ഒരു ദിനം പിടിച്ച് നിന്ന് വെസ്റ്റ്ഇൻഡീസ്, മുൻതൂക്കം ഇന്ത്യക്ക്
മൂന്നാം ദിനം കളി നിർത്തുമ്പോൾ വിൻഡീസ് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 229 റൺസെന്ന നിലയിലാണ് വിന്‍ഡീസ്
ട്രിനിഡാഡ്: വെസ്റ്റ്ഇൻഡീസിനെതിരായ രണ്ടാം ടെസ്റ്റിലും ഇന്ത്യക്ക് മേൽക്കൈ. മൂന്നാം ദിനം കളി നിർത്തുമ്പോൾ വിൻഡീസ് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 229 റൺസെന്ന നിലയിലാണ്. ഒരു ദിനം മുഴുവൻ പിടിച്ചുനിന്നുവെന്നാണ് വിൻഡീസിന്റെ മൂന്നാം ദിനത്തിലെ നേട്ടം. അലിക്ക് അത്തനേഷ്യസ്(37) ജേസൺ ഹോൾഡർ(11) എന്നിവരാണ് ക്രീസിൽ. ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോറിനൊപ്പമെത്താൻ വിൻഡീസിന് ഇനിയും 209 റൺസ് കൂടി വേണം.
മുൻനിര ബാറ്റർമാർ വീണതിനാൽ നാലാം ദിനം വിൻഡീസിന് കാര്യങ്ങൾ എളുപ്പമാകില്ല. മഴമൂലം മൂന്നാം ദിനം കളി മുടങ്ങിയതിനാൽ നാലാം ദിനം നേരത്തെ ആരംഭിക്കും. 67 ഓവറുകളാണ് മൂന്നാം ദിനം എറിഞ്ഞത്. 143 റൺസെ വിൻഡീസിന്റെ സ്‌കോർബോർഡിൽ എത്തിയുള്ളൂ. നാല് വിക്കറ്റും നഷ്ടമായി. അരങ്ങേറ്റ മത്സരം കളിച്ച മുകേഷ് കുമാർ ഒരു വിക്കറ്റ് വീഴ്ത്തി രംഗം കളറാക്കി. 77 റൺസ് നേടിയ നായകൻ ക്രെയിഡ് ബ്രാത്തവെയിറ്റാണ് വിൻഡീസിന്റെ ടോപ് സ്‌കോറർ. 75 റൺസ് നേടിയ താരം അത്രയും റൺസ് എടുക്കാൻ എടുത്തത് 235 പന്തുകൾ.
അശ്വിനാണ് താരത്തിന്റെ ചെറുത്ത് നിൽപ്പ് അവസാനിപ്പിച്ചത്. ബാക്കിയുള്ളവരൊക്കെ പ്രതിരോധിച്ച് കളിക്കാൻ ശ്രമിച്ചെങ്കിലും ആശ്വസിക്കാവുന്ന സ്കോര്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല. 40നടത്തും പരിസരത്തുമായി മുന്‍നിര വീണു. രവീന്ദ്ര ജഡേജ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോൾ മുഹമ്മദ് സിറാജ്, രവിചന്ദ്ര അശ്വിൻ, മുകേഷ് കുമാർ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് 438നാണ് അവസാനിച്ചത്. സെഞ്ച്വറി നേടിയ വിരാട് കോഹ്ലിയുടെ(121) ബലത്തിലാണ് ഇന്ത്യ മികച്ച സ്‌കോർ പടുത്തുയർത്തിയത്. ആദ്യ ടെസ്റ്റില്‍ ആധികാരികമായിട്ടായിരുന്നു ഇന്ത്യയുടെ വിജയം.