വീണ്ടും സൂര്യ- രാഹുല്‍ ഷോ; ഇന്ത്യക്ക് കൂറ്റന്‍ സ്കോര്‍
നിശ്ചിത 20 ഓവറിൽ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 237 റൺസെടുത്തു
ഗുവാഹത്തി: വാളെടുത്തവരൊക്കെ വെളിച്ചപ്പാടായപ്പോൾ ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ടി 20 യിൽ ഇന്ത്യക്ക് കൂറ്റൻ സ്കോര്‍. നിശ്ചിത 20 ഓവറിൽ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 237 റൺസെടുത്തു. ഇന്ത്യക്കായി സൂര്യകുമാർ യാദവും കെ.എൽ രാഹുലും അർധ സെഞ്ച്വറി നേടി.. സൂര്യകുമാർ യാദവ് വെറും 22 പന്തിൽ 61 റൺസെടുത്തപ്പോൾ കെ.എൽ രാഹുൽ 28 പന്തിൽ 57 റൺസെടുത്തു. ക്യാപ്റ്റന്‍ രോഹിത് ശര്‍മ 43 റണ്‍സെടുത്ത് പുറത്തായപ്പോള്‍ വിരാട് 49 കോഹ്ലി റണ്‍സെടുത്ത് പുറത്താവാതെ നിന്നു.
നേരത്തേ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ഓപ്പണർമാരായ ക്യാപ്റ്റൻ രോഹിത് ശർമയും കെ.എൽ രാഹുലും ഇന്ത്യക്ക് മികച്ച തുടക്കമാണ് നൽകിയത്.37 പന്ത് നേരിട്ട ക്യാപ്റ്റൻ ഏഴ് ഫോറുകളുടേയും ഒരു സിക്‌സിന്റേയും അകമ്പടിയിലാണ് 43 റൺസെടുത്തത്. രോഹിത് മടങ്ങിയ ശേഷം 11ാം ഓവറിൽ അർധ സെഞ്ച്വറി തികച്ചയുടൻ കെ.എൽ രാഹുലും കൂടാരം കയറി.
എന്നാൽ ടൂർണമെന്റിൽ ടോപ് ഗിയറിൽ കളിക്കുന്ന സൂര്യകുമാർ യാദവിനെ കൂട്ടുപിടിച്ച് വിരാട് കോഹ്ലി സ്‌കോറുയർത്തി. വെറും 22 പന്ത് നേരിട്ട സൂര്യകുമാർ യാദവ് 5 സിക്‌സിന്റേയും 5 ഫോറുകളുടേയും അകമ്പടിയിലാണ് അർധ സെഞ്ച്വറി തികച്ചത്. 18ാം ഓവറിൽ സൂര്യ റണ്ണൗട്ടായി. പിന്നീട് ക്രീസിലെത്തിയ ദിനേശ് കാർത്തിക്കും ടോപ് ഗിയറിലായിരുന്നു. അവസാന ഓവറിൽ റബാഡയെ തുടരെ രണ്ട് സിക്‌സും ഒരു ഫോറും പറത്തി മനോഹരമായാണ് കാർത്തിക്ക് ഇന്നിംഗ്‌സ് അവസാനിപ്പിച്ചത്.