അവസാന മൂന്ന് ടെസ്റ്റിലും കോഹ്‌ലിയില്ല; രാഹുലും ജഡേജയും തിരിച്ചെത്തി, ഫിറ്റ്‌നസ് തെളിയിക്കണം
2011 ൽ അരങ്ങേറ്റ ടെസ്റ്റ് കളിച്ചതിന് ശേഷം ആദ്യമായാണ് ഇന്ത്യയിൽ നടക്കുന്ന ഒരു പരമ്പര മുഴുവനായി കോഹ് ലി കളിക്കാതിരിക്കുന്നത്.
ഡൽഹി: അഭ്യൂഹങ്ങൾക്ക് വിരാമം. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ അവശേഷിക്കുന്ന മൂന്ന് ടെസ്റ്റുകളിലും വിരാട് കോഹ്ലിയുണ്ടാകില്ല. അവസാന മൂന്ന് ടെസ്റ്റിലേക്കുള്ള ഇന്ത്യൻ സ്‌ക്വാർഡിനെ ബിസിസിഐ പ്രഖ്യാപിച്ചു. പുറം വേദനയെ തുടർന്ന് ശ്രേയസ് അയ്യർ പുറത്തായി. അതേസമയം, കെ എൽ രാഹുലും രവീന്ദ്ര ജഡേജയും മടങ്ങിയെത്തി. ഫിറ്റ്‌നസ് തെളിയിച്ചാൽ ഇരുവരും അന്തിമ ഇലവനിലേക്ക് വരും. ബംഗാൾ പേസർ ആകാശ് ദീപാണ് ടീമിൽ ഇടം പിടിച്ച സർപ്രൈസ് സാന്നിധ്യം. ആദ്യമായാണ് ഇന്ത്യൻ സ്‌ക്വാർഡിലേക്ക് പരിഗണിക്കുന്നത്. ആദ്യ രണ്ട് ടെസ്റ്റിലും പരാജയമായെങ്കിലും വിക്കറ്റ് കീപ്പറായി കെ.എസ് ഭരത് തുടരും. രഞ്ജിയിൽ തകർപ്പൻ പ്രകടനം നടത്തുന്ന ചേത്വേശർ പൂജാരയെ അവസാന മത്സരങ്ങളിലേക്കും പരിഗണിച്ചില്ല.
2011 അരങ്ങേറ്റ ടെസ്റ്റ് കളിച്ചതിന് ശേഷം ആദ്യമായാണ് ഇന്ത്യയിൽ നടക്കുന്ന ഒരു പരമ്പര മുഴുവനായി കോഹ്ലി കളിക്കാതിരിക്കുന്നത്. ഹോം സാഹചര്യത്തിൽ മികച്ച ട്രാക്ക് റെക്കോർഡുള്ള മുൻ ഇന്ത്യൻ ക്യാപ്റ്റന്റെ പിൻമാറ്റം നിർണായക മത്സരത്തിലേക്ക് കടക്കവെ ആതിഥേയർക്ക് വലിയ തിരിച്ചടിയാണ്. വ്യക്തിപരമായ കാരണങ്ങളാൽ അവശേഷിക്കുന്ന മത്സരങ്ങളിലും കോഹ്ലിയുണ്ടാകില്ലെന്ന് ബിസിസിഐ വാർത്താകുറിപ്പിൽ അറിയിച്ചു. കോഹ് ലിയുടെ തീരുമാനത്തെ ബോർഡ് മാനിക്കുന്നതായും പിന്തുണക്കുന്നതായും അറിയിച്ചു.
ഇന്ത്യൻ ടീം: രോഹിത് ശർമ്മ (ക്യാപ്റ്റൻ), ജസ്പ്രീത് ബുംറ (വൈസ് ക്യാപ്റ്റൻ), യശസ്വി ജയ്‌സ്വാൾ, ശുഭ്മാൻ ഗിൽ, കെ എൽ രാഹുൽ, രജത് പട്ടിദാർ, സർഫ്രാസ് ഖാൻ, ധ്രുവ് ജുറേൽ (വിക്കറ്റ് കീപ്പർ), കെ എസ് ഭരത് (വിക്കറ്റ് കീപ്പർ), രവിചന്ദ്രൻ അശ്വിൻ, രവീന്ദ്ര ജഡേജ, അക്‌സർ പട്ടേൽ, വാഷിംഗ്ഡൺ സുന്ദർ, കുൽദീപ് യാദവ്, മുഹമ്മദ് സിറാജ്, മുകേഷ് കുമാർ, ആകാശ് ദീപ്.