ഇനിയെല്ലാം ബൗളർമാരുടെ കൈയിൽ; ബെംഗളൂരു ടെസ്റ്റിൽ ന്യൂസിലാൻഡിന് 107 റൺസ് വിജയലക്ഷ്യം

ഇന്ത്യക്കായി സർഫറാസ് ഖാൻ സെഞ്ച്വറിയും ഋഷഭ് പന്ത് അർധ സെഞ്ച്വറിയുമായി ചെറുത്ത് നിൽപ്പ് നടത്തി

Update: 2024-10-19 12:16 GMT
Editor : Sharafudheen TK | By : Sports Desk
Advertising

ബെംഗളൂരു: ബെംഗളൂരു ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്കെതിരെ ന്യൂസിലാൻഡിന് 107 റൺസ് വിജയലക്ഷ്യം. നാലാംദിനം ഇന്ത്യൻ ഇന്നിങ്‌സ് 462 റൺസിൽ അവസാനിച്ചു. 356 റൺസിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ് വഴങ്ങി ബാറ്റിങിനിറങ്ങിയ ആതിഥേയർക്കായി സർഫറാസ് ഖാനും ഋഷഭ് പന്തും വീരോചിത ചെറുത്ത് നിൽപ്പാണ് 400 കടത്തിയത്. 107 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശീയ ന്യൂസിലൻഡ് നാലു പന്തുകൾ കളിച്ചെങ്കിലും റണ്ണൊന്നുമെടുത്തിട്ടില്ല. ടോം ലാഥമും ഡെവോൺ കോൺവെയുമാണ് ക്രീസിൽ. വെളിച്ചക്കുറവ് മൂലം മത്സരം നേരത്തെ നിർത്തുകയായിരുന്നു.

നേരത്തെ 230-3 എന്ന സ്‌കോറിൽ നാലാം ദിനം ക്രീസിലിറങ്ങിയ ഇന്ത്യയെ സെഞ്ചുറി നേടിയ സർഫറാസും അർധസെഞ്ചുറി നേടിയ ഋഷഭ് പന്തും ചേർന്ന് 177 റൺസ് കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. 150 റൺസെടുത്ത സർഫറാസ് മടങ്ങിയതോടെ ഇന്ത്യയുടെ തകർച്ച തുടങ്ങി. 99 റൺസെടുത്ത ഋഷഭ് പന്ത് സ്‌കോർ 433ൽ നിൽക്കെ വില്യം ഔറൂക്കെയുടെ പന്തിൽ ബൗൾഡായി. 12 റൺസെടുത്ത കെ എൽ രാഹുലിനെ ഔറൂക്കെ വിക്കറ്റിന് പിന്നിൽ ടോം ബ്ലണ്ടലിൻറെ കൈകളിലെത്തിച്ചു. രവീന്ദ്ര ജഡേജയെ കൂടി(5) മടക്കി ഔറൂക്കെ കടുത്ത പ്രഹരമേൽപ്പിച്ചു. ആർ അശ്വിൻ(15), ജസ്പ്രീത് ബുംറ(0), മുഹമ്മദ് സിറാജ്(0) എന്നിവരെ വീഴ്ത്തിയ ഹെൻറി ഇന്ത്യൻ വാലറ്റത്തെ ചുരുട്ടികൂട്ടി. കുൽദീപ് യാദവ് ആറ് റൺസുമായി പുറത്താകാതെ നിന്നു.

കിവീസിനയി മാറ്റ് ഹെൻറിയും വില്യം ഔറൂക്കെയും മന്ന് വിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ അജാസ് പട്ടേൽ രണ്ട് വിക്കറ്റെടുത്തു. 54 റൺസെടുക്കുന്നതിനിടെയാണ് ഇന്ത്യക്ക് അവസാന ആറ് വിക്കറ്റുകൾ നഷ്ടമായത്.നേരത്തെ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് കേവലം 46 റൺസിന് അവസാനിച്ചിരുന്നു. അഞ്ച് വിക്കറ്റ് വീഴ്ത്തിയ മാറ്റ് ഹെന്റി, നാല് വിക്കറ്റ് വീഴ്ത്തിയ വില്യം ഒറൗർക്കെ എന്നിവരാണ് ഇന്ത്യയെ തകർത്തത്. 20 റൺസ് നേടിയ റിഷഭ് പന്തായിരുന്നു ഇന്ത്യയുടെ ടോപ് സ്‌കോറർ. ന്യൂസിലൻഡ് യുവതാരം രചിൻ രവീന്ദ്രയുടെ 134 റൺസ് കരുത്തിൽ ആദ്യ ഇന്നിംഗ്‌സിൽ 402 റൺസ് പടുത്തുയർത്തിയിരുന്നു.

Tags:    

Writer - Sharafudheen TK

contributor

Editor - Sharafudheen TK

contributor

By - Sports Desk

contributor

Similar News