലറ്റത്തേയും വേഗത്തിൽ കൂടാരം കയറ്റി. ഒരു ഘട്ടത്തിൽ 175ന് മൂന്ന് എന്ന സ്‌കോറിൽ നിന്നാണ് ഇംഗ്ലണ്ട് തകർന്നടിഞ്ഞത്. സ്‌കോർ ബോർഡിൽ 43 റൺസ്‌കൂടി ചേർക്കുന്നതിനിടെ അവസാന ഏഴ് വിക്കറ്റുകൾ ത്രീലയൺസിന് നഷ്ടമായി. ക്യാപ്റ്റൻ ബെൻ സ്റ്റോക്‌സ് പൂജ്യത്തിന് മടങ്ങി. നൂറാം ടെസ്റ്റ് കളിക്കുന്ന ജോണി ബെയിസ്‌റ്റോയ്ക്ക് മികച്ച തുടക്കം ലഭിച്ചെങ്കിലും (29) റൺസിൽ നിൽക്കെ കുൽദീപ് വിക്കറ്റ് കീപ്പർ ധ്രുവ് ജുറേലിന്റെ കൈയിലെത്തിച്ചു. ബെൻ ഡക്കട്ട് (27), ജോറൂട്ട് (26), എന്നിവരും വലിയ ഇന്നിങ്‌സ് പടുത്തുയർത്താതെ മടങ്ങിയതോടെ മൂന്നാം സെഷനിൽ ഇംഗ്ലണ്ട് ഓൾഔട്ടായി.
അതേസമയം, അവസാന ടെസ്റ്റിൽ ഇന്ത്യയ്ക്കായി മലയാളി താരം ദേവ്ദത്ത് പടിക്കൽ അരങ്ങേറ്റം കുറിച്ചു. ഇതോടെ ഇംഗ്ലണ്ട് പരമ്പരയിൽ അഞ്ചാം താരത്തിനാണ് ആതിഥേയർ അവസരം നൽകിയത്. നേരത്തെ സർഫറാസ് ഖാൻ, ധ്രുവ് ജുറേൽ, ആകാശ്ദീപ്,രജത് പടിദാർ എന്നിവർ ടെസ്റ്റ് ക്യാപ് അണിഞ്ഞിരുന്നു. ബൗളിങ് നിരയിൽ ബുംറ തിരിച്ചെത്തിയപ്പോൾ ആകാശ് ദീപ് പുറത്തായി. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ നേരത്തെ (3-1) സ്വന്തമാക്കിയിരുന്നു.