രോഹിത് ശര്‍മയ്ക്ക് സെഞ്ച്വറി; ജഡേജക്ക് അര്‍ധ സെഞ്ച്വറി; ഇന്ത്യ മികച്ച നിലയില്‍
കരിയറിലെ പതിനൊന്നാം ടെസ്റ്റ് സെഞ്ച്വറിയാണ് രാജ്കോട്ടില്‍ രോഹിത് ശര്‍മ്മ നേടിയത്
രാജ്‌കോട്ട്: കരിയറിലെ പതിനൊന്നാം ടെസ്റ്റ് സെഞ്ച്വറിയുമായി രോഹിത് ശർമ്മ. ഇംഗ്ലണ്ടിനെതിരായ രാജ്‌കോട്ട് ടെസ്റ്റിൽ ക്യാപ്റ്റൻ മുന്നിൽ നിന്ന് നയിക്കുമ്പോൾ ഇന്ത്യ, മികച്ച സ്‌കോറിലേക്കാണ് നീങ്ങുന്നത്.
ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 206 റൺസെന്ന നിലയിലാണ്. 113 റൺസുമായി രോഹിത് ശർമ്മയും 72 റൺസുമായി രവീന്ദ്ര ജഡേജയുമാണ് ക്രീസിൽ. രണ്ടാം ടെസ്റ്റിൽ ഡബിൾ സെഞ്ച്വറി നേടിയ യശസ്വി ജയ്‌സ്വാൾ(10) ശുഭ്മാൻ ഗിൽ(0) രജത് പാട്ടിദാർ(5) എന്നിവരാണ് പുറത്തായത്.
33ന് മൂന്ന് എന്ന നിലയിൽ തകർന്ന ഇന്ത്യയെ രോഹിത്-ജഡേജ സഖ്യം കൈപിടിച്ചുയർത്തുകയായിരുന്നു. 180 റൺസിന്റെ കൂട്ടുകെട്ടാണ് നാലാം വിക്കറ്റിൽ ഇരുവരും ഇതുവരെ എഴുതിച്ചേർത്തത്.
നാലാം ഓവറില്‍ മാര്‍ക്ക് വുഡിന്റെ പന്തില്‍ ജോ റൂട്ടിന് ക്യാച്ച് നല്‍കിയാണ് യശസ്വി ജയ്‌സ്വാള്‍ മടങ്ങിയത്. പിന്നാലെയെത്തിയ ശുഭ്മാന്‍ ഗില്‍ നിരാശപ്പെടുത്തുകയായിരുന്നു. അക്കൌണ്ട് തുറക്കുംമുമ്പെ മാര്‍ക്ക് വുഡിനു വിക്കറ്റ് സമ്മാനിച്ചു. അഞ്ച് റണ്‍സെടുത്ത രജത് പാട്ടിദറിനെ ടോം ഹാര്‍ട്ട്‌ലിയും മടക്കിയതോടെയാണ് ഇന്ത്യ പതറിയത്.