രോഹിത് ശർമക്ക് അർധ സെഞ്ച്വറി; ഇംഗ്ലണ്ടിന് മുന്നിൽ 172 റൺസ് വിജയലക്ഷ്യമുയർത്തി ഇന്ത്യ

ക്യാപ്റ്റൻ രോഹിത് ശർമ 39 പന്തിൽ 57 റൺസുമായി ടോപ് സ്‌കോററായി. സൂര്യകുമാർ യാദവ് 36 പന്തിൽ 47 റൺസുമായി മികച്ച പിന്തുണ നൽകി

Update: 2024-06-27 18:48 GMT
Editor : Sharafudheen TK | By : Sports Desk
Advertising

ഗയാന: ട്വന്റി 20 ലോകകപ്പ് സെമിയിൽ ഇംഗ്ലണ്ടിനെതിരെ 172 റൺസ് വിജയലക്ഷ്യം കുറിച്ച് ഇന്ത്യ. ടോസ് നഷ്ടമായി ബാറ്റിങിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് 171 റൺസ് സ്‌കോർ പടുത്തുയർത്തിയത്. ക്യാപ്റ്റൻ രോഹിത് ശർമ 39 പന്തിൽ 57 റൺസുമായി ടോപ് സ്‌കോററായി. സൂര്യകുമാർ യാദവ് 36 പന്തിൽ 47 റൺസുമായി മികച്ച പിന്തുണ നൽകി. മഴ കാരണം ഒന്നരമണിക്കൂർ വൈകിയാണ് മത്സരം ആരംഭിച്ചത്. ഇന്ത്യ 65-2 എന്ന സ്‌കോറിൽ നിൽക്കെ വീണ്ടും മഴയെത്തി. ഇതോടെ ഒരുമണിക്കൂറോളം വീണ്ടും വൈകി.

പ്രൊവിഡൻസ് സ്റ്റേഡിയത്തിൽ ഇന്ത്യയുടെ തുടക്കം മികച്ചതായില്ല. ഈ ലോകകപ്പിൽ മോശം ഫോമിൽ കളിക്കുന്ന വിരാട് കോഹ്‌ലി ഒരിക്കൽ കൂടി നിരാശപ്പെടുത്തി. ഒൻപത് റൺസെടുത്ത കോഹ്‌ലിയെ റീസ് ടോഫ്‌ലി ക്ലീൻബൗൾഡാക്കി. സ്‌കോർ 40ൽ നിൽക്കെ ഋഷഭ് പന്ത് കൂടി മടങ്ങിയതോടെ പവർപ്ലെയിൽ ഇന്ത്യക്ക് തിരിച്ചടി നേരിട്ടു. സാം കറന്റെ ഓവറിൽ ജോണി ബെയിസ്‌റ്റോക്ക് ക്യാച്ച് നൽകിയാണ് പന്ത് പുറത്തായത്.

എന്നാൽ മൂന്നാം വിക്കറ്റിൽ ഒത്തു ചേർന്ന രോഹിത്-സൂര്യകുമാർ കൂട്ടുകെട്ട് പ്രതീക്ഷക്കൊത്തുയർന്നു. ഇംഗ്ലണ്ട് ബൗളർമാരെ കൃത്യമായി നേരിട്ട ഇരുവരും സ്‌കോറിംഗ് വേഗമുയർത്തി. സ്‌കോർ 113ൽ നിൽക്കെ രോഹിതും തൊട്ടടുത്ത ഓവറിൽ സൂര്യയും പുറത്തായതോടെ ഡെത്ത് ഓവറുകളിൽ റണ്ണൊഴുക്ക് കുറഞ്ഞു. ശിവം ദുബെ(0) പൂജ്യത്തിന് മടങ്ങി. എന്നാൽ 13 പന്തിൽ 23 റൺസുമായി ഹാർദിക് പാണ്ഡ്യയും ഒൻപത് പന്തിൽ 17 റൺസുമായി രവീന്ദ്ര ജഡേജയും ആറു പന്തിൽ 10 റൺസുമായി അക്‌സർ പട്ടേലും അവസാന ഓവറുകളിൽ ആഞ്ഞടിച്ചു. ഇതോടെ മുൻ ചാമ്പ്യൻമാർക്ക് ഭേദപ്പെട്ട സ്‌കോറിലേക്കെത്താനായി. ഇംഗ്ലണ്ടിനായി ക്രിസ് ജോർദാൻ മൂന്ന് വിക്കറ്റ് വീഴ്ത്തി. കഴിഞ്ഞ ടി20 ലോകകപ്പ് സെമിയിൽ ഇരുടീമുകളും നേർക്കുനേർ വന്ന മത്സരത്തിൽ ഇംഗ്ലണ്ടിനായിരുന്നു ജയം. ഫൈനലിൽ പാകിസ്താനെയും തോൽപിച്ച് ത്രീലയൺസ് ലോകകപ്പ് കിരീടത്തിൽല മുത്തമിട്ടു.

Tags:    

Writer - Sharafudheen TK

contributor

Editor - Sharafudheen TK

contributor

By - Sports Desk

contributor

Similar News