വെറുതെയൊരു സെഞ്ച്വറിയുമായി കോൺവെ: പരമ്പര തൂത്തുവാരി ഇന്ത്യ
സ്‌കോർബോർഡ് ചുരുക്കത്തിൽ: ഇന്ത്യ 50 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 385. ന്യൂസിലാൻഡ് 41.2 ഓവറിൽ 295ന് എല്ലാവരും പുറത്ത്.
ഇൻഡോർ: ഡെവൻ കോൺവെ ശ്രമിച്ചെങ്കിലും ടീമിനെ കരകയറ്റാനായില്ല. അവസാന മത്സരത്തിൽ ഇന്ത്യയുടെ ജയം 90 റൺസിനായിരുന്നു. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ തൂത്തുവാരി(3-0). സ്‌കോർബോർഡ് ചുരുക്കത്തിൽ: ഇന്ത്യ 50 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 385. ന്യൂസിലാൻഡ് 41.2 ഓവറിൽ 295ന് എല്ലാവരും പുറത്ത്.
രോഹിതും ഗില്ലും നേടിയ സെഞ്ച്വറിക്ക് കോൺവെ ബദലൊരുക്കിയെങ്കിലും പിന്തുണകൊടുക്കാൻ കിവീസ് നിരയിൽ ആളില്ലാതെ പോയി. 100 പന്തുകളിൽ നിന്ന് 138 റൺസാണ് കോൺവെ നേടിയത്. ടീം അക്കൗണ്ട് തുറക്കും മുമ്പെ ഓപ്പണർ ഫിൻ അലനെ ന്യൂസിലാൻഡിന് നഷ്ടമായി. എന്നാൽ രണ്ടാം വിക്കറ്റിൽ 106 റൺസ് കൂട്ടിച്ചേർത്ത് കോൺവെയും നിക്കോളാസും തിരിച്ചുവന്നെങ്കിവും കുൽദീപ് യാദവ് ഈ സഖ്യം പൊളിച്ചു.
മൂന്നാം വിക്കറ്റിൽ ഡാരിൽ മിച്ചലുമായുള്ള കൂട്ടുകെട്ടാണ് ഇന്ത്യക്ക് അൽപമെങ്കിലും വെല്ലുവിളി ഉയർത്തിയത്. ശർദുൽ താക്കൂറാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. റിവ്യുവിലൂടെയാണ് ഇന്ത്യ ഈ വിക്കറ്റ് ഉറപ്പിച്ചത്. പിന്നീട് വന്നവർക്കൊന്നും നിലയുറപ്പിക്കാനായില്ല. കൃത്യമായ ഇടവേളകളിൽ ഇന്ത്യ വിക്കറ്റ് വീഴ്ത്തിയത് ന്യൂസിലാൻഡിനെ വിഷമത്തിലാക്കി. ഹെന്റി നിക്കോളാസ്(42) ആണ് അൽപമെങ്കിലും പിടിച്ചുനിന്നത്. ഇന്ത്യക്ക് വേണ്ടി ശർദുൽ താക്കൂർ, കുൽദീപ് യാദവ് എന്നിവർ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. ചാഹൽ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോൾ ഹാർദിക് പാണ്ഡ്യ, ഉംറാൻ മാലിക് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി പിന്തുണകൊടുത്തു.
കത്തിക്കയറി രോഹിതും ഗില്ലും: ഇൻഡോറിൽ റൺമല ഉയർത്തി ഇന്ത്യ
നായകൻ മുന്നിൽനിന്നും ഒട്ടും പിന്നോട്ടല്ലാതെ സഹഓപ്പണർ ശുഭ്മാൻ ഗില്ലും സെഞ്ച്വറികളുമായി വെട്ടിത്തിളങ്ങിയപ്പോൾ ന്യൂസിലാൻഡിനെതിരായ മൂന്നാം ഏകദിനത്തിലും ഇന്ത്യക്ക് മികച്ച സ്‌കോർ. 50 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ നേടിയത് 385 റൺസ്. 112 റൺസെടുത്ത ശുഭ്മാൻ ഗില്ലാണ് ടോപ് സ്‌കോറർ. രോഹിത് ശർമ്മ 101 റൺസ് നേടി. മറ്റുള്ളവർക്ക് കാര്യമായി തിളങ്ങാനാകാതെ പോയത് ഇന്ത്യയെ ടോട്ടൽ സ്‌കോറിനെ ബാധിച്ചു. അല്ലെങ്കിൽ സ്‌കോർ ഇതിലും ഉയർന്നേനെ.
