ശുഭ്മാൻ ഗില്ലിന് സെഞ്ചുറി, വിമർശകർക്ക് ബാറ്റ് കൊണ്ട് മറുപടി; വിശാഖപട്ടണം ടെസ്റ്റിൽ ഇന്ത്യക്ക് കൂറ്റൻ ലീഡ്
കഴിഞ്ഞ 12 ഇന്നിംഗ്‌സുകളിൽ ഒരു അർധസെഞ്ചുറി പോലുമില്ലാതിരുന്ന ഗില്ലിന്റെ ടെസ്റ്റ് ടീമിലെ സ്ഥാനം പോലും ചോദ്യം ചെയ്യപ്പെടുന്ന ഘട്ടത്തിലാണ് അത്യുഗ്രൻ ഇന്നിങ്‌സുമായി കംബാക് നടത്തിയത്.
വിഖാഖപട്ടണം: ഇംഗ്ലണ്ടിനെതിരായ വിശാഖപട്ടണം ടെസ്റ്റിൽ ശുഭ്മാൻ ഗില്ലിന്റെ സെഞ്ചുറി മികവിൽ ഇന്ത്യ രണ്ടാം ഇന്നിങ്‌സിൽ മികച്ച നിലയിൽ. ടീം ആവശ്യപ്പെട്ട സമയത്ത് വിമർശകരുടെ വായടപ്പിക്കുന്ന പ്രകടനമാണ് യുവതാരം പുറത്തെടുത്തത്. 147 പന്തുകൾ നേരിട്ട് 11 ബൗണ്ടറിയും രണ്ട് സിക്‌സറും സഹിതം 104 റൺസാണ് നേടിയത്. ഇതോടെ 350 ലേക്ക് ലീഡ് ഉയർത്തി ഇംഗ്ലണ്ടിനെ സമ്മർദ്ദത്തിലാക്കാനും ഇന്ത്യക്കായി. കഴിഞ്ഞ 12 ഇന്നിംഗ്‌സുകളിൽ ഒരു അർധസെഞ്ചുറി പോലുമില്ലാതിരുന്ന ഗില്ലിന്റെ ടെസ്റ്റ് ടീമിലെ സ്ഥാനം പോലും ചോദ്യം ചെയ്യപ്പെടുന്ന ഘട്ടത്തിലാണ് അത്യുഗ്രൻ ഇന്നിങ്‌സുമായി കംബാക് നടത്തിയത്. സെഞ്ചുറിയ നേടിയ ശേഷം ആവേശപ്രകടനങ്ങളൊന്നുമില്ലാതെ ഡ്രസ്സിംഗ് റൂമിനുനേരെ ആശ്വാസത്തോടെ ബാറ്റുയർത്തുക മാത്രമായിരുന്നു ഗിൽ ചെയ്തത്.
മൂന്നാം ദിനം വിക്കറ്റ് നഷ്ടമില്ലാതെ 28 റൺസെന്ന നിലയിൽ രണ്ടാം ദിനം തുടങ്ങിയ ഇന്ത്യക്ക് 13 റൺസെടുത്ത ക്യാപ്റ്റൻ രോഹിത് ശർമ്മയുടെ വിക്കറ്റാണ് ആദ്യം നഷ്ടമായത്്. പിന്നാലെ ആദ്യ ഇന്നിങ്‌സിൽ ഡബിൾ സെഞ്ചുറി നേടിയ യശ്വസി ജയ്‌സ്വാളിന്റെ വിക്കറ്റും നഷ്ടമായി. 17റൺസെടുത്ത ജയ്‌സ്വാളിനെ ആൻഡേഴ്‌സൺ പുറത്താക്കി. ശ്രേയസ് അയ്യർ 29 റൺസെടുത്തും അരങ്ങേറ്റ ടെസ്റ്റ് കളിക്കുന്ന രതജ് പടിദാർ ഒൻപത് റൺസെടുത്തും വേഗം മടങ്ങി.
അക്‌സർ പട്ടേൽ 45 റൺസുമായി ഗില്ലിന് മികച്ച പിന്തുണ നൽകി. ഒടുവിൽ ടോം ഹാട്‌ലി ഇന്ത്യൻ ഓൾറൗണ്ടറെ പുറത്താക്കി ഇംഗ്ലണ്ടിന് ബ്രേക്ക് ത്രൂ നൽകി. ശ്രീകാർ ഭരതിന് ആറു റൺസാണ് നേടാനായത്. എട്ട് വിക്കറ്റ് നഷ്ടമായ ഇന്ത്യ ലീഡ് 400 കടത്താനുള്ള ശ്രമത്തിലാണ്. രവിചന്ദ്രൻ അശ്വിനും ജസ്പ്രീത് ഭുമ്രയുമാണ് ക്രീസിൽ. കഴിഞ്ഞ 11 മാസത്തിനിടെ ഗില്ലിൻറെ ആദ്യ ടെസ്റ്റ് സെഞ്ചുറിയും ടെസ്റ്റിലെ മൂന്നാം സെഞ്ചുറിയുമാണിത്. ഏകദിനത്തിൽ ആറും ടെസ്റ്റിൽ മൂന്നും ടി20യിൽ ഒരു സെഞ്ചുറിയുമുള്ള ഗില്ലിനിപ്പോൾ 10 രാജ്യാന്തര സെഞ്ചുറികളായി.