ലോകകപ്പ് ക്രിക്കറ്റ് ആദ്യ സെമി ഫൈനൽ മത്സരത്തിൽ ഇന്ത്യ നാളെ ന്യൂസിലൻഡിനെ നേരിടും
റൗണ്ട് റോബിനിലെ ഒമ്പത് മത്സരങ്ങളും ജയിച്ച് പരാജയം അറിയാതെയാണ് ഇന്ത്യൻ ടീം സെമിയിൽ എത്തിയിരിക്കുന്നത്
മുംബൈ: ലോകകപ്പ് ക്രിക്കറ്റ് ആദ്യ സെമി ഫൈനൽ മത്സരത്തിൽ ഇന്ത്യ നാളെ ന്യൂസിലൻഡിനെ നേരിടും. ന്യൂസിലൻഡ് താരങ്ങൾ ഇന്നലെ വാങ്കഡെയിൽ ദീർഘ നേരം പരിശീലനം നടത്തി. ഇന്ത്യൻ താരങ്ങൾ ഇന്ന് വൈകിട്ട് പരിശീലനത്തിനിറങ്ങും. ടോസ് നിർണായകമാണെന്ന് ന്യൂസിലൻഡ് താരം ലോക്കി ഫെർഗൂസൻ പറഞ്ഞു.
റൗണ്ട് റോബിനിലെ ഒമ്പത് മത്സരങ്ങളും ജയിച്ച് പരാജയം അറിയാതെയാണ് ടീം ഇന്ത്യ കുതിച്ച് സെമിയിൽ എത്തിയിരിക്കുന്നത്. നെറ്റ്‌റൺ റേറ്റിന്റെ പിൻബലത്തിൽ, പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്ത് എത്തി സെമിയിലേക്ക് കടന്ന ന്യൂസിലൻഡിനും, പ്രതീക്ഷകൾ ഏറെയാണ്. 2019 ലെ സെമിയിൽ ഇന്ത്യയെ മറികടന്നതിന്റെ ഓർമ്മകൾ ന്യൂസിലൻഡിനെ കൂട്ടായിയുണ്ട്. പക്ഷേ ലോകകപ്പിൽ എതിരാളികളെ വലിയ വ്യത്യാസത്തിൽ പരാജയപ്പെടുത്തിയുള്ള ഇന്ത്യയുടെ വരവ്, ന്യൂസിലൻഡിനെ ഭയപ്പെടുത്തുന്നുണ്ടാകും. അതുകൊണ്ടുതന്നെയാണ് ഇന്ത്യൻ പേസർമാരെ നേരിടാൻ ഇന്നലെ, വങ്കഡെയിൽ ടീം കഠിന പരിശീലനത്തിൽ ഏർപ്പെട്ടതും.
ക്യാപ്റ്റൻ കെയിൻ വില്യംസംണും, ടോം ലാതാവും ഡാരിൽ മിച്ചലും , നെറ്റിസിൽ കൂടുതൽ നേരം പേസ് ബോളിൽ പരിശീലിച്ചു. ഔട്ട് സിംഗറുകളും ഇൻ സിംഗറുകളും പരീക്ഷിച്ച് ന്യൂസിലൻഡ് പേസ് ബൗളർമാരായ ട്രെൻഡ് ബോൾട്ടും, മാറ്റ് ഹെൻട്രിയും, ലൂക്കി ഫെർഗുസനും, അധികനേരം നെറ്റ്‌സിൽ പന്തെറിഞ്ഞു.
സ്പിന്നറിഞ്ഞ് വ്യത്യസ്തതകൾ പരീക്ഷിക്കുന്നതോടൊപ്പം, ഫീൽഡിങ്ങിലും മൈക്കൽ സാൻഡ്‌നർ കൂടുതൽ നേരം പരിശീലനം തേടി. ബാറ്റിങ്ങിലും ബൗളിങ്ങിലും ഫീൽഡിങ്ങിലും ദീർഘനേരമാണ് രചിൻ രവീന്ദ്രയും പരിശീലനത്തിന് ഇറങ്ങിയത്. ബംഗളൂരുവിലെ മത്സരത്തിനുശേഷം ഇന്നലെ മുംബൈയിലെത്തിയ ഇന്ത്യൻ താരങ്ങൾ വിശ്രമത്തിൽ ആയിരുന്നു. ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് ന്യൂസിലൻഡ് താരങ്ങളും, വൈകിട്ട് 6 മണിക്ക് ഇന്ത്യൻ താരങ്ങളും വാങ്കഡെയിൽ പരിശീലനത്തിന് എത്തും.