ബാസ്‌ബോൾ പൊട്ടി പാളീസായ ആദ്യ പരമ്പര; ഇംഗ്ലണ്ടിന്റെ അഹങ്കാരത്തിനേറ്റ തിരിച്ചടി
മക്കല്ലം പരിശീലകനും സ്റ്റോക്‌സ് ക്യാപ്റ്റനുമായതിന് ശേഷം ഇതുവരെ ഇംഗ്ലണ്ട് കളിച്ച 22 ടെസ്റ്റുകളിൽ 14 എണ്ണം ജയിച്ചപ്പോൾ ഏഴെണ്ണമാണ് തോറ്റത്.
റാഞ്ചി: കുന്നോളം പ്രതീക്ഷകളുമായാണ് ഇംഗ്ലണ്ട് ടീം ടെസ്റ്റ് പരമ്പരക്കായി ഇന്ത്യയിലേക്കെത്തിയത്. തങ്ങളുടെ ബാസ്‌ബോൾ ശൈലി ഇവിടെയും പ്രയോഗിച്ച് പരമ്പര സ്വന്തമാക്കാമെന്നതായിരുന്നു ക്യാപ്റ്റൻ ബെൻ സ്റ്റോക്‌സ്-കോച്ച് ബ്രെണ്ടൻ മക്കല്ലം കൂട്ടുകെട്ടിലൂടെ പ്രതീക്ഷിച്ചത്. ഹൈദരാബാദ് ടെസ്റ്റിൽ ആതിഥേയരെ അപ്രതീക്ഷിതമായി തോൽപിച്ച് കരുത്ത് കാണിക്കുകയും ചെയ്തു. എന്നാൽ വിശാഖപട്ടണത്തെ രണ്ടാം ടെസ്റ്റ് മുതൽ കഥമാറുന്നതാണ് കണ്ടത്. ഇംഗ്ലണ്ട് തന്ത്രങ്ങൾക്ക് മറുമരുന്നൊരുക്കി ഇന്ത്യയുടെ തിരിച്ചു വരവ്. ബാസ്‌ബോൾ ശൈലിയിൽ തിരിച്ചടിച്ചും പ്രതിരോധ മതിൽ തീർത്ത് ചെറുത്ത് നിൽപ്പ് നടത്തിയും സ്പിന്നിൽ കറക്കി വീഴ്ത്തിയും ഇംഗ്ലീഷ് പരീക്ഷ അനായസമെഴുതി.
ഒടുവിൽ റാഞ്ചിയിലെ നാലാം ടെസ്റ്റിലും വിജയഗാഥ. ബാസ്‌ബോൾ യുഗത്തിൽ ഇംഗ്ലണ്ട് ടീമിന് നഷ്ടമാവുന്ന ആദ്യ ടെസ്റ്റ് പരമ്പരയാണിത്. ബാസ്‌ബോൾ ശൈലി നടപ്പാക്കിയ ശേഷം ഇംഗ്ലണ്ടിനെതിരെ പരമ്പര സ്വന്തമാക്കുന്ന ആദ്യ നായകനെന്ന അപൂർവ നേട്ടവും രോഹിത് ശർമ സ്വന്തമാക്കി. പല ഘട്ടത്തിലും ബാസ്‌ബോളിനെ കൈവിടുന്ന സന്ദർശകരേയും പരമ്പരയിൽ കണ്ടു. റാഞ്ചിയിൽ സെഞ്ചുറി നേടിയ ജോ റൂട്ടിന്റെ ഇന്നിങ്‌സ് സ്ഥിരം ശൈലിയിൽ നിന്നു മാറിയായിരുന്നു.
ബ്രെണ്ടൻ മക്കല്ലം ഇംഗ്ലണ്ട് പരിശീലകനും ബെൻ സ്റ്റോക്‌സ് ഇംഗ്ലണ്ട് ക്യാപ്റ്റനുമായതിന് ശേഷം ഇതുവരെ ഇംഗ്ലണ്ട് കളിച്ച 22 ടെസ്റ്റുകളിൽ 14 എണ്ണം ജയിച്ചപ്പോൾ ഏഴെണ്ണമാണ് തോറ്റത്. ബാസ്‌ബോൾ യുഗത്തിൽ കളിച്ച എട്ട് ടെസ്റ്റ് പരമ്പരകളിൽ അഞ്ചെണ്ണം നടന്നത് ഇംഗ്ലണ്ടിലായിരുന്നു. ഇതിൽ മൂന്നെണ്ണം ഇംഗ്ലണ്ട് ജയിച്ചപ്പോൾ രണ്ട് പരമ്പരകൾ സമനിലയായി.
2022ൽ പാകിസ്താനിലും ന്യൂസിലൻഡിലും ബാസ്‌ബോളിന് എതിരില്ലായിരുന്നു. കഴിഞ്ഞ വർഷത്തെ ന്യൂസിലാൻഡ് പര്യടനം സമനിലയിലാക്കാനും (1-1) മക്കല്ലം-സ്റ്റോക്‌സ് കൂട്ടു കെട്ടിനായി. ആഷസ് പരമ്പരക്കായി ആസ്‌ത്രേലിയ ഇംഗ്ലണ്ടിലെത്തിയപ്പോഴും അതിവേഗ ബാറ്റിങ് ശൈലി തുടരാനായിരുന്നു തീരുമാനം. ഫലം 2-2 സമനില. 12 വർഷത്തിന് ശേഷം ഇന്ത്യയിൽ ടെസ്റ്റ് പരമ്പര ലക്ഷ്യമിട്ട് എത്തിയ സ്‌റ്റോക്‌സിനും സംഘത്തിനും നേരിടേണ്ടിവന്നത് യശസ്വി ജെയ്‌സ്വാൾ, ശുഭ്മാൻ ഗിൽ, സർഫറാസ് ഖാൻ, ധ്രുവ് ജുറേൽ ഉൾപ്പെടെയുള്ള യുവതാരങ്ങളെ. ബൗളിങിൽ വെറ്ററൻ താരം ആർ അശ്വിനും ഓൾ റൗണ്ടർ രവീന്ദ്ര ജഡേജയും ജസ്പ്രീത് ബുംറയും ബാസ്‌ബോളിന്റെ കാറ്റൂരി. മുൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയും കെഎൽ രാഹുലുമില്ലാതെ പരമ്പര സ്വന്തമാക്കാനായത് ട്വന്റി 20 ലോകകപ്പ് വരാനിരിക്കെ രോഹിത് ശർമ്മക്ക് പ്രതീക്ഷ നൽകുന്നതായി.