ഒൻപതാമനും പുറത്ത്; ജയത്തിന് തൊട്ടരികെ ഇന്ത്യ
നാല് വിക്കറ്റുകളുമായി രവീന്ദ്ര ജഡേജയാണ് കിവി ബാറ്റിങ് നിരയ്ക്ക് കൂടുതല്‍ പ്രഹരമേല്‍പിച്ചത്
കാൺപൂർ ടെസ്റ്റിൽ ന്യൂസിലൻഡിനെതിരെ ഇന്ത്യ ജയത്തിന് തൊട്ടരികിൽ. കളി തീരാൻ ഏതാനും ഓവറുകൾ മാത്രം ബാക്കിനിൽക്കെ ജയത്തിന് വെറും ഒരു വിക്കറ്റ് മാത്രമാണ് ഇന്ത്യയ്ക്ക് വേണ്ടത്. ഇന്ത്യ ഉയർത്തിയ 284 റൺസിന്റെ വിജയലക്ഷ്യം പിന്തുടരുന്ന കിവീസ് നിലവിൽ ഒൻപത് വിക്കറ്റിന് 165 എന്ന നിലയിലാണുള്ളത്. സ്പിന്നർമാരായ രചിൻ രവീന്ദ്രയും അജാസ് പട്ടേലുമാണ് ക്രീസുള്ളത്. നാല് വിക്കറ്റുകളുമായി രവീന്ദ്ര ജഡേജയാണ് കിവിബാറ്റിങ് നിരയ്ക്ക് കൂടുതല്‍ പ്രഹരമേല്‍പിച്ചത്.
കഴിഞ്ഞ ദിവസം കളിനിർത്തുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ നാല് എന്ന നിലയിലായിരുന്നു ന്യൂസിലൻഡ്. എന്നാൽ, അവസാനദിവസമായ ഇന്ന് ലഞ്ചിന് പിരിയുംവരെ അപ്രതിരോധ്യമായ പോരാട്ടമാണ് ലഥാമും ഇന്നലെ നൈറ്റ് വാച്ച്മാനായി ഇറങ്ങിയ വില്യം സോമർവില്ലും കാഴ്ചവച്ചത്. ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ ഒന്നിന് 79 റൺസെന്ന നിലയിലായിരുന്നു സന്ദർശകർ.
എന്നാൽ, ലഞ്ച് കഴിഞ്ഞെത്തിയ ഉടനെ സോമർവില്ലിനെ(36) മടക്കി ഉമേഷ് യാദവാണ് ഇന്ത്യക്ക് ബ്രേക് തൂ നൽകിയത്. ഉമേഷിന്റെ പന്തിൽ ശുഭ്മൻ ഗിൽ പിടിച്ചുപുറത്താവുമ്പോൾ സോമർവിൽ 110 പന്ത് നേരിട്ടിരുന്നു.
തന്റെ 17-ാം ഓവറിലെ ആദ്യപന്തിലാണ് അശ്വിൻ ലഥാമിനെ മടക്കിയത്. വേഗം കുറഞ്ഞ് ഓഫ്സ്റ്റംപിനു പുറത്തുവന്ന പന്ത് കവറിലേക്കടിക്കാൻ ലഥാം ശ്രമിച്ചപ്പോൾ ഇൻസൈഡ് എഡ്ജായി വിക്കറ്റിൽ പതിക്കുകയായിരുന്നു. ഇതോടെ 417 ടെസ്റ്റ് വിക്കറ്റ് സ്വന്തമാക്കിയ അശ്വിൻ ഈ നേട്ടത്തിൽ ഹർഭജൻ സിങ്ങിനെ മറികടന്നു.
വെറ്ററൻ താരം റോസ് ടെയ്‌ലർ നായകനൊപ്പം ചേർന്ന് രക്ഷാപ്രവർത്തനമാരംഭിച്ചെങ്കിലും താരത്തെ രവീന്ദ്ര ജഡേഷ വിക്കറ്റിന് മുന്നിൽ കുരുക്കി. പിന്നാലെ ഹെൻറി നിക്കോൾസിനെ ആദ്യ ഇന്നിങ്‌സിലെ അഞ്ചുവിക്കറ്റ് വേട്ടക്കാരൻ അക്‌സർ പട്ടേലും വിക്കറ്റിനു മുന്നിൽ കുരുക്കി. അധികം വൈകാതെ കിവീസ് നായകന്റെ പോരാട്ടവും ജഡേജ അവസാനിപ്പിച്ചു. 112 പന്ത് നേരിട്ട് 24 റൺസ് എടുത്ത കെയിൻ വില്യംസനും ജഡേജയുടെ പന്തിൽ വിക്കറ്റിനു മുന്നിൽ കുരുങ്ങി പുറത്താകുകയായിരുന്നു.
നാലാം ദിവസമായ ഇന്നലെ അവസാന സെഷനിൽ ഏഴു വിക്കറ്റിന് 234 എന്ന നിലയിൽ ഡിക്ലയർ ചെയ്ത ഇന്ത്യ ഓപണർ വിൽ യങ്ങിനെ (രണ്ട്) പുറത്താക്കിയിരുന്നു. അശ്വിന്റെ പന്തിൽ യങ് വിക്കറ്റിനു മുന്നിൽ കുടുങ്ങുകയായിരുന്നു. ഓഫ് സ്റ്റംപിനു പുറത്തുകുത്തി തിരിഞ്ഞ പന്ത് ലെഗ് സ്റ്റംപിനു പുറത്തേക്ക് പോകുംവഴിയാണ് യങ്ങിന്റെ പാഡിൽ തട്ടിയതെന്ന് റീപ്ലേകളിൽ വ്യക്തമായെങ്കിലും റിവ്യൂ ചെയ്യാൻ വൈകിയത് കിവി ഓപണർക്ക് തിരിച്ചടിയായി.
Summary : India vs New Zealand Test Highlights