ക്യാപ്റ്റന്‍ മുന്നില്‍ നിന്ന് നയിച്ചു; കാര്‍ത്തിക്ക് പൂര്‍ത്തിയാക്കി
വെസ്റ്റിന്‍ഡീസിനെതിരായ ഒന്നാം ടി20 യില്‍ ഇന്ത്യക്ക് മികച്ച സ്കോര്‍
അർധ സെഞ്ച്വറിയുമായി ക്യാപ്റ്റൻ രോഹിത് ശർമയും അവസാന ഓവറുകളില്‍ ദിനേശ് കാര്‍ത്തിക്കും കത്തിക്കയറിയപ്പോള്‍ വെസ്റ്റിൻഡീസിനെതിരായ ഒന്നാം ടി20 യിൽ ഇന്ത്യക്ക് മികച്ച സ്കോര്‍. നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ 190 റൺസെടുത്തു. രോഹിത് ശർമ 44 പന്തിൽ നിന്ന് 64 റൺസടുത്തു. കാര്‍ത്തിക് വെറും 19 പന്തില്‍ നിന്ന് 41 റണ്‍സെടുത്ത് പുറത്താവാതെ നിന്നു. ഈ മത്സരത്തോടെ ടി20 ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമെന്ന റെക്കോർഡ് രോഹിത് തന്‍റെ പേരിൽ കുറിച്ചു.
സൂര്യകുമാർ യാദവിനൊപ്പം ഇന്നിങ്‌സ് ഓപ്പൺ ചെയ്ത ക്യാപ്റ്റൻ ഓപ്പണിങ് വിക്കറ്റിൽ 44 റൺസിന്‍റെ കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. 16 പന്തിൽ 24 റൺസുമായി തകർത്തടിച്ചു തുടങ്ങിയ സൂര്യകുമാർ യാദവിനെ അകീൽ ഹുസൈൻ ജൈസൺ ഹോൾഡറുടെ കയ്യിലെത്തിച്ചു. പിന്നീടെത്തിയ ശ്രേയസ് അയ്യർക്ക് സംപൂജ്യനായി മടങ്ങാനായിരുന്നു വിധി.
റിഷബ് പന്തിനും ഹർദിക് പാണ്ഡ്യക്കും വലിയ സംഭാവനകളൊന്നും നൽകാനായില്ല. പന്ത് 14 റൺസെടുത്ത് പുറത്തായപ്പോൾ ഹർദിക് പാണ്ഡ്യ ഒരു റൺസ് എടുത്ത് പുറത്തായി. പിന്നീട് ക്യാപ്റ്റൻ രോഹിത് ശർമയെ ഹെറ്റ്‌മെയറുടെ കയ്യിലെത്തിച്ച് ജെയ്‌സൺ ഹോൾഡർ വിൻഡീസിന് നിർണായക ബ്രേക്ക് ത്രൂ നൽകി. പിന്നീടെത്തിയ രവീന്ദ്ര ജഡേജ 16 റണ്‍സെടുത്ത് പുറത്തായി. അവസാന ഓവറുകളില്‍ അശ്വിനൊപ്പം ചേര്‍ന്ന് ദിനേശ് കാര്‍ത്തിക്ക് നടത്തിയ വെടിക്കെട്ട് പ്രകടനമാണ് ഇന്ത്യന്‍ സ്കോര്‍ 180 കടത്തിയത്. അശ്വിന്‍ 13 റണ്‍സെടുത്ത് പുറത്താവാതെ നിന്നു.