ജൊഹന്നാസ്ബർഗിൽ തകർന്നടിഞ്ഞ് ഇന്ത്യ; 202 ന് പുറത്ത്
ഇന്ത്യയ്ക്കായി ക്യാപ്റ്റൻ കെ.എൽ രാഹുലും ആർ.അശ്വിനും മാത്രമാണ് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്
ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയുള്ള ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിലെ ആദ്യ ഇന്നിംങ്‌സിൽ ഇന്ത്യ 202 ന് പുറത്ത്. ലുംഗി എൻഗിഡി ഒഴികെയുള്ള ദക്ഷിണാഫ്രിക്കയുടെ എല്ലാം പേസർമാരും മികച്ച പ്രകടനം പുറത്തെടുത്തപ്പോൾ ഇന്ത്യയ്ക്ക് പിടിച്ചു നിൽക്കാൻ സാധിച്ചില്ല. മാർക്കോ ജൻസൻ നാല് വിക്കറ്റ് നേടിയപ്പോൾ ഡോനെ ഒലിവറും റബാദയും മൂന്ന് വിക്കറ്റ് നേടി.
ഇന്ത്യയ്ക്കായി ക്യാപ്റ്റൻ കെ.എൽ രാഹുലും ആർ.അശ്വിനും മാത്രമാണ് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. രാഹുൽ 50 റൺസ് നേടിയപ്പോൾ അശ്വിൻ 46 റൺസെടുത്തു.
ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. കെ.എൽ രാഹുൽ നയിക്കുന്ന ടീമിൽ കോഹ്‌ലിക്ക് പകരം ഹനുമാൻ വിഹാരിയാണ് ഇടംപിടിച്ചത്. ടീം പ്രഖ്യാപനം ആരാധകരുടെ ഇടയിൽ വലിയ തരത്തിൽ ചർച്ചയായിട്ടുണ്ട്. പരിക്കിനെത്തുടർന്നാണ് കോഹ്‌ലി വിട്ടുനിൽക്കുന്നതെന്ന വാദം ആരാധകർക്ക് ദഹിച്ചിട്ടില്ല എന്നതാണ് സത്യം. ഇന്ത്യൻ ക്രിക്കറ്റിൽ എന്താണ് സംഭവിക്കുന്നതെന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന ചോദ്യം.
മത്സരത്തിന് മുമ്പ് മാധ്യമങ്ങളെ കാണാനും ഇന്ന് കോഹ്‌ലി എത്തിയിരുന്നില്ല. നിർണായക മത്സരത്തിന് മുൻപ് നായകൻ വിരാട് കോഹ്‌ലിയെ പ്രതീക്ഷിച്ചവർക്ക് മുന്നിലേക്ക് എത്തിയത് പരിശീലകൻ രാഹുൽ ദ്രാവിഡാണ്. കോഹ്‌ലിയെക്കുറിച്ച് ചോദിച്ചപ്പോൾ താരം എത്താത്തതിന് പ്രത്യേകിച്ച് കാരണമൊന്നമില്ലെന്നും ടീം മാനേജറാണ് ഇക്കാര്യങ്ങൾ തീരുമാനിക്കുന്നതെന്നും ദ്രാവിഡ് പറഞ്ഞു. ഇതിനുപിന്നാലെ വീണ്ടും കോൺസ്പിറസി തിയറികളുമായി ആരാധകർ രംഗത്തിറങ്ങിയിരുന്നു. ടീം പ്രഖ്യാപനം വന്നതോടെ സംശയങ്ങൾക്കും അഭ്യൂഹങ്ങൾക്കും വീണ്ടും ശക്തി പകരുകയാണ്.