ബുമ്രക്ക് ആറു വിക്കറ്റ്; വിശാഖപട്ടണം ടെസ്റ്റിൽ ഇംഗ്ലണ്ട് 253ന് പുറത്ത്, ഇന്ത്യക്ക് മേൽക്കൈ
കുൽദീപ് യാദവ് മൂന്നും അക്‌സർ പട്ടേൽ ഒരുവിക്കറ്റുമായി പിന്തുണ നൽകി. ഇംഗ്ലണ്ടിനായി സാക്ക് ക്രോളി 76 റൺസ് നേടി ടോപ് സ്‌കോററായി.
വിശാഖപട്ടണം: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് മേൽക്കെ. ആതിഥേയരുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 396ന് മറുപടിയുമായി ഇറങ്ങിയ ഇംഗ്ലണ്ട് പോരാട്ടം 253 ൽ അവസാനിച്ചു. ഇതോടെ ഇന്ത്യക്ക് ഒന്നാം ഇന്നിങ്‌സിൽ 143 റൺസ് ലീഡായി. ജസ്പ്രീത് ബുമ്ര ആറു വിക്കറ്റുമായി ഇംഗ്ലണ്ടിന്റെ നടുവൊടിച്ചു. സ്പിന്നർമാകരായ കുൽദീപ് യാദവ് മൂന്നും അക്‌സർ പട്ടേൽ ഒരുവിക്കറ്റുമായി പിന്തുണ നൽകി. സന്ദർശക നിരയിൽ 76 റൺസുമായി സാക് ക്രോളി ടോപ് സ്‌കോററായി.
നേരത്തെ 336-6 എന്ന സ്‌കോറിൽ രണ്ടാം ദിനം ക്രീസിലിറങ്ങിയ ഇന്ത്യക്കായി ആദ്യ സെഷനിൽ തന്നെ ജയ്‌സ്വാൾ ഇരട്ട സെഞ്ചുറി നേടി. 209 റൺസടിച്ചാണ് താരം പുറത്തായത്. ഇംഗ്ലണ്ടിനായി ജെയിംസ് ആൻഡേഴ്‌സണും റെഹാൻ അഹമ്മദും ഷൊയ്ബ് ബഷീറും മൂന്ന് വിക്കറ്റ് വീതം നേടി. ഇന്നലെ 179 റൺസുമായി പുറത്താകാതെ നിന്ന യുവതാരം 278 പന്തിലാണ് കരിയറിലെ ആദ്യ ഡബിൾ സെഞ്ചുറി തികച്ചത്. ഷൊയ്ബ് ബഷീർ തുടർച്ചയായ പന്തുകളിൽ സിക്‌സും ഫോറും പറത്തിയാണ് ഡബിൾ കുറിച്ചത്. 19 ഫോറും ഏഴ് സിക്‌സും അടങ്ങുന്നതാണ് ഇന്നിംഗ്‌സ്. ഒടുവിൽ ആൻഡേഴ്‌സന്റെ പന്തിൽ ജോണി ബെയര്‍സ്റ്റോ ക്യാച്ചെടുത്തു പുറത്താക്കി.
കരിയറിലെ ആദ്യ ഡബിൾ സെഞ്ചുറി തികച്ച യശസ്വി ഈ നേട്ടം സ്വന്തമാക്കുന്ന പ്രായം കുറഞ്ഞ മൂന്നാമത്തെ ഇന്ത്യൻ താരമെന്ന റെക്കോർഡും സ്വന്തമാക്കി. 21 വയസിൽ ഡബിൾ സെഞ്ചുറി തികച്ച വിനോദ് കാംബ്ലിയും സുനിൽ ഗവാസ്‌കറുമാണ് യശസ്വിക്ക് മുന്നിലുള്ളത്. ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യക്കായി ഡബിൾ സെഞ്ചുറി തികക്കുന്ന നാലാമത്തെ മാത്രം ഇടം കൈയൻ ബാറ്ററുമാണ് യശസ്വി. സൗരവ് ഗാംഗുലി, വിനോദ് കാംബ്ലി, ഗൗതം ഗംഭീർ എന്നിവരാണ് മറ്റ് മൂന്ന് ഇടം കൈയൻമാർ. 143 റൺസ് ലീഡുമായി ഇന്ത്യ രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് തുടങ്ങി. രോഹിത് ശർമ്മയും യശ്വസി ജെയ്‌സ്വാളുമാണ് ക്രീസിൽ.