ലങ്കയെ ഒമ്പത് വിക്കറ്റിന് കീഴടക്കി ഇന്ത്യയ്ക്ക് അണ്ടർ 19 ഏഷ്യ കപ്പ് കിരീടം
അണ്ടർ-19 ഏഷ്യാ കപ്പിൽ ഇന്ത്യയുടെ എട്ടാം കിരീടമാണിത്.
യാഷ് ദുല്ലിനും സംഘത്തിനും തെറ്റിയില്ല; ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ ഏട്ടൻമാരോളം പോന്ന അനിയൻമാരാണെന്ന് തങ്ങളെന്ന് തെളിയിച്ചിരിക്കുകയാണ് ഇന്ത്യൻ അണ്ടർ 19 ക്രിക്കറ്റ് സംഘം. കലാശക്കളിയിൽ ഒമ്പത് വിക്കറ്റിനാണ് ഇന്ത്യ ശ്രീലങ്കയെ തകർത്തത്.
ഡക്ക്വർത്ത് ലൂയിസ് നിയമപ്രകാരം 38 ഓവറിൽ 102 റൺസായി പുനർനിശ്ചയിച്ച വിജയലക്ഷ്യം വെറും 21.3 ഓവറിൽ ഇന്ത്യ മറികടന്നു. അണ്ടർ-19 ഏഷ്യാ കപ്പിൽ ഇന്ത്യയുടെ എട്ടാം കിരീടമാണിത്. 67 പന്തിൽ നിന്ന് ഏഴ് ബൗണ്ടറികളടക്കം 56 റൺസോടെ പുറത്താകാതെ നിന്ന ആങ്ക്രിഷ് രഘുവൻഷിയും 49 പന്തിൽ 31 റൺസുമായി പുറത്താകാതെ നിന്ന ഷയ്ഖ് റഷീദുമാണ് ഇന്ത്യൻ ബാറ്റിങിന്റെ നെടുംതൂണായത്. അഞ്ചു റൺസെടുത്ത ഓപ്പണർ ഹർനൂർ സിങ്ങിന്റെ വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.
C. H. A. M. P. I. O. N. S 🏆
— BCCI (@BCCI) December 31, 2021
Congratulations and a huge round of applause for India U19 on the #ACC #U19AsiaCup triumph. 👏 👏 #INDvSL #BoysInBlue pic.twitter.com/uys39M1b64
മഴ മൂലം 38 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ ലങ്കയ്ക്ക് നേടാനായത് ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 106 റൺസ് മാത്രമായിരുന്നു. സദിഷ രജപക്ഷെ (14), രവീൺ ഡിസിൽവ(15), യാസിരു റോഡ്രിഗോ (19), മതീഷ പതിരത്‌ന (14) എന്നിവർക്ക് മാത്രമാണ് ലങ്കൻ നിരയിൽ രണ്ടക്കം കടക്കാനായത്. ഇതിൽ മൂന്നുപേരും വാലറ്റക്കാരാണ്. ഇന്ത്യയ്ക്ക് വേണ്ടി വിക്കി ഓസ്തവാൾ മൂന്ന് വിക്കറ്റും കൗശൽ താമ്പെ രണ്ട് വിക്കറ്റും രാജ് ബാവ, രവി കുമാർ, രവിവർധൻ എന്നിവർ ഓരോവിക്കറ്റും വീഴ്ത്തി.
യസീരു റോഡ്രിഗോയാണ് ശ്രീലങ്കയ്ക്ക് വേണ്ടി ഒരു വിക്കറ്റ് വീഴ്ത്തിയത്.