റാഞ്ചി ടെസ്റ്റിൽ അരങ്ങേറ്റക്കാരൻ ആകാശ് ദീപിന് സ്വപ്‌ന തുടക്കം; ഇംഗ്ലണ്ടിന് മങ്ങിയ തുടക്കം
സന്ദർശകരുടെ മുൻനിര ബാറ്റർമാർ യുവതാരത്തിന് മുന്നിൽ തകർന്നു
റാഞ്ചി: റാഞ്ചി ടെസ്റ്റിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇംഗ്ലണ്ടിന് മങ്ങിയ തുടക്കം. ആദ്യ പതിനഞ്ച് ഓവറിൽ തന്നെ മൂന്ന് മുൻനിര വിക്കറ്റ് നഷ്ടമായി. അരങ്ങേറ്റ ടെസ്റ്റ് കളിക്കുന്ന ഇന്ത്യൻ പേസർ ആകാശ് ദീപിനാണ് മൂന്ന് വിക്കറ്റും. ഓപ്പണർ ബെൻ ഡക്കറ്റ് 11 റൺസെടുത്തും ഒലീ പോപ്പ് പൂജ്യത്തിനും പുറത്തായി. മികച്ച തുടക്കം ലഭിച്ച സാക് ക്രോളിയെ 42 റൺസിൽ നിൽക്കെ യുവ പേസർ ക്ലീൻ ബൗൾഡാക്കി. ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഇംഗ്ലണ്ട് 100-3 എന്ന നിലയിലാണ്.
നേരത്തെ, തന്റെ രണ്ടാം ഓവറിലെ അഞ്ചാം പന്തിൽ തന്നെ ആകാശ് ദീപ് ഇംഗ്ലണ്ട് ഓപ്പണർ സാക് ക്രോളിയെ ബൗൾഡാക്കിയെങ്കിലും നോബൗളാകുകയായിരുന്നു. മൂന്നാം ടെസ്റ്റിൽ കളിച്ച ജസ്പ്രീത് ബുംറക്ക് വിശ്രമം അനുവദിച്ചതിനാലാണ് ഇന്ത്യ ആകാശ് ദീപിന് ഇന്ന് ടെസ്റ്റ് അരങ്ങേറ്റത്തിന് അവസരം നൽകിയത്.
മുൻ ടെസ്റ്റുകളിലേതുപോലെതന്നെ സ്പിന്നിനെ തുണക്കുന്നതാണ് റാഞ്ചിയിലേയും പിച്ച്. ഇംഗ്ലണ്ട് ടീമിൽ കഴിഞ്ഞ മത്സരം കളിച്ച മാർക്ക് വുഡിന് പകരം ഒലി റോബിൻസൺ പ്ലേയിംഗ് ഇലവനിലെത്തിയപ്പോൾ റെഹാൻ അഹമ്മദിന് പകരം ഷുഹൈബ് ബഷീറും സ്പിന്നറായി ടീമിലെത്തി. കഴിഞ്ഞ രണ്ട് ടെസ്റ്റുകളിലും നിരാശപ്പെടുപത്തിയ രജത് പാടീദാർ പ്ലേയിംഗ് ഇലവനിൽ സ്ഥാനം നിലനിർത്തയപ്പോൾ മലയാളി താരം ദേവ്ദത്ത് പടിക്കലിന് പ്ലേയിംഗ് ഇലവനിൽ അവസരം ലഭിച്ചില്ല.