വീര്യം ചോരാതെ ഇന്ത്യ; വെസ്റ്റ് ഇൻഡീസിനെതിരായാ ആദ്യ ടി-20 യിൽ ഇന്ത്യയ്ക്കു ജയം

ടോസ് നഷ്ടപ്പെട്ടു ബാറ്റിംഗിനിറങ്ങിയ വിൻഡീസ് ഏഴു വിക്കറ്റിനു 157 റൺസാണ് നേടിയത്

Update: 2022-02-16 19:27 GMT
Editor : afsal137 | By : Web Desk
Advertising

വെസ്റ്റ് ഇൻഡീസിനെതിരായ പരമ്പരയിലെ ആദ്യ ടി-20 മത്സരത്തിൽ ടീം ഇന്ത്യയ്ക്കു ജയം.ഫിനിഷറുടെ റോളിൽ സൂര്യകുമാർ യദവ് മിന്നിച്ചപ്പോൾ വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ടി20 മൽസരത്തിൽ ഇന്ത്യ ത്രസിപ്പിക്കുന്ന വിജയം നേടുകയായിരുന്നു. സൂര്യയുടെ മിന്നും പ്രകടനമാണ് ടീമിനു രക്ഷയായത്. ആറു വിക്കറ്റിനാണ് ഇന്ത്യയുടെ തകർപ്പൻ ജയം. ഇതോടെ മൂന്നു മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യ 1-0നു മുന്നിലെത്തുകയും ചെയ്തു.

അടുത്ത മത്സരം വെള്ളിയാഴ്ച ഈഡൻ ഗാർഡനിൽ വെച്ചു തന്നെ നടക്കും. 158 റൺസിന്റെ വിജയലക്ഷ്യത്തിലേക്കു ബാറ്റ് വീശിയ ഇന്ത്യ ആറു വിക്കറ്റുകളും ഏഴു ബോളുകളും ബാക്കിനിൽക്കെ ലക്ഷ്യത്തിലെത്തുകയായിരുന്നു. ഒന്നിന് 92 റൺസെന്ന നിലിൽ നിന്നും ഇന്ത്യ നാലിന് 114ലേക്കു വീണിരുന്നു. അഞ്ചാം വിക്കറ്റിൽ സൂര്യയും വെങ്കടേഷ് അയ്യരും ചേർന്ന് ഇന്ത്യയെ കൈപിടിച്ചുയർത്തി വിജയത്തിലെത്തിച്ചു. 26 ബോളിൽ 48 റൺസ് ഇരുവരും ചേർന്ന് അടിച്ചെടുത്തു.

സൂര്യ 34 റൺസ് അടിച്ചെടുത്തപ്പോൾ വെങ്കടേഷ് 13 ബോളിൽ രണ്ടു ബൗണ്ടറികളും ഒരു സിക്സറുമടക്കം 24 റൺസും നേടി. നായകൻ രോഹിത് ശർമയും (40) ഓപ്പണറായ ഇഷാൻ കിഷനും (35) ചേർന്ന് മികച്ച തുടക്കം ഇന്ത്യക്കു നൽകി. ഓപ്പണിങ് വിക്കറ്റിൽ 46 ബോളിൽ 64 റൺസ് ഇരുവരും ചേർന്നെടുത്തു. 19 ബോളിൽ നാലു ബൗണ്ടറികളും മൂന്നു സിക്സറുടമക്കം 40 റൺസെടുത്ത രോഹിത്താണ് ആദ്യം പുറത്തായത്. 42 ബോളിൽ നാലു ബൗണ്ടറികളോടെ 35 റൺസെടുത്ത ഇഷാൻ ടീം സ്‌കോർ 93ൽ വച്ച് മടങ്ങി. വിരാട് കോലിയും (17) റിഷഭ് പന്തും (8) മോശപ്പെട്ട പ്രകടനം കാഴ്ചവെച്ചത് ഇന്ത്യയെ സമ്മർദ്ദത്തിലാക്കി.

