രോഹിത് എത്തി, സഞ്ജുവിനും ഉയർന്ന സാധ്യത: ഇംഗ്ലണ്ടിനെതിരായ ആദ്യ ടി20 ഇന്ന്
രാത്രി 10:30 ന് സതാംപ്ടണിലെ റോസ്ബോൾ സ്റ്റേഡിയത്തിലാണ് മത്സരം
സതാപ്ടണ്‍: ഇന്ത്യാ-ഇംഗ്ലണ്ട് ടി20 പരമ്പരയ്ക്ക് ഇന്ന് തുടക്കമാകും. രാത്രി 10:30 ന് സതാംപ്ടണിലെ റോസ്ബോൾ സ്റ്റേഡിയത്തിലാണ് മത്സരം. കോവിഡ് മാറി നായകൻ രോഹിത് ശർമ ടീമിൽ തിരിച്ചെത്തിയ മത്സരം കൂടിയാവും ഇത്. ജോസ് ബട്‍ലർ നായകസ്ഥാനം ഏറ്റെടുത്ത ശേഷമുള്ള ആദ്യ മത്സരമാണ് ഇംഗ്ലണ്ടിന്റേത്. മലയാളി താരം സഞ്ജു സാംസണ് ഇന്ന് ടീമിൽ ഇടമുണ്ടാകുമെന്നാണ് സൂചന. പരമ്പരയിൽ മൂന്ന് മത്സരങ്ങളാണുള്ളത്.
രോഹിതിന്റെ സാന്നിധ്യം ഇന്ത്യൻ ടീമിന്റെ കരുത്തു വർധിപ്പിക്കുമെന്നതിൽ സംശയമില്ല. ജോസ് ബട്ലർ നയിക്കുന്ന ഇംഗ്ലണ്ട് ടീം ടി20യിൽ അതീവ അപകടകാരികളാണ്. അത് കൊണ്ടു തന്നെ പരീക്ഷണങ്ങൾക്ക് മുതിരാതെ ഏറ്റവും മികച്ച പ്ലേയിംഗ് ഇലവനെത്തന്നെ ഇന്ത്യ ഇന്ന് കളത്തിലിറക്കുമെന്ന കാര്യം ഉറപ്പ്. ഐപിഎല്ലിൽ മോശം ഫോമിലായിരുന്നെങ്കിലും ഇന്ത്യൻ ജേഴ്സിയിലേക്കെത്തുമ്പോൾ രോഹിത് മികച്ച ഫോമിലേക്ക് വരുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. മുംബൈ ഇന്ത്യൻസിൽ രോഹിതിന്റെ ഓപ്പണിംഗ് പങ്കാളിയായ ഇഷാൻ കിഷനാകും ഇന്ന് ഓപ്പണിംഗിൽ മറുവശത്ത്.
മലയാളി താരം സഞ്ജു സാംസണ് ഇന്ന് ടീമിൽ ഇടമുണ്ടാകുമെന്നാണ് സൂചന. അയർലൻഡിനെതിരായ രണ്ടാം ടി20യിൽ 77 റൺസെടുത്ത് തകർപ്പൻ പ്രകടനം കാഴ്ച വെച്ചിരുന്ന താരം, ഈ പരമ്പരക്ക് മുന്നോടിയായി നടന്ന ആദ്യ പരിശീലന മത്സരത്തിലും തിളങ്ങിയിരുന്നു. അയർലൻഡിനെതിരെ തകർത്ത ദീപക് ഹൂഡയാകും നാലാം നമ്പരിൽ കളിക്കുക. ചുരുങ്ങിയ കാലം കൊണ്ട് ഇന്ത്യയുടെ വിശ്വസ്ത മധ്യനിര ബാറ്ററായി മാറിയ സൂര്യകുമാർ യാദവാകും അഞ്ചാം നമ്പരിൽ ഇറങ്ങുക. സീനിയർ താരമായ ഭുവനേശ്വർ കുമാറാകും ഇന്ന് ഇന്ത്യയുടെ ബോളിംഗ് നിരയെ നയിക്കുക.
മികച്ച ഫോമിലുള്ള ഹർഷൽ പട്ടേലും, ആവേശ് ഖാനും ഭുവിക്ക് കൂട്ടായി ഇന്ന് ഇന്ത്യൻ പേസ് നിരയിൽ അണിനിരക്കും. യുസ്വേന്ദ്ര ചഹലാകും ഇന്നും ടീമിലെ സ്പെഷ്യലിസ്റ്റ് സ്പിന്നർ. സോണി സ്പോർട്സ് നെറ്റ്‌വർക്കാണ് മത്സരത്തിന്റെ ഇന്ത്യയിലെ സംപ്രേക്ഷണാവകാശം സ്വന്തമാക്കിയിരിക്കുന്നത്. സോണി സിക്സ്, സോണി ടെൻ 3, സോണി ലിവ് എന്നിവയിൽ മത്സരം തത്സമയം കാണാം.
Summary- india vs England t20 first match report