അർധ സെഞ്ച്വറിയുമായി സഞ്ജു സാംസൺ; വിൻഡീസിനെതിരെ അവസാന ഓവറിൽ ഇന്ത്യക്ക് ജയം, പരമ്പര

അക്സർ പട്ടേലിന്റെ മിന്നും പ്രകടനമാണ് (35 പന്തിൽ 64 റൺസ്) ഇന്ത്യയെ വിജയത്തിലെത്തിച്ചത്. ജയത്തോടെ മൂന്ന് മത്സരങ്ങൾ അടങ്ങിയ പരമ്പര (2-0) ഇന്ത്യ സ്വന്തമാക്കി. സ്‌കോർ: വിൻഡീസ്-311/6 (50 ഓവർ), ഇന്ത്യ-312/8 (49.4 ഓവർ)

Update: 2022-07-25 01:07 GMT
Advertising

ട്രിനിനാഡ്: അവസാന ഓവർ വരെ ആവേശം നിറഞ്ഞ മത്സരത്തിൽ വിൻഡീസിനെതിരേ ഇന്ത്യക്ക് ത്രസിപ്പിക്കുന്ന വിജയം. രണ്ട് വിക്കറ്റിനാണ് ഇന്ത്യയുടെ ജയം. 312 റൺസ് ലക്ഷ്യമിട്ടിറങ്ങിയ ഇന്ത്യ രണ്ടു പന്തുകൾ ശേഷിക്കെ ലക്ഷ്യം കണ്ടു. അക്സർ പട്ടേലിന്റെ മിന്നും പ്രകടനമാണ് (35 പന്തിൽ 64 റൺസ്) ഇന്ത്യയെ വിജയത്തിലെത്തിച്ചത്. ജയത്തോടെ മൂന്ന് മത്സരങ്ങൾ അടങ്ങിയ പരമ്പര (2-0) ഇന്ത്യ സ്വന്തമാക്കി. സ്‌കോർ: വിൻഡീസ്-311/6 (50 ഓവർ), ഇന്ത്യ-312/8 (49.4 ഓവർ)

അവസാന ഓവറുകളിൽ അടിച്ചുകളിച്ച അക്സർ പട്ടേലിന് പുറമേ അർധ സെഞ്ചുറി നേടിയ ശ്രേയസ് അയ്യരുടെയും (71 പന്തിൽ 63 റൺസ്) മലയാളി താരം സഞ്ജു സാംസണിന്റെയും (51 പന്തിൽ 54 റൺസ്) ഇന്നിങ്സാണ് ഇന്ത്യയെ വിജയത്തിലെത്തിച്ചത്. ഏകദിന കരിയറിൽ സഞ്ജുവിന്റെ ആദ്യ ഏകദിന അർധ സെഞ്ച്വറിയാണിത്. 182 റൺസ് സ്ട്രൈക്ക് റേറ്റിൽ അഞ്ച് സിക്സും മൂന്ന് ഫോറും അടങ്ങിയതായിരുന്നു അക്സറിന്റെ മിന്നും പ്രകടനം. കളിയിലെ താരവും അക്സറാണ്.

വിൻഡീസ് ഉയർത്തിയ 312 റൺസ് ലക്ഷ്യമിട്ടിറങ്ങിയ ഇന്ത്യയുടെ തുടക്കം ശുഭകരമായിരുന്നില്ല. 79 റൺസിനിടെ ധവാനും ശുഭ്മാൻ ഗില്ലും സൂര്യകുമാർ യാദവും മടങ്ങിയതോടെ ഇന്ത്യ പ്രതിരോധത്തിലായി. പിന്നീട് ഒത്തുചേർന്ന ശ്രേയസ് അയ്യർ-സഞ്ജു സാംസൺ സഖ്യമാണ് ഇന്ത്യയെ പതിയെ മത്സരത്തിലേക്ക് തിരിച്ചെത്തിച്ചത്. ഇരുവരും ചേർന്ന് നാലാം വിക്കറ്റിൽ 99 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. ശ്രേയസ് പുറത്തായതിന് പിന്നാലെ സഞ്ജു റണ്ണൗട്ടായി മടങ്ങിയോതോടെ വിൻഡീസ് പിടിമുറുക്കി. എന്നാൽ വിൻഡീസ് പ്രതീക്ഷകളെ തച്ചുടച്ച് വാലറ്റത്തെ കൂട്ടുപിടിച്ച് ഒരുവശത്ത് നിലയുറപ്പിച്ച് തകർത്തടിച്ച അക്സർ കളി ഇന്ത്യയുടെ വരുതിയിലാക്കുകയായിരുന്നു.

അവസാന മൂന്ന് പന്തിൽ ആറ് റൺസായിരുന്നു ഇന്ത്യയ്ക്ക് വേണ്ടത്. കൈയൽ മയേഴ്സ് എറിഞ്ഞ നാലാം പന്ത് സിക്സർ പറത്തിയാണ് അക്സർ വിജയറൺ കുറിച്ചത്. വിൻഡീസ് മണ്ണിൽ ഏകദിനത്തിൽ ഒരു ടീം പിന്തുടർന്ന് ജയിക്കുന്ന ഏറ്റവും ഉയർന്ന മൂന്നാമത്തെ സ്‌കോറാണിത്.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത് വിൻഡീസ് നൂറാം മത്സരത്തിൽ സെഞ്ച്വറി നേടിയ ഓപ്പണർ ഷായ് ഹോപ്പിന്റെ ബാറ്റിങ് മികവിലാണ് മികച്ച സ്‌കോറിലെത്തിയത്. 135 പന്തിൽ നിന്ന് 115 റൺസെടുത്താണ് ഹോപ്പ് മടങ്ങിയത്. ടോസ് നേടിയ വിൻഡീസ് നായകൻ നിക്കോളസ് പൂരൻ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. നായകന്റെ തീരുമാനം ശരിവെക്കുന്ന രീതിയിലായിരുന്നു വിൻഡീസ് ബാറ്റർമാരുടെ പ്രകടനം.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News