ടോസ് നഷ്ടപ്പെട്ടു ബാറ്റിംഗിനിറങ്ങിയ വിൻഡീസ് ഏഴു വിക്കറ്റിനു 157 റൺസാണ് നേടിയത്. നിക്കോളാസ് പൂരന്റെ (61) ഇന്നിങ്സാണ് വിൻഡീസിനു കരുത്ത് പകർന്നത്. 43 ബോളിൽ നാലു ബൗണ്ടറികളും അഞ്ചു സിക്സറും പൂരന്റെ ഇന്നിങ്സിലുണ്ടായിരുന്നു. 38 ബോളുകളിൽ നിന്നായിരുന്നു താരത്തിന്റെ ഫിഫ്റ്റി. പൂരന്റെ ആറാമത് ടി20 ഫിഫ്റ്റി കൂടിയായിരുന്നു ഇത്. 31 റൺസെടുത്ത ഓപ്പണർ കൈൽ മയേഴ്സാണ് വിൻഡീസിന്റെ മറ്റൊരു പ്രധാന സ്‌കാറർ. 24 ബോളിൽ അദ്ദേഹം ഏഴു ബൗണ്ടറികളടിച്ചു. നായകൻ കരെൺ പൊള്ളാർഡ് 19 ബോളിൽ നിന്നും രണ്ടു ബൗണ്ടറികളും ഒരു സിക്സറുമടക്കം പുറത്താവാതെ 24 റൺസെടുത്തു. ബ്രെൻഡൻ കിങ് (4), റോസ്റ്റൺ ചേസ് (4), റോമൻ പവെൽ (2), അക്കീൽ ഹൊസെയ്ൻ (10), ഒഡെയ്ൻ സ്മിത്ത് (4) എന്നിവരൊന്നും ബാറ്റിങിൽ കാര്യമായ സംഭാവന നൽകാതെ പുറത്തായിരുന്നു. 11 ഓവറിനുള്ളിൽ നാലു വിക്കറ്റുകൾ ഇന്ത്യക്കു വീഴ്ത്താനായെങ്കിലും പിന്നീടുള്ള ഓവറുകളിൽ മൂന്നു വിക്കറ്റുകളാണ് ഇന്ത്യക്കു ലഭിച്ചത്.

ഇന്ത്യൻ ബൗളർമാരിൽ മികച്ചുനിന്നത് അരങ്ങേറ്റക്കാരനായ ലെഗ് സ്പിന്നർ രവി ബിഷ്നോയിയാണ്. നാലോവരിൽ 17 റൺസ് മാത്രം വിട്ടുകൊടുത്ത് രണ്ടു വിക്കറ്റുകൾ താരം വീഴ്ത്തി. രണ്ടു വിക്കറ്റും ഒരേ ഓവറിൽ തന്നെയായിരുന്നു. ഹർഷൽ പട്ടേലും ഇന്ത്യക്കായി രണ്ടു വിക്കറ്റുകളെടുത്തു. ഭുവനേശ്വർ കുമാർ, ദീപക് ചാഹർ, യുസ്വേന്ദ്ര ചാഹൽ എന്നിവർ ഓരോ വിക്കറ്റ് വീതം നേടി. ഇന്ത്യക്കു ഗംഭീര തുടക്കമായിരുന്നു ഭുവനേശ്വർ നൽകിയത്. ആദ്യ ഓവറിലെ അഞ്ചാമത്തെ ബോളിൽ തന്നെ അദ്ദഹം ടീമിന് ആദ്യ ബ്രേക്ക്ത്രൂ നൽകി. നാലു റൺസെടുത്ത കിങിനെ ഭുവി സൂര്യകുമാർ യാദവിന്റെ കൈകളിലെത്തിക്കുരയായിരുന്നു.

രണ്ടാം വിക്കറ്റിൽ മയേഴ്സ്- പൂരൻ ജോടി 47 റൺസ് കൂട്ടിച്ചേർത്തു. ഈ ജോടി ഇന്ത്യക്കു ഭീഷണിയാകവെയാണ് ചാഹൽ രക്ഷയ്ക്കെത്തിയത്. ഏഴാം ഓവറിലെ അഞ്ചാമത്തെ ബോളിൽ മയേഴ്സിനെ ചാഹൽ വിക്കറ്റിനു മുന്നിൽ കുരുക്കി. 11ാം ഓവറിൽ ബിഷ്നോയിയുടെ മാജിക്കൽ ഓവർ വിൻഡീസിനെ സ്തബ്ധരാക്കി. രണ്ടാമത്തെ ബോളിൽ ചേസിനെ വിക്കറ്റിനു മുന്നിൽ കുരുക്കിയ യുവതാരം അന്താരാഷ്ട്ര ക്രിക്കറ്റിൽ തന്റെ കന്നി വിക്കറ്റ് കൈക്കലാക്കി. ഇതേ ഓവറിലെ അഞ്ചാമത്തെ ബോളിൽ പവലിനെ വെങ്കടേഷ് അയ്യരുടെ കൈകളിലെത്തിച്ച് ബിഷ്നോയ് വിൻഡീസിനെ ഞെട്ടിച്ചു.

ഇതോടെ വിൻഡീസ് നാലിനു 74ലേക്കു വീണു. ടീം സ്‌കോറിലേക്കു 16 റൺസ് കൂടി ചേർക്കവെ ഹൊസെയ്നെ ചാഹർ സ്വന്തം ബൗളിങിൽ പിടികൂടി. വിൻഡീസ് അഞ്ചിന് 90. ആറാം വിക്കറ്റിൽ പൂരൻ- പൊള്ളാർഡ് ജോടി 45 റൺസ് അടിച്ചെടുത്തതോടെ വിൻഡീസ് 150ന് മുകളിൽ സ്‌കോർ ഉറപ്പിക്കുകയും ചെയ്തു.

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News