രണ്ടാം ടെസ്റ്റിലും ഇന്ത്യൻ വിജയഗാഥ; ആസ്‌ത്രേലിയക്കെതിരെ ആറ് വിക്കറ്റ് ജയം
വിജയത്തോടെ ഇന്ത്യ ബോർഡർ-ഗവാസ്‌കർ ട്രോഫി നിലനിർത്തി
ആസ്‌ത്രേലിയക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലും ഇന്ത്യൻ വിജയഗാഥ. 115 റൺസ് വിജയലക്ഷ്യം ടീം ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. 26.4 ഓവറിൽ ഇന്ത്യ 118 റൺസ് നേടി. വിജയത്തോടെ ഇന്ത്യ ബോർഡർ-ഗവാസ്‌കർ ട്രോഫി നിലനിർത്തി. പരമ്പരയിൽ 3-1 പോയിന്റോടെ വിജയിക്കാനായാൽ ഇന്ത്യയ്ക്ക് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെത്താനാകും. അങ്ങനെ വിജയിച്ചാൽ 61.92 പി.സി.ടിയോടെ ആസ്‌ത്രേലിയയോടൊപ്പം ഫൈനൽ കളിക്കാൻ നീലപ്പടയിറങ്ങും.
ഓപ്പണറായ കെ.എൽ രാഹുൽ കേവലം ഒരു റൺസ് മാത്രം നേടി പുറത്തായപ്പോൾ നായകനായ ഓപ്പണർ രോഹിത് ശർമ 31 റൺസെടുത്തു. എന്നാൽ ടീമിനെ വിജയ തീരത്തെത്തിക്കാൻ നായകനായില്ല. പീറ്റർ ഹാൻഡ്‌സ്‌കോംപ് താരത്തെ റണ്ണൗട്ടാക്കി. വൺഡൗണായെത്തിയ ചേതേശ്വർ പൂജാര 31 റൺസുമായി പുറത്താകാതെ നിന്നു. താരവും 23 റൺസെടുത്ത വിക്കറ്റ് കീപ്പർ ബാറ്റർ ശ്രീകാർ ഭരതും ചേർന്നാണ് ചെറിയ ടോട്ടൽ മറികടക്കാൻ ഇന്ത്യയെ സഹായിച്ചത്. രണ്ട് ഇന്നിംഗ്‌സുകളിലായി പത്ത് വിക്കറ്റ് നേടിയ രവീന്ദ്ര ജഡേജയാണ് കളിയിലെ താരം.
വിരാട് കോഹ്‌ലി 20 റൺസെടുത്ത് ടോഡ് മർഫിയുടെ പന്തിൽ പുറത്തായി. അലക്‌സ് കാരി സ്റ്റംമ്പ് ചെയ്യുകയായിരുന്നു. എന്നാൽ അതിവേഗത്തിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ 25,000 റൺസെന്ന നേട്ടം കൊയ്യാൻ കോഹ്‌ലിക്കായി. 12 റൺസെടുത്ത ശ്രേയസ് അയ്യരും പുറത്തായി. ലിയോണിന്റെ പന്തിൽ മർഫി ക്യാച്ചെടുക്കുകയായിരുന്നു.
മൂന്നാം ദിനം ബാറ്റിങ് ആരംഭിച്ച ആസ്‌ത്രേലിയയുടെ എല്ലാവരും 113 റൺസിന് പുറത്തായിരുന്നു. ഏഴ് വിക്കെറ്റെടുത്ത രവീന്ദ്ര ജഡേജയാണ് ആസ്ത്രലിയയെ പിടിച്ചു കെട്ടിയത്. രവിചന്ദ്രൻ അശ്വിൻ മൂന്ന് വിക്കറ്റെടുത്തു. സ്പിന്നർമാരുടെ തന്നെ ബലത്തിൽ ആദ്യ ടെസ്റ്റ് ഇന്ത്യ സ്വന്തമാക്കിയിരുന്നു. നാല് ടെസ്റ്റ് മത്സരങ്ങളാണ് ആസ്‌ത്രേലിയക്കെതിരായ പരമ്പരയിലുള്ളത്.
India won by six wickets against Australia Second Test