അവസാന പന്തിൽ ഇന്ത്യ: ലങ്കയ്‌ക്കെതിരെ ആവേശ ജയം
സ്‌കോർബോർഡ് ചുരുക്കത്തിൽ: ഇന്ത്യ 20 ഓവറിൽ അഞ്ച് വിക്കറ്റിന് 162. ശ്രീലങ്ക 20 ഓവറിൽ 160 റൺസിന് എല്ലാവരും പുറത്തും.
മുംബൈ: അവസാന പന്തിൽ ജയിക്കാൻ ലങ്കയ്ക്ക് വേണ്ടിയിരുന്നത് നാല് റൺസ്. പന്ത് എറിയുന്നത് അക്‌സർ പട്ടേൽ. എന്നാൽ അവസാന പന്തിൽ ഒരു റൺസെടുക്കാനെ ചമിക കരുണരത്‌നക്കായുള്ളൂ. ഇതോടെ ഇന്ത്യക്ക് രണ്ട് റൺസിന്റെ ത്രില്ലിങ് ജയം. സ്‌കോർബോർഡ് ചുരുക്കത്തിൽ: ഇന്ത്യ 20 ഓവറിൽ അഞ്ച് വിക്കറ്റിന് 162. ശ്രീലങ്ക 20 ഓവറിൽ 160 റൺസിന് എല്ലാവരും പുറത്തും.
68ന് അഞ്ച് എന്ന നിലയിൽ തകർന്ന ലങ്കയെ വാലറ്റക്കാരാണ് എഴുന്നേൽപ്പിച്ചത്. അടിച്ചും ഓടിയും ലങ്ക റൺസ് കണ്ടെത്തിയപ്പോൾ മത്സരത്തിന്റെ അവസാനം ത്രില്ലർ രൂപത്തിലായി. എന്നിരുന്നാലും ലങ്കയ്ക്ക് ജയിക്കാനായില്ല. 45 റൺസെടുത്ത ദസുൻ ശനകയാണ് ലങ്കയുടെ ടോപ് സ്‌കോറർ. നാല് വിക്കറ്റ് വീഴ്ത്തിയ ശിവം മാവിയാണ് തുടക്കത്തിലെ ലങ്കയെ വീഴ്ത്തിയത്. ഉംറാൻ മാലിക്, ഹർഷൽ പട്ടേൽ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സാണ് ഇന്ത്യ നേടിയത്. മുന്‍നിര വീണുപോയിടത്ത് അവസാന ഓവറുകളില്‍ തകര്‍പ്പനടിയുമായി രക്ഷാദൌത്യം ഏറ്റെടുത്ത് അക്സര്‍ പട്ടേലും ദീപക് ഹൂഡയും ചേര്‍ന്നാണ്. അഞ്ചിന് 94 എന്ന നിലയില്‍ തകര്‍ന്ന ഇന്ത്യന്‍ ഇന്നിങ്സിനെ ആറോവറില്‍ 68 റണ്‍സടിച്ചെടുത്ത് 150 കടത്തിയാണ് ഈ സഖ്യം വലിയൊരു തകര്‍ച്ചയില്‍ നിന്ന് ടീമിനെ കരകയറ്റിയത്. ഹൂഡ 23 പന്തില്‍ 41 റണ്‍സെടുത്ത് പുറത്താകാതെ നിന്നപ്പോള്‍ അക്സര്‍ പട്ടേല്‍ 20 പന്തില്‍ 31 റണ്‍സുമായി പുറത്താകാതെ നിന്നു.
അതേസമയം മികച്ച തുടക്കം ലഭിച്ചെങ്കിലും ആദ്യ രണ്ടോവര്‍ കഴിഞ്ഞതോടെ കളി ഇന്ത്യയുടെ കൈയ്യില്‍ നിന്ന് വഴുതി മാറുന്ന കാഴ്ചക്കാണ് വാംഖഡെ സ്റ്റേഡിയം സാക്ഷിയായത്. രണ്ടോവറില്‍ സ്കോര്‍ബോര്‍ഡില്‍ 23 റണ്‍സ് അടിച്ചെടുത്ത ഓപ്പണിങ് സഖ്യം മഹീഷ് തീക്ഷണയാണ് പിരിച്ചത്. ടി20യില്‍ അരങ്ങേറ്റം കുറിച്ച ഗില്ല് ഏഴ് റണ്‍സോടെ പവലിയനിലെത്തി. വണ്‍ഡൌണായെത്തിയ സൂര്യകുമാര്‍ യാദവിനും അധികനേരം പിടിച്ചുനില്‍ക്കാനായില്ല. പത്ത് പന്തില്‍ ഏഴ് റണ്‍സെടുത്ത സൂര്യകുമാര്‍ യാദവിനെ കരുണരത്നയാണ് മടക്കിയത്.
ഇതിന് ശേഷമായിരുന്നു സഞ്ജുവിന്‍റെ വരവ്. പക്ഷേ കാത്തിരിപ്പുകള്‍ക്കൊടുവില്‍ ലഭിച്ച അവസരത്തിന്‍റെ ആഘോഷാരവങ്ങള്‍ അടങ്ങും മുന്‍പേ മലയാളി താരം നിരാശപ്പെടുത്തി. വെറും അഞ്ച് റണ്‍സുമായി പുറത്താകാനായിരുന്നു സഞ്ജുവിന്‍റെ വിധി. സെക്കന്‍ഡ് ഡൌണായി ഇറങ്ങിയ സാംസണ്‍ ആറ് പന്തുകളില്‍ അഞ്ച് റണ്‍സുമായി ധനഞ്ജയ ഡിസില്‍വക്ക് വിക്കറ്റ് നല്‍കി മടങ്ങുകയായിരുന്നു. ഒരു മോശം ഷോട്ടിലൂടെ മധുശങ്കക്ക് ക്യാച്ച് നല്‍കിയാണ് സഞ്ജു പുറത്തായത്.