'ഇല്ല, ഇല്ല മരിച്ചിട്ടില്ല,ഏകദിനത്തിന് ആളുണ്ട്': ഹൈദരാബാദ് സ്‌റ്റേഡിയം ഫുൾ
നിറഞ്ഞ ഗ്യാലറികൾക്ക് മുന്നിലാണ് ശുഭ്മാൻ ഗിൽ ഇരട്ടസെഞ്ച്വറി കുറിച്ചത്.
ഹൈദരാബാദ്: ഇന്ത്യാ-ന്യൂസിലാൻഡ് ആദ്യ ഏകദിനം നടക്കുന്ന ഹൈദരാബാദ് രാജീവ് ഗാന്ധി സ്റ്റേഡിയം കാണികളാൽ സമ്പന്നം. തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ശ്രീലങ്കയ്‌ക്കെതിരായ അവസാന മത്സരത്തിൽ ആളുണ്ടായിരുന്നില്ല. ഏകദിന മത്സരങ്ങൾക്ക് ആളെകിട്ടുന്നില്ല എന്ന തരത്തലുള്ള ചർച്ചകളും പിന്നാലെ സജീവമായിരുന്നു. മുൻ ഇന്ത്യൻ താരം യുവരാജ് സിങായിരുന്നു ഇങ്ങനെയൊരു ചർച്ചക്ക് തുടക്കമിട്ടിരുന്നത്.
എന്നാൽ ഏകദിന ക്രിക്കറ്റിന് ഇപ്പോഴും ആളുണ്ടെന്ന് തെളിയിക്കുന്നതായി ഹൈദരാബാദിൽ നടന്ന ആദ്യ മത്സരം. ഹൈദരാബാദ് ക്രിക്കറ്റ് സ്റ്റേഡിയം എന്ന പേരിലറിയപ്പെടുന്ന ഹൈദരാബാദ് രാജീവ് ഗാന്ധി സ്റ്റേഡിയത്തിൽ തുടക്കം മുതൽ തന്നെ കാണികളുണ്ടായിരുന്നു. ഏകദേശം 55,000 ആണ് സ്റ്റേഡിയത്തിന്റെ കപ്പാസിറ്റി. ആദ്യ ബോൾ എറിഞ്ഞുതുടങ്ങുന്നതിന് മുമ്പെ തന്നെ കാണികൾ എത്തി. ഇന്ത്യയുടെ ബാറ്റിങ് മുറുകിയപ്പോഴേക്ക് സ്റ്റേഡിയം നിറഞ്ഞിരുന്നു. നിറഞ്ഞ ഗ്യാലറികൾക്ക് മുന്നിലാണ് ശുഭ്മാൻ ഗിൽ ഇരട്ടസെഞ്ച്വറി കുറിച്ചത്.
ജനുവരി 13 മുതലാണ് ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷൻ ടിക്കറ്റ് വിൽപ്പനക്ക് വെച്ചത്. ഓൺലൈൻ വഴിയായിരുന്നു മുഴുവൻ ടിക്കറ്റ് വിൽപ്പനയും. ഓൺലൈനിൽ വിൽപ്പന പൊടിപൊടിച്ചു. വൈകാതെ തന്നെ ടിക്കറ്റ് വിറ്റുതീർന്നു. ബ്ലാക്കിൽ ടിക്കറ്റ് വിൽക്കാൻ ശ്രമിച്ചതിന് 15 പേരെ ഉപ്പൽ പൊലീസ് അറസ്റ്റ് ചെയ്ത സംഭവവും റിപ്പോർട്ട് ചെയ്തിരുന്നു. അതേസമയം ആളില്ലാതെയായിരുന്നു കാര്യവട്ടത്തെ ഇന്ത്യ-ശ്രീലങ്ക മൂന്നാം ഏകദിനം. ടിക്കറ്റിന്റെ നികുതിനിരക്ക് കൂട്ടിയതും കായിക മന്ത്രി വി. അബ്ദുറഹിമാന്റെ പട്ടിണിപ്പാവങ്ങൾ കളികാണാൻ വരേണ്ടന്ന പ്രസ്താവനയും ടിക്കറ്റ് വിൽപ്പനയെ കാര്യമായി തന്നെ ബാധിച്ചിരുന്നു.
പതിനാറായിരത്തോളം പേരാണ് കളി കാണാനുണ്ടായിരുന്നത്. വിറ്റുപോയത് 6201 ടിക്കറ്റുകളും. 38,000 ആയിരുന്നു സ്റ്റേഡിയത്തിന്റെ കപ്പാസിറ്റി. കഴിഞ്ഞ മത്സരങ്ങളിലെല്ലാം ടിക്കറ്റുകൾ ചൂടപ്പം പോലെ വിറ്റുപോയിടത്താണ് കാര്യവട്ടത്ത് ആളില്ലാതെപോയത്. ഇതുസംബന്ധിച്ച ചർച്ചകൾ ഇപ്പോഴും അവസാനിച്ചിട്ടില്ല. മന്ത്രിയുടെ പ്രസ്താവനായണ് ഇതിന് കാരണക്കാരാനെന്ന് പ്രതിപക്ഷം ഏറ്റെടുത്തതോടെ രാഷ്ട്രീയമാനവും കൈവന്നു. എന്നാൽ കടുത്ത ചൂടും വെയിലുമൊക്കെയാണ് കാണികളെ അകറ്റിയതെന്നാണ് മന്ത്രി വി അബ്ദുറഹിമാൻ കാരണമായി പറഞ്ഞിരുന്നത്. എന്നിരുന്നാലും ഹൈദരാബാദിൽ ആളുകൾ നിറഞ്ഞത് കേരളത്തിലെ ചർച്ചകൾക്ക് ചൂടേറ്റും.