ഇന്ത്യക്ക് ബാറ്റിങ് തകർച്ച, 211 റൺസിന് പുറത്ത്; പിടിച്ചുനിന്നത് സായ് സുദർശനും രാഹുലും മാത്രം
ഇടവേളക്കുശേഷം ടീമിലെത്തിയ മലയാളി താരം സഞ്ജു സാംസൺ നിരാശപ്പെടുത്തി, 23 പന്തിൽ 12 റൺസാണ് താരത്തിൻറെ സമ്പാദ്യം
ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യക്ക് ബാറ്റിങ് തകർച്ച. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 46.2 ഓവറിൽ 211 റൺസിന് ഓൾ ഔട്ടായി. സായ് സുദർശൻറെയും നായകൻ കെ.എൽ. രാഹുലിൻറെയും അർധ സെഞ്ച്വറികളാണ് ഇന്ത്യയെ വലിയ തകർച്ചയിൽനിന്ന് രക്ഷിച്ചത്. പരമ്പരയിലെ സായിയുടെ രണ്ടാം അർധ സെഞ്ച്വുറിയാണിത്. മൂന്ന് വിക്കറ്റെടുത്ത നാന്ദ്രെ ബർഗർ ആണ് ദക്ഷിണാഫ്രിക്കയുടെ ഹീറോ ആയത്. ഇടവേളക്കുശേഷം ടീമിലെത്തിയ മലയാളി താരം സഞ്ജു സാംസൺ നിരാശപ്പെടുത്തി. 23 പന്തിൽ 12 റൺസാണ് താരത്തിൻറെ സമ്പാദ്യം.
കളിയുടെ ആദ്യ ഓവറിൽ തന്നെ ഇന്ത്യക്ക് ഗെയിക്‌വാദിനെ നഷ്ടമായി. രണ്ട് ബോളിൽ നിന്ന് നാല് റൺസ് എടുത്ത് നിൽക്കെ ഗെയിക്‌വാദിനെ എൽബിഡബ്ല്യൂവിലൂടെ പുറത്താക്കി നാന്ദ്രെ ബർഗർ വിക്കറ്റ് വേട്ടക്ക് തുടക്കമിട്ടു. പിന്നാലെ എത്തിയ തിലക് വർമയും സായി സുദർശനും ചെർന്ന് കൂട്ടുകെട്ട് ഉണ്ടാക്കാൻ ശ്രമിച്ചെങ്കിലും പന്ത്രണ്ടാം ഓവറിൽ 10 റൺസ് എടുത്ത് തിലകും കളം വിട്ടു. പക്ഷെ പ്രതീക്ഷയായി സായി സുദർശൻ മികച്ച രീതിയിൽ ബാറ്റ് വീശി. രാഹുലും സായിയും ചേർന്ന് ഇന്ത്യയുടെ സ്‌കോർ പതുക്കെ ഉയർത്തി. 27 -ാം ഓവറിൽ വില്യംസിന് ക്യാച്ച് നൽകി സായി പുറത്താവുമ്പോൾ ഇന്ത്യയുടെ സ്‌കോർ 114 ന് മൂന്ന് എന്ന നിലയിലായിരുന്നു പിന്നാലെ എത്തിയ സഞ്ജു നിരാശപ്പെടുത്തി. റൺസിന് പുറത്ത്. പിന്നീട് വന്നവർക്കും ക്രീസിൽ നിലയുറപ്പിക്കാനായില്ല. അരങ്ങേറ്റ ഏകദിനം കളിക്കുന്ന റിങ്കു സിങ് 14 പന്തിൽ 17 റൺസെടുത്ത് പുറത്തായി. അക്‌സർ പട്ടേൽ (23 പന്തിൽ ഏഴ്), കുൽദീപ് യാദവ് (അഞ്ചു പന്തിൽ ഒന്ന്), അർഷ്ദീപ് സിങ് (17 പന്തിൽ 18), ആവേശ് ഖാൻ (ഒമ്പത് പന്തിൽ ഒമ്പത്) എന്നിവരും വേഗത്തിൽ മടങ്ങി. നാലു റൺസുമായി മുകേഷ് കുമാർ പുറത്താകാതെ നിന്നു.
ടീം ഇന്ത്യ: കെ.എൽ രാഹുൽ (ക്യാപ്റ്റൻ), ഋതുരാജ് ഗെയ്ക്‌വാദ്, സായ് സുദർശൻ, തിലക് വർമ, സഞ്ജു സാംസൺ, റിങ്കു സിങ്, അക്‌സർ പട്ടേൽ, കുൽദീപ് യാദവ്, അർഷ്ദീപ് സിങ്, ആവേശ് ഖാൻ, മുകേഷ് കുമാർ.
ടീം ദക്ഷിണാഫ്രിക്ക: ടോണി ഡി സോർസി, റീസ ഹെന്റിക്‌സ്, റസി വാൻ ഡർ ഡസൻ, എയ്ഡൻ മർക്രാം (ക്യാപ്റ്റൻ), ഹെന്റിച്ച് ക്ലാസൻ, ഡേവിഡ് മില്ലർ, വിയാൻ മൾഡർ, കേശവ് മഹാരാജ്, നാന്ദ്രെ ബർഗർ, ലിസാർഡ് വില്യംസ്, ബ്യൂറാൻ ഹെന്റിക്‌സ്.
പരമ്പരയിലെ ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ 116 റൺസിന് പുറത്താക്കിയ ഇന്ത്യ എട്ട് വിക്കറ്റിന്റെ അനായാസ ജയം നേടിയിരുന്നു.