അവസാന പന്ത് വരെ ആവേശം... ഇന്ത്യയെ വിറപ്പിച്ച് കീഴടങ്ങി അയര്‍ലന്‍ഡ്; ഇന്ത്യക്ക് പരമ്പര

225 റൺസ് മറികടക്കാനുള്ള അയർലൻഡിന്റെ പ്രയത്‌നം 20 ഓവറിൽ 221 റൺസ് വരെയെത്തി

Update: 2022-06-29 01:18 GMT
Advertising

ഡബ്ലിൻ: ഇന്ത്യയുടെ കൂറ്റൻ സ്‌കോറിനെതിരെ അയർലൻഡ് ബാറ്റർമാർ അടിച്ചുകളിച്ചതോടെ അവസാന ഓവറുകൾ വരെ ആവേശം മുറ്റി നിന്ന രണ്ടാം ടി20യിൽ ഇന്ത്യക്ക് നാലു റൺസ് വിജയം. ഇതോടെ രണ്ടു മത്സരങ്ങളുള്ള ടി20 പരമ്പര ടീം സ്വന്തമാക്കി. രണ്ടാം വിക്കറ്റിൽ ദീപക് ഹൂഡയും മലയാളി താരം സഞ്ജു സാംസണും ചേർന്ന് പടുത്തുയർത്തിയ 176 റൺസ് റെക്കോർഡ് കൂട്ടുകെട്ടിന്റെ ബലത്തിൽ നേടിയ 225 മറികടക്കാനുള്ള അയർലൻഡിന്റെ പ്രയത്‌നം 20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 221 റൺസ് വരെയെത്തി. ഉമ്രാൻ മാലിക്കെറിഞ്ഞ അവസാന ഓവറിൽ 17 റൺസായിരുന്നു അയർലൻഡിന് വേണ്ടിയിരുന്നത്. എന്നാൽ 12 റൺസ് നേടാനാണ് അവർക്ക് കഴിഞ്ഞത്. മത്സരത്തിൽ നാലോവർ വീതമെറിഞ്ഞ ഇന്ത്യൻ ബോളർമാരെല്ലാം 40ലേറെ റൺസ് വഴങ്ങി.


അയലൻഡ് ഓപ്പണർമാരായ പോൾ സ്റ്റിർലിങും(18 പന്തിൽ 40 റൺസ്), ആൻഡി ബാൽബിർനെയും( 37 പന്തിൽ 60 റൺസ്) ഇന്ത്യയെ ഞെട്ടിച്ചാണ് തുടങ്ങിയത്. എന്നാൽ പോളിനെ രവി ബിഷ്‌ണോയി ബൗൾഡാക്കിയതോടെ ഇവരുടെ സഖ്യം പൊളിഞ്ഞു. പിന്നീടെത്തിയ ഗാരേത് ഡിലനൈയെ ഹാർദിക് റണ്ണൗട്ടാക്കി. പൂജ്യം റണ്ണായിരുന്നു സമ്പാദ്യം. പിന്നീടെത്തിയ കഴിഞ്ഞ കളിയിലെ അയർലൻഡ് സ്റ്റാർ ഹാരി ടെക്ടർ 39 റൺസെടുത്ത് ഭുവനേശ്വർ കുമാറിന് മുമ്പിൽ വീണു. ഹൂഡക്ക് ക്യാച്ച് നൽകുകയായിരുന്നു. ശേഷമിറങ്ങിയ ലോർകാൻ ടക്കർ ഉമ്രാന്റെ പന്തിൽ സബ്ബായ ചാഹൽ പിടിച്ച് പുറത്തായി. ഒടുവിൽ ഡോക്‌റലും(34) അഡൈറും(23) ചേർന്ന് വിജയിപ്പിക്കാൻ നോക്കിയെങ്കിലും കഴിഞ്ഞില്ല. ഇന്ത്യക്കായി ഭുവനേശ്വർ കുമാർ, ഹർഷൽ പട്ടേൽ, രവി ബിഷ്‌ണോയി, ഉമ്രാൻ മാലിക് എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.



കഴിഞ്ഞ കളിയിലെ ഹീറോ ദീപക് ഹൂഡ സെഞ്ച്വറിയുമായി ഫോം തുടരുകയും അന്താരാഷ്ട്ര ടി20 കരിയറിലെ ആദ്യ അർധസെഞ്ച്വറിയുമായി മലയാളി താരം സഞ്ജു സാംസൺ ടീമിലേക്കുള്ള വരവറിയിക്കുകയും ചെയ്തതോടെയാണ് ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ കൂറ്റൻ സ്‌കോർ നേടിയത്. 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിലായിരുന്നു 227 റൺസാണ് ടീം നേടിയത്.


