സ്പിന്നർമാർക്ക് മുന്നിൽ വീണ് വിൻഡീസ്: ഇന്ത്യയുടെ വിജയലക്ഷ്യം 177
ടോസ് നേടിയ ഇന്ത്യ വെസ്റ്റ്ഇൻഡീസിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. തകർച്ചയോടെയായിരുന്നു വിൻഡീസിന്റെ തുടക്കം.
വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ഏകദിനത്തിൽ ഇന്ത്യക്ക് 177 റൺസ് വിജയലക്ഷ്യം. ടോസ് നേടിയ ഇന്ത്യ വെസ്റ്റ്ഇൻഡീസിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. തകർച്ചയോടെയായിരുന്നു വിൻഡീസിന്റെ തുടക്കം. ഒരു ഘട്ടത്തിൽ 79ന് ഏഴ് എന്ന ദയനീയ നിലയിലായിരുന്നു വിൻഡീസ്. സിറാജ് തുടങ്ങിവെച്ച വിക്കറ്റ് വേട്ട സ്പിന്നർമാരായ യൂസ്‌വേന്ദ്ര ചാഹലും വാഷിങ്ടൺ സുന്ദറും കൂടി ഏറ്റെടുക്കുകയായിരുന്നു.
ഇരുവരും ചേർന്ന് ഏഴ് വിക്കറ്റുകളാണ് വീഴ്ത്തിയത്. ഇതിൽ ചഹൽ നാല് വിക്കറ്റ് നേടിയപ്പോൾ സുന്ദർ മൂന്ന് വിക്കറ്റ് വീഴ്ത്തി. പ്രസിദ്ധ് കൃഷ്ണ രണ്ടും മുഹമ്മദ് സിറാജ് ഒരു വിക്കറ്റും വീഴ്ത്തി. 57 റൺസെടുത്ത ജേസൺ ഹോൾഡറാണ് വിൻഡീസിന്റെ ടോപ് സ്‌കോറർ. ഫാബിയൻ അലൻ 29 റൺസ് നേടി പിന്തുണകൊടുത്തു. എട്ടാം വിക്കറ്റിൽ ഇരുവരും ചേർന്ന് നേടിയ 78 റൺസിന്റെ കൂട്ടുകെട്ടാണ് വിൻഡീസിനെ വൻ നാണക്കേടിൽ നിന്ന് രക്ഷിച്ചത്. അല്ലായിരുന്നുവെങ്കിൽ വിൻഡീസ് സ്‌കോർ 100ൽ ഒതുങ്ങിയേനെ.
അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയത്തിലായിരുന്നു മത്സരം. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ആയിരാമത്തെ ഏകദിന മത്സരവുമാണിത്. രാജസ്ഥാന്‍ ഓള്‍റൗണ്ടര്‍ ദീപക് ഹൂഡയെ ഇന്ത്യന്‍ ഇലവനില്‍ ഉള്‍പ്പെടുത്തി. അന്താരാഷ്ട്ര ഏകദിനത്തില്‍ ഹൂഡയുടെ അരങ്ങേറ്റ മത്സരമാണിത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ, ഇഷാന്‍ കിഷന്‍, വിരാട് കോഹ്‌ലി, റിഷഭ് പന്ത്, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, വാഷിങ്ടണ്‍ സുന്ദര്‍, ശാര്‍ദൂല്‍ ഠാക്കൂര്‍, യുസ് വേന്ദ്ര ചാഹല്‍, പ്രസിദ് കൃഷ്ണ, മുഹമ്മദ് സിറാജ് എന്നിവരാണ് ഇന്ത്യന്‍ ഇലവന്‍.