തകർപ്പൻ സെഞ്ചുറിയുമായി ജയ്‌സ്വാൾ; വിശാഖപട്ടണം ടെസ്റ്റിൽ ഇന്ത്യ ശക്തമായ നിലയിൽ
17 ബൗണ്ടറിയും അഞ്ച് സിക്‌സറും സഹിതമാണ് യുവതാരം മൂന്നക്കം കടന്നത്.
വിശാഖപട്ടണം: ഇംഗ്ലണ്ടിനെതിരെ രണ്ടാം ടെസ്റ്റിൽ ഇന്ത്യ ശക്തമായ നിലയിൽ. ആദ്യ ദിന മത്സരം പൂർത്തിയായപ്പോൾ ഇന്ത്യ 336-6 എന്ന നിലയിലാണ്. 179 റൺസുമായി ജയ്്‌സ്വാളും അഞ്ച് റണ്ണുമായി രവിചന്ദ്രൻ അശ്വിനുമാണ് ക്രീസിൽ. 17 ബൗണ്ടറിയും അഞ്ച് സിക്‌സറും സഹിതമാണ് യുവതാരം മൂന്നക്കം കടന്നത്. അരങ്ങേറ്റ ടെസ്റ്റ് കളിച്ച രജത് പടിദാർ 32 റൺസെടുത്തും ശ്രേയസ് അയ്യർ 27 റൺസെടുത്തും ശുഭ്മാൻ ഗിൽ 34 റൺസെടുത്തും പുറത്തായി. ക്യാപ്റ്റൻ രോഹിത് ശർമ്മ 14 റൺസാണ് നേടിയത്. ഇംഗ്ലണ്ടിനായി അരങ്ങേറ്റക്കാരൻ ഷുഐബ് ബഷീർ, രെഹാൻ അഹമ്മദ് രണ്ട് വിക്കറ്റ് വീതം നേടി.
നേരത്തെ ടോസ് നേടി ബാറ്റിങ് ആരംഭിച്ച ഇന്ത്യയുടെ തുടക്കം മോശമായിരുന്നു. ആദ്യ സെഷനിൽ തന്നെ രണ്ടുവിക്കറ്റ് നഷ്ടമായി. എന്നാൽ ഒരറ്റത്ത് ആംഗർ റോൾ ഏറ്റെടുത്ത ജയ്‌സ്വാൾ ഇടവേളകളിലെ വിക്കറ്റ് വീഴ്ചയിലും ഇന്ത്യൻ ഇന്നിങ്‌സ് മുന്നോട്ട് കൊണ്ടുപോയി.
ഇംഗ്ലണ്ടിനായി രണ്ടാം ടെസ്റ്റിൽ അവസരം ലഭിച്ച 41 കാരൻ ജെയിംസ് ആൻഡേഴ്സൺ ഒരുവിക്കറ്റ് നേടി. രണ്ടാംദിനമായ ഇന്ന് ജയ്‌സ്വാളിന്റെ ഇരട്ട സെഞ്ചുറിയിക്കായാണ് ആരാധകർ കാത്തിരിക്കുന്നത്. പടിദാറിന്റെ ഉൾപ്പെടെ മൂന്ന് മാറ്റമാണ് ഇന്ത്യ വരുത്തിയത്. രവീന്ദ്ര ജഡേജയ്ക്ക് പകരം കുൽദീപ് യാദവ് ടീമിലെത്തി. മുഹമ്മദ് സിറാജിന് പകരം മുകേഷ് കുമാറും ആദ്യ ഇലവനിൽ സ്ഥാനം പിടിച്ചു.