പരിക്കേറ്റ റിതുരാജ് ഗെയ്ക്ക്വാദിന് പകരം ഓപ്പണറായി ഇറങ്ങിയ സഞ്ജു 42 ബോളിൽ നിന്ന് 77 റൺസാണ് നേടിയത്. വൺഡൗണായെത്തിയ ഹൂഡ 57 പന്തിൽ നിന്ന് 104 റൺസ് അടിച്ചു. ഇരുവരും ചേർന്ന് രണ്ടാം വിക്കറ്റിൽ 176 റൺസിന്റെ കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. ടി20യിലെ ഇന്ത്യയുടെ ഏറ്റവും വലിയ കൂട്ടുകെട്ടെന്ന റെക്കോർഡാണ് ഇരുവരും ഇതുവഴി സ്വന്തം പേരിലാക്കിയത്. 2017ൽ ഇൻഡോറിൽ രോഹിത് ശർമയും കെ.എൽ. രാഹുൽ ചേർന്ന് നേടിയ 165 റൺസായിരുന്നു വലിയ കൂട്ടുകെട്ട്. ഇതാണ് 2014 അണ്ടർ 19 ലോകകപ്പിൽ ഒന്നിച്ചു കളിച്ച സഞ്ജുവും ഹൂഡയും ചേർന്ന് പൊളിച്ചെഴുതിയത്.


16ാം ഓവർ എറിയാനെത്തിയ മാർക് അഡൈറിന്റെ സ്ലോ ബോളിൽ സഞ്ജു ബൗൾഡായതോടെയാണ് കൂട്ടുകെട്ട് പിരിഞ്ഞത്. നാലു സിക്സറും ഒമ്പത് ബൗണ്ടറികളുമടക്കമാണ് സഞ്ജു 77 റൺസ് കണ്ടെത്തിയത്. 6 സിക്സറും 9 ഫോറുകളുമാണ് ഹൂഡ അടിച്ചുകൂട്ടിയത്. സഞ്ജു പുറത്തായ ശേഷമെത്തിയ സൂര്യകുമാർ തകർപ്പനടിയുമായി തുടങ്ങിയെങ്കിലും അഞ്ചു പന്തുകളിൽനിന്ന് 15 റൺസെടുത്ത് പുറത്തായി. ലിറ്റിലിന്റെ പന്തിൽ വിക്കറ്റ്കീപ്പർ ടക്കർ പിടിച്ചാണ് ഫോമിലേക്കെത്താൻ ശ്രമിക്കുന്ന താരം പുറത്തായത്. പിന്നീട് ഇറങ്ങിയവരെല്ലാം ക്യാപ്റ്റൻ ഹാർദികിനെ തനിച്ചാക്കി തിരിച്ചു നടന്നു. മികച്ച ഫോമിലുള്ള ദിനേശ് കാർത്തിക് പൂജ്യത്തിന് പുറത്തായപ്പോൾ പിന്നീട് വന്ന അക്സർ പട്ടേലും അതേ പാത പിന്തുടർന്നു. യങിന്റെ പന്തിൽ ഡി.കെയെ ടക്കർ പിടിച്ചപ്പോൾ അക്സറിനെ ഡോക്റൽ കയ്യിലൊതുക്കി.

തുടർന്നെത്തിയ ഹർഷൽ പട്ടേലിനെ അഡൈർ ബൗൾഡാക്കി. പൂജ്യം റണ്ണായിരുന്നു സമ്പാദ്യം. സഞ്ജുവിനൊപ്പം ഓപ്പണറായിറങ്ങിയ ഇഷൻ കിഷൻ അഞ്ചു പന്തിൽനിന്ന് മൂന്ന് റൺസ് മാത്രം നേടി പുറത്തായി. അഡൈറിന്റെ പന്തിൽ ടക്കർ പിടിച്ചാണ് താരം പുറത്തായത്. ഹാർദിക് ഒമ്പത് പന്തിൽ നിന്ന് 15 റൺസുമായി പുറത്താകാതെ നിന്നു. മത്സരത്തിൽ ടോസ് ലഭിച്ച ഇന്ത്യൻ നായകൻ ഹർദിക് പാണ്ഡ്യ ആദ്യം ബാറ്റ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Sports Desk

contributor

Similar News