വീണ്ടും ഇന്ത്യ-പാക് പോരാട്ടം; 2022 ട്വന്റി-20 ലോകകപ്പ് മത്സരക്രമം പുറത്തുവന്നു
ഒക്ടോബർ 22 ന് ഓസ്‌ട്രേലിയ-ന്യൂസിലൻഡ് പോരാട്ടത്തോടെയാണ് സൂപ്പർ 12 മത്സരങ്ങൾ ആരംഭിക്കുന്നത്.
ലോകത്ത് തന്നെ ഏറ്റവും കൂടുതൽ ക്രിക്കറ്റ് ആരാധകരെ ടെലിവിഷന് മുന്നിലെത്തിക്കുന്ന മത്സരമാണ് ഇന്ത്യ-പാക്ക് പോരാട്ടങ്ങൾ. പാകിസ്താനുമായുള്ള പരമ്പരകൾ നിർത്തിവെച്ച ശേഷം ഐസിസി വേദികളിൽ മാത്രമാണ് ഇന്ത്യ-പാക് പോരാട്ടങ്ങൾ സംഭവിക്കാറുള്ളത്. ഇപ്പോൾ വീണ്ടും ആരാധകർ കാത്തിരിക്കുന്ന മറ്റൊരു ഇന്ത്യ-പാകിസ്താൻ മത്സരത്തിന് കളമൊരുങ്ങുകയാണ്.
ഓസ്‌ട്രേലിയ വേദിയൊരുക്കുന്ന 2022 ഐസിസി ട്വന്റി-20 ലോകകപ്പിലാണ് ഇന്ത്യ-പാകിസ്താനെ നേരിടുന്നത്. ലോകകപ്പിൽ ഇരു ടീമുകളും ഗ്രൂപ്പ് 2 വിൽ വന്നതോടെയാണ് ഇന്ത്യ-പാക് പോരാട്ടം ഉറപ്പായത്. ഒക്ടോബർ 23 ന് മെൽബണിലാണ് ഇന്ത്യ-പാക് മത്സരം നടക്കുക. 12 ടീമുകളാണ് (സൂപ്പർ 12) 2022 ട്വന്റി-20 ലോകകപ്പ് കളിക്കുക. ഇതിൽ 8 ടീമുകളെ റാങ്കിങിന്റെ അടിസ്ഥാനത്തിൽ തെരഞ്ഞെടുത്തിട്ടുണ്ട്. ബാക്കി 4 ടീമുകൾ ക്വാളിഫയർ മത്സരം വിജയിച്ച് ലോകകപ്പ് കളിക്കും.
ഓസ്‌ട്രേലിയ, ന്യൂസിലൻഡ്, ഇംഗ്ലണ്ട്, അഫ്ഗാനിസ്ഥാൻ, ക്വാളിഫയർ വിജയികൾ (2) എന്നിവരാണ് ഗ്രൂപ്പ് ഒന്നിൽ. ഗ്രൂപ്പ് രണ്ടിൽ ഇന്ത്യയേയും പാകിസ്താനെയും കൂടാതെ ദക്ഷിണാഫ്രിക്കയും ബംഗ്ലാദേശും രണ്ട് ക്വാളിഫയർ വിജയികളും ഉൾപ്പെടും. ഒക്ടോബർ 16 ന് ശ്രീലങ്ക-നമീബിയ മത്സരത്തോടെ ക്വാളിഫയർ മത്സരങ്ങൾ ആരംഭിക്കും. ഒക്ടോബർ 22 ന് ഓസ്‌ട്രേലിയ-ന്യൂസിലൻഡ് പോരാട്ടത്തോടെയാണ് സൂപ്പർ 12 മത്സരങ്ങൾ ആരംഭിക്കുന്നത്. നവംബർ ഒമ്പതിന് ഒന്നാം സെമിയും നവംബർ പത്തിന് രണ്ടാം സെമിഫൈനലും നടക്കും. നവംബർ 13 ന് മെൽബണിലാണ് കലാശക്കളി.
The fixtures for the ICC Men's #T20WorldCup 2022 are here!
— ICC (@ICC) January 20, 2022
All the big time match-ups and how to register for tickets 👇