രണ്ടാം ടെസ്റ്റിൽ ഇംഗ്ലീഷ് മരുന്നിന് വീര്യം കൂടുമോ; അപൂർവ്വ നീക്കത്തിനൊരുങ്ങി സ്റ്റോക്‌സ്-മക്കല്ലം കൂട്ടുകെട്ട്

ഹൈദരാബാദ് ടെസ്റ്റിൽ അശ്വിൻ-ജഡേജ-അക്‌സർ കൂട്ടുകെട്ടാണ് ഇന്ത്യ പരീക്ഷിച്ചത്. ഇതേ മാതൃകയിൽ മുന്ന് സ്പിന്നർമാരെ ഇംഗ്ലണ്ടും പ്ലെയിങ് ഇലവനിൽ ഇറക്കി

Update: 2024-02-01 07:34 GMT
Editor : Sharafudheen TK | By : Web Desk
Advertising

വിശാഖപട്ടണം: ടെസ്റ്റ് ക്രിക്കറ്റിൽ ഇംഗ്ലണ്ടിനായി അത്ഭുതങ്ങൾ തീർത്ത സഖ്യമാണ് ബെൻ സ്റ്റോക്‌സ്-ബ്രെണ്ടൻ മക്കല്ലം. വേഗത്തിൽ റൺസ് സ്‌കോർ ചെയ്യുന്ന ബാസ്‌ബോൾ ശൈലി വിജയകരമായി ആവിഷ്‌കരിച്ചതു മുതൽ ക്യാപ്റ്റൻ-കോച്ച് കൂട്ടുകെട്ട് ശ്രദ്ധിക്കപ്പെട്ടിരുന്നു. ഓരോ മാച്ചിനു മുൻപും തന്ത്രങ്ങൾ നടപ്പിലാക്കുന്നതിൽ മിടുക്കുള്ളവർ. ഇന്ത്യൻ പര്യടനത്തിലേക്കെത്തുമ്പോഴും ഇതിന് മാറ്റമില്ല. ഹൈദരാബാദ് ടെസ്റ്റ് നാലാംദിനം ഇന്ത്യയിൽ നിന്ന് വഴുതി പോയതിന് കാരണവും ഈ തന്ത്രങ്ങളാണ്. ഇപ്പോഴിതാ നാളെ നടക്കുന്ന വിശാഖപട്ടണം ടെസ്റ്റിൽ അപൂർവ്വ നീക്കങ്ങളുണ്ടാകുമെന്ന സൂചന നൽകി ബ്രെണ്ടൻ മക്കല്ലം രംഗത്തെത്തിയിരിക്കുന്നു. പ്ലേയിംഗ് ഇലവനിൽ നാലു സ്പിന്നർമാരെ കളിപ്പിക്കാനാണ് സന്ദർശകർ ഒരുങ്ങുന്നത്. സ്പിന്നിനെ തുണക്കുന്ന പിച്ചിൽ ഇന്ത്യൻ നീക്കങ്ങൾക്ക് മറുതന്ത്രമൊരുക്കുകയാണ് ലക്ഷ്യം.

ഹൈദരാബാദ് ടെസ്റ്റിൽ അശ്വിൻ-ജഡേജ-അക്‌സർ പട്ടേൽ കൂട്ടുകെട്ടാണ് ഇന്ത്യ പരീക്ഷിച്ചത്. ഇതേ മാതൃകയിൽ മുന്ന് സ്പിന്നർമാരെ ഇംഗ്ലണ്ടും പ്ലെയിങ് ഇലവനിൽ ഇറക്കി. ഇത് വിജയമായതോടെയാണ് മറ്റൊരു സ്പിന്നറെ കൂടി കളിപ്പിക്കാൻ ആലോചിക്കുന്നത്. വിസ പ്രശ്‌നം കാരണം ആദ്യ ടെസ്റ്റിൽ ലഭ്യമല്ലാതിരുന്ന ഷൊയ്ബ് ബാഷിറിനെ ഉൾപ്പെടുത്താനാണ് ആലോചന. അങ്ങനെയെങ്കിൽ പേസർ മാർക്ക് വുഡ് പുറത്തിരിക്കേണ്ടിവരും.

ആദ്യ ടെസ്റ്റിൽ ഒരുവിക്കറ്റ് പോലും നേടാൻ വുഡിന് കഴിഞ്ഞിരുന്നില്ല. ജാക്ക് ലീച്ച്, ടോം ഹാർട്ലി, റെഹാൻ അഹമ്മദ്, ഷൊയ്ബ് ബാഷിർ എന്നിവരടങ്ങുന്ന ബൗളിംഗ് നിരയുമായിട്ടായിരിക്കും ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റിനിറങ്ങുക. പരിക്ക് കാരണം ജാക്ക് ലീച്ച് മാറുകയാണെങ്കിൽ മാത്രമാകും പേസ്ബൗളർക്ക് അവസരമൊരുങ്ങുക. അഞ്ചാം ബൗളറായി ജോ റൂട്ടിന്റെ സേവനുമുണ്ടാകും. ഹൈദരാബാദിൽ ബാറ്റിങിൽ തിളങ്ങിയില്ലെങ്കിലും ഇംഗ്ലണ്ടിനായി നിർണായക വിക്കറ്റുകൾ വീഴ്ത്തി റൂട്ട് ശ്രദ്ധേയ പ്രകടനം നടത്തിയിരുന്നു. നാലു സ്പിന്നർമാരെ പ്ലേയിംഗ് ഇലവനിൽ ഉൾപ്പെടുത്തിയാൽ ഇംഗ്ലണ്ട് ടെസ്റ്റ് ചരിത്രത്തിലെ തന്നെ അപൂർവ്വതക്കാകും വിശാഖപട്ടണം വൈ.എസ് രാജശേഖര റെഡ്ഡി എസിഎ സ്റ്റേഡിയം സാക്ഷ്യംവഹിക്കുക.

Tags:    

Writer - Sharafudheen TK

contributor

Editor - Sharafudheen TK

contributor

By - Web Desk

contributor

Similar News