ചേസിങ് എളുപ്പമാവും എന്ന് കണ്ടിട്ടാവണം ന്യൂസിലാൻഡ് നായകൻ ടോം ലാഥം ടോസ് കിട്ടിയ ഉടനെ ബൗളിങ് തെരഞ്ഞെടുത്തത്. എന്നാൽ പന്ത് അനായാസം ബാറ്റിലേക്ക് വന്നതോടെ ഇന്ത്യൻ സ്‌കോർ റോക്കറ്റ് വേഗത്തിൽ കുതിച്ചുയർന്നു. നേരിട്ട 76ാം പന്തിൽ തന്നെ ഇന്ത്യൻ സ്‌കോർ 100 കടന്നു. മത്സരിച്ച് ബാറ്റ് വീശുകയായിരുന്നു രോഹിതും ഗില്ലും.
ആദ്യം ആരാകും ആദ്യം സെഞ്ച്വറി നേടുക എന്നതാണ് ഇൻഡോറിൽ തിങ്ങിനിറഞ്ഞ കാണികൾക്കുള്ള വിരുന്നുകളിലൊന്ന്. എന്നാൽ നായകൻ തന്നെ കടമ്പ ആദ്യം പിന്നിട്ടു. 83 പന്തുകളിൽ രോഹിത് സെഞ്ച്വറി കുറിച്ചു. ആറ് സിക്‌സറുകളും ഒമ്പത് ഫോറുകളും ആ ഇന്നിങ്‌സിന് ചന്തംചാർത്തി. തൊട്ടുപിന്നാലെ ഗില്ലും മൂന്നക്കം കടന്നു. ഈ പരമ്പരയിലെ രണ്ടാം സെഞ്ച്വറി. 78 പന്തുകളിൽ നിന്ന് 13 ഫോറും അഞ്ച് സിക്‌സറുകളും അടങ്ങുന്നതായിരുന്നു ഗില്ലിന്റെ ഇന്നിങ്‌സ്. റോക്കറ്റ് വേഗത്തിൽ ഇന്ത്യയുടെ സ്‌കോറും ഉയരുന്നുണ്ടായിരുന്നു.
സെഞ്ച്വറിക്ക് പിന്നാലെ രോഹിത് ആദ്യം മടങ്ങി. വ്യക്തിഗത സ്‌കോറിലേക്ക് പത്ത് റൺസ് കൂടി ചേർക്കുന്നതിനിടെ ഗില്ലും മടങ്ങി. പിന്നാലെ വന്ന കോഹ്ലിയും(36) ഇഷൻ കിഷനും(17) സൂര്യകുമാർ യാദവും(14) സ്‌കോർബോർഡ് ഉയർത്താനുള്ള ശ്രമത്തിനിടെ വീണു. അതോടെ ഇന്ത്യൻ സ്‌കോറിന്റെ വേഗത കുറഞ്ഞു. വാലറ്റക്കാരെ കൂട്ടുപിടിച്ച് ഹാർദ് പാണ്ഡ്യയാണ് അവസാനത്തിൽ പിടിച്ചുനിന്നത്. ഷർദുൽ താക്കൂറിന്റെ ഇന്നിങ്‌സും(16 പന്തിൽ 25) നിർണായകമായി. അതിനിടെ പാണ്ഡ്യ അർദ്ധ ശതകം തികച്ചു. 36 പന്തുകളിൽ നിന്നായിരുന്നു പാണ്ഡ്യയുടെ ഫിഫ്റ്റി.
പിന്നാലെ പാണ്ഡ്യയെ പറഞ്ഞയച്ച് ന്യൂസിലാൻഡ് ആശ്വാസം കണ്ടെത്തി. 38 പന്തിൽ നിന്ന് 54 റൺസാണ് പാണ്ഡ്യ നേടിയത്. പിന്നെ കാര്യമായ റൺസ് വന്നില്ല. ന്യൂസിലാൻഡിന് വേണ്ടി ജാക്കബ് ഡഫി, ബ്ലയർ ടിക്‌നർ എന്നിവർ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.