പിഴുതെറിഞ്ഞ് ബുമ്രയും അശ്വിനും, വിശാഖപട്ടണം ടെസ്റ്റിൽ ഇന്ത്യക്ക് 106 റൺസ് ജയം
നേരത്തെ ജസ്പ്രീത് ബുമ്രയുടെ ആറുവിക്കറ്റ് മികവിൽ ഇംഗ്ലണ്ടിന്റെ ആദ്യ ഇന്നിങ്‌സ് 253ൽ അവസാനിച്ചിരുന്നു.
വിശാഖപട്ടണം: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് 106 റൺസ് ജയം. 299 റൺസ് വിജയ ലക്ഷ്യവുമായി രണ്ടാം ഇന്നിങ്‌സിൽ ബാറ്റേന്തിയ ഇംഗ്ലണ്ടിന്റെ പോരാട്ടം 292 റൺസിൽ അവസാനിച്ചു. ഇന്ത്യക്കായി ജസ്പ്രീത് ബുമ്രയും ആർ അശ്വിനും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. 73 റൺസെടുത്ത സാക് ക്രാലിയാണ് സന്ദർശക നിരയിൽ തിളങ്ങിയത്. ഒലി പോപ്പ് 23, ജോ റൂട്ട് 16, ജോണി ബെയിർസ്‌റ്റോ 26, ബെൻ സ്‌റ്റോക്‌സ് 11 റൺസെടുത്ത് കൂടാരം കയറി. ആദ്യ ഇന്നിങ്‌സിൽ ആറുവിക്കറ്റ് വീഴ്ത്തിയ ബുമ്ര മത്സരത്തിലാകെ വിക്കറ്റ് നേട്ടം ഒൻപതാക്കി. ഇതോടെ കളിയിലെ താരമായും ബുമ്രമാറി.
കൂറ്റൻ വിജയലക്ഷ്യവുമായി നാലാംദിനം ബാറ്റിങ് തുടങ്ങിയ ഇംഗ്ലണ്ടിന് നൈറ്റ്ബാറ്റ്‌സ്മാനായി ഇറങ്ങിയ രെഹാൻ അഹമ്മദിന്റെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. അക്‌സർ പട്ടേൽ താരത്തെ വിക്കറ്റിന് മുന്നിൽകുടുക്കി. എന്നാൽ തുടർന്ന് ക്രീസിലെത്തിയ ഒലി പോപ്പിന് ആദ്യ ടെസ്റ്റിലെ പ്രകടനം ആവർത്തിക്കാനായില്ല. അശ്വിന്റെ പരിചയസമ്പത്തിന് മുന്നിൽ പോപ്പ് വീണു. ഇന്ത്യൻ സ്പിന്നറെ കട്ട് ഷോട്ടിന് ശ്രമിച്ച പോപ്പ് രോഹിതിന്റെ കൈയിൽ അവസാനിച്ചു. ആദ്യ സെഷനിൽ ആറു വിക്കറ്റ് നഷ്ടമായെങ്കിലും ഇന്ത്യയുടെ പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിച്ച് ബെൻ സ്റ്റോക്‌സും ഫോക്‌സും ക്രീസിലുണ്ടായിരുന്നു. എന്നാൽ ഉജ്ജ്വല ഫീൽഡിങ് പ്രകടനത്തിലൂടെ ഇംഗ്ലണ്ട് ക്യാപ്റ്റനെ പുറത്താക്കി ശ്രേയസ് അയ്യർ പ്രതീക്ഷ നൽകി. വാലറ്റതാരങ്ങളുടെ ചെറുത്ത് നിൽപ്പ് വേഗത്തിൽ അവസാനിപ്പിച്ച് ബുമ്ര അഞ്ച് ടെസ്റ്റ് പരമ്പരയിൽ ഇന്ത്യയുടെ ആദ്യ ജയം സമ്മാനിച്ചു.
നേരത്തെ ജസ്പ്രീത് ബുമ്രയുടെ ആറുവിക്കറ്റ് മികവിൽ ഇംഗ്ലണ്ടിന്റെ ആദ്യ ഇന്നിങ്‌സ് 253ൽ അവസാനിച്ചിരുന്നു. ശുഭ്മാൻ ഗില്ലിന്റെ സെഞ്ചുറി കരുത്തിൽ 255 റൺസാണ് ഇന്ത്യ രണ്ടാം ഇന്നിങ്‌സിൽ കുറിച്ചത്. യശ്വസി ജയ്‌സ്വാളിവന്റെ ഇരട്ട സെഞ്ചുറി മികവിൽ 396 റൺസാണ് ആദ്യ ഇന്നിങ്‌സിൽ ഇന്ത്യ നേടിയത്.