ഇത്തവണ 'കെറ്റിൽബറോ' ഭാഗ്യ സാന്നിധ്യമാകുമോ; ഫൈനലിലെ അമ്പയറിൽ ഇന്ത്യക്ക് 'ആശങ്ക'

ഇന്ത്യ ആസ്‌ത്രേലിയയോട് തോറ്റ 2023ലെ ഏകദിന ലോകകപ്പ് ഫൈനലിലും കെറ്റൽബറോ അമ്പയറായുണ്ടായിരുന്നു

Update: 2024-06-29 14:00 GMT
Editor : Sharafudheen TK | By : Sports Desk
Advertising

ഗയാന: 2007ന് ശേഷം ഇന്ത്യ വീണ്ടുമൊരു ട്വന്റി 20 കിരീടമാണ് രോഹിത് ശർമയിലൂടെ ലക്ഷ്യമിടുന്നത്. പതിറ്റാണ്ടിന് ശേഷമൊരു ഐ.സി.സി കിരീടം. എന്നാൽ കളിക്ക് മുൻപ് ഇന്ത്യക്ക് ചില കാര്യങ്ങൾ ശുഭകരമല്ല. അതിൽ പ്രധാനം അമ്പയറുടെ സാന്നിധ്യമാണ്. മത്സരത്തിലെ മൂന്നാം അമ്പയർ റിച്ചാർഡ് കെറ്റിൽബറോ എന്ന ഇംഗ്ലണ്ട് അമ്പയറാണ്. കെറ്റിൽബറോയുടെ ചരിത്രം തന്നെയാണ് ഇന്ത്യൻ ആരാധകരെ ഭയപ്പെടുത്തുന്നത്. 2013ലെ ചാമ്പ്യൻസ് ട്രോഫി കിരീടം നേടിയതിന് ശേഷം ഇന്ത്യ പുറത്തായ ഐ.സി.സി ടൂർണമെന്റുകളിലെയെല്ലാം നോകൗട്ട് മത്സരങ്ങളിൽ ഫീൽഡ് അമ്പയറോ തേർഡ് അമ്പയറോ ആയി കെറ്റിൽബറോയുണ്ടായിരുന്നു.

2014ലെ ടി20 ലോകകപ്പ് ഫൈനലിൽ കെറ്റിൽബറോയായിരുന്നു അംപയർമാരിലൊരാൾ. അതുവരെ മികച്ച പ്രകടനം നടത്തിയ ഇന്ത്യ ഫൈനലിൽ ശ്രീലങ്കയോട് ആറ് വിക്കറ്റിന് തോറ്റു. 2015ലെ ഏകദിന ലോകകപ്പ് സെമി ഫൈനലിൽ ഓസ്ട്രേലിയയോട് ഇന്ത്യ തോറ്റപ്പോഴും 2016ലെ ടി20 ലോകകപ്പ് സെമിയിൽ വെസ്റ്റ് ഇൻഡീസിനോട് കീഴടങ്ങിയപ്പോഴും അംപയറായി അദ്ദേഹമുണ്ടായിരുന്നു. 2019ലെ ഏകദിന ലോകകപ്പ് സെമിയിൽ ന്യൂസീലൻഡിനോട് തോറ്റപ്പോഴും ഓൺ ഫീൽഡിൽ കളി നിയന്ത്രിക്കാൻ കെറ്റിൽബറോ ഉണ്ടായിരുന്നു. അന്ന് മഹേന്ദ്ര സിങ് ധോണി ന്യൂസിലൻഡിനെതിരെ നിർണായക സമയം റണ്ണൗട്ടാകുമ്പോൾ ഈ അമ്പയുടെ എക്‌സ്പ്രഷൻ ഇന്നും ആരാധകർ മറക്കാനിടയില്ല.

ഒടുവിൽ 2023ലെ ഏകദിന ലോകകപ്പ് ഫൈനലിലും കെറ്റൽബറോ അമ്പയറായെത്തിയിരുന്നു. ഒരുലക്ഷത്തിലേറെ കാണികൾ തിങ്ങിനിറഞ്ഞ മൊട്ടേര സ്റ്റേഡിയത്തിൽ ഇന്ത്യയുടെ ആ തോൽവി എങ്ങനെ മറക്കാനാകും. എന്നാൽ വെസ്റ്റിൻഡീസിൽ വീണ്ടുമൊരു ലോകകപ്പ് ഫൈനലിൽ അരങ്ങൊരുങ്ങുമ്പോൾ ഈ അമ്പയർ ഫീൽഡിലുണ്ടാവില്ലെന്നതാണ് രോഹിത് ശർമക്കും സംഘത്തിനും ആശ്വാസം നൽകുന്നത്. അതേസമയം, ഇതുവരെ ഇന്ത്യ ലോകകപ്പ് നേടിയപ്പോഴെല്ലാം മലയാളി സാന്നിധ്യമുണ്ടായിരുന്നു. 1983ലും 2007ലും 2011ലും ഇന്ത്യ കിരീടത്തിൽ മുത്തമിടുമ്പോൾ മലയാളി താരം സ്‌ക്വാർഡിലുണ്ടായിരുന്നു. ഇത്തവണ സഞ്ജു സാംസൺ ഇന്ത്യയുടെ ഭാഗ്യതാരമാകുമോയെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.

Tags:    

Writer - Sharafudheen TK

contributor

Editor - Sharafudheen TK

contributor

By - Sports Desk

contributor

Similar News