വിന്‍ഡീസ് ചീട്ടു കൊട്ടാരം; ഇന്ത്യക്ക് തകര്‍പ്പന്‍ ജയം

അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയില്‍ ഇന്ത്യ മുന്നിലെത്തി

Update: 2022-07-29 18:10 GMT
Advertising

വെസ്റ്റിന്‍ഡീസിന്‍റെ പേരുകേട്ട ബാറ്റിങ് നിര ചീട്ടു കൊട്ടാരം പോലെ തകര്‍ന്നടിഞ്ഞപ്പോള്‍ ഇന്ത്യ - വിന്‍ഡീസ്  ടി20 പരമ്പരയിലെ  ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം. 68 റണ്‍സിനാണ് ഇന്ത്യ വിന്‍ഡീസിനെ തകര്‍ത്തെറിഞ്ഞത്. ഇന്ത്യ ഉയര്‍ത്തിയ 190 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന വെസ്ററ്റിന്‍ഡീസിന് 122 റണ്‍സ് എടുക്കാനേ കഴിഞ്ഞുള്ളൂ. ഇന്ത്യക്കായി രവി ബിഷ്ണോയിയും രവി ചന്ദ്ര അശ്വിനും അര്‍ഷദീപ് സിങ്ങും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. ഇതോടെ അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയില്‍ ഇന്ത്യ 1-0 ത്തിന് മുന്നിലെത്തി.

നേരത്തേ  ക്യാപ്റ്റൻ രോഹിത് ശർമയുടെ അര്‍ധ സെഞ്ച്വറിയുടേയും അവസാന ഓവറുകളില്‍ കത്തിക്കയറിയ ദിനേശ് കാര്‍ത്തിക്കിന്‍റെ തകര്‍പ്പന്‍ ഇന്നിങ്സിന്‍റേയും മികവിലാണ് ഇന്ത്യ മികച്ച സ്കോര്‍ പടുത്തുയര്‍ത്തിയത്.  ആറ് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ 190 റൺസെടുത്തു. രോഹിത് ശർമ 44 പന്തിൽ നിന്ന് 64 റൺസടുത്തു. കാര്‍ത്തിക് വെറും 19 പന്തില്‍ നിന്ന് 41 റണ്‍സെടുത്ത് പുറത്താവാതെ നിന്നു. ഈ മത്സരത്തോടെ ടി20 ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമെന്ന റെക്കോർഡ് രോഹിത് തന്‍റെ പേരിൽ കുറിച്ചു.

സൂര്യകുമാർ യാദവിനൊപ്പം ഇന്നിങ്‌സ് ഓപ്പൺ ചെയ്ത ക്യാപ്റ്റൻ ഓപ്പണിങ് വിക്കറ്റിൽ 44 റൺസിന്‍റെ കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. 16 പന്തിൽ 24 റൺസുമായി തകർത്തടിച്ചു തുടങ്ങിയ സൂര്യകുമാർ യാദവിനെ അകീൽ ഹുസൈൻ ജൈസൺ ഹോൾഡറുടെ കയ്യിലെത്തിച്ചു. പിന്നീടെത്തിയ ശ്രേയസ് അയ്യർക്ക് സംപൂജ്യനായി മടങ്ങാനായിരുന്നു വിധി.

റിഷബ് പന്തിനും ഹർദിക് പാണ്ഡ്യക്കും വലിയ സംഭാവനകളൊന്നും നൽകാനായില്ല. പന്ത് 14 റൺസെടുത്ത് പുറത്തായപ്പോൾ ഹർദിക് പാണ്ഡ്യ ഒരു റൺസ് എടുത്ത് പുറത്തായി. പിന്നീട് ക്യാപ്റ്റൻ രോഹിത് ശർമയെ ഹെറ്റ്‌മെയറുടെ കയ്യിലെത്തിച്ച് ജെയ്‌സൺ ഹോൾഡർ വിൻഡീസിന് നിർണായക ബ്രേക്ക് ത്രൂ നൽകി. പിന്നീടെത്തിയ രവീന്ദ്ര ജഡേജ 16 റണ്‍സെടുത്ത് പുറത്തായി. അവസാന ഓവറുകളില്‍ അശ്വിനൊപ്പം ചേര്‍ന്ന് ദിനേശ് കാര്‍ത്തിക്ക് നടത്തിയ വെടിക്കെട്ട് പ്രകടനമാണ് ഇന്ത്യന്‍ സ്കോര്‍ 180 കടത്തിയത്. അശ്വിന്‍ 13 റണ്‍സെടുത്ത് പുറത്താവാതെ നിന്നു.


Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News