'സഞ്ജു മുതൽ റിങ്കു വരെ': ബാറ്റിങ് ഷോയിൽ ഒന്നുമല്ലാതായി അയർലാൻഡ്, ഇന്ത്യക്ക് പരമ്പര
മഴമുടക്കിയ ആദ്യ മത്സരത്തിൽ ഡെക്ക്‍വർത്ത് ലൂയിസ് നിയമ പ്രകാരം രണ്ട് റൺസിനായിരുന്നു ടീമിന്റെ വിജയം.
ഡുബ്ലിന്‍: അയര്‍ലാന്‍ഡിനെതിരായ മൂന്ന് മത്സരങ്ങളടങ്ങിയ ടി20 പരമ്പര ഇന്ത്യ സ്വന്തമാക്കി(2-0). രണ്ടാം മത്സരത്തിൽ 33 റൺസിനാണ് ഇന്ത്യയുടെ വിജയം. മത്സരത്തിൽ ഇന്ത്യക്കായി ഋതുരാജ് ഗെയിക്‌വാദ്, സഞ്ജു സാംസൺ, റിങ്കു സിംഗ് എന്നിവർ ബാറ്റിങിൽ തിളങ്ങി. മഴമുടക്കിയ ആദ്യ മത്സരത്തിൽ ഡെക്ക്‍വർത്ത് ലൂയിസ് നിയമ പ്രകാരം രണ്ട് റൺസിനായിരുന്നു ടീമിന്റെ വിജയം. ബുധനാഴ്ച്ച പരമ്പരയിലെ അവസാന മത്സരം നടക്കും.
എത്ര റൺസ് പിറന്നാലും അടിച്ചെടുക്കാം എന്ന് കണ്ടിട്ടാകണം അയർലാൻഡ് നായകൻ പോൾ സ്റ്റിർലിങ് ടോസ് നേടിയതിന് പിന്നാലെ ഇന്ത്യയെ ബാറ്റിങിന് അയച്ചത്. എന്നാൽ തീരുമാനം തെറ്റി. ഇന്ത്യക്ക് ഡബ്ലിൻ പോലെ ചെറിയ ഗ്രൗണ്ടിൽ പൊരുതാവുന്ന സ്‌കോറെ നേടാനായുള്ളൂവെങ്കിലും ബുംറ നയിക്കുന്ന പേസ് ആക്രമണത്തിന് മുന്നിൽ പിഴച്ചു. ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 185 റൺസാണ് നേടിയത്.
ഉപനായകൻ ഋതുരാജ് ഗെയിക്‌വാദ് 58 റൺസെടത്ത് ടോപ് സ്‌കോററായപ്പോൾ മിന്നൽ ബാറ്റിങുമായി മലയാളി താരം സഞ്ജു സാംസണും ഐ.പി.എൽ ഹിറോ റിങ്കു സിങും കളം നിറഞ്ഞു. സഞ്ജു 26 പന്തിൽ നിന്ന് 40 റൺസ് നേടിയപ്പോൾ കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ട റിങ്കു നേടിയത് 21 പന്തിൽ 38. അഞ്ച് ഫോറും ഒരു സിക്‌സറും അടങ്ങുന്നതായിരുന്നു സഞ്ജുവിന്റെ ഇന്നിങ്‌സ്. വിൻഡീസിനെതിരായ പരമ്പരയിലെ മോശം ഫോമിന്റെ കറ മായ്ച്ച് കളയുന്നൊരു ഇന്നിങ്‌സ്. ടോപ് ടച്ചിലാണെന്ന് തോന്നിപ്പിച്ചെങ്കിലും വൈറ്റ് സഞ്ജുവിന്റെ അര്‍ധ സെഞ്ച്വറി മുടക്കി.
റിങ്കുവും ശിവം ദുബെയും ചേർന്നാണ് ടീമിനെ പൊരുതാവുന്ന സ്‌കോറിൽ എത്തിച്ചത്. മൂന്ന് സിക്‌സറുകളും രണ്ട് ബൗണ്ടറിയും റിങ്കുവിന്റെ ബാറ്റിൽ നിന്നും പിറന്നു. ദുബെ 16 പന്തിൽ നിന്ന് 22 റൺസുമായി പുറത്താകാതെ നിന്നു. മറുപടി ബാറ്റിങിൽ അയർലാൻഡിന് തുടക്കം തന്നെ പിഴച്ചു. ടീം സ്‌കോർ 19ൽ നിൽക്കെ പ്രസിദ്ധ് കൃഷ്ണയുടെ 'ഡബിൾ അറ്റാക്ക്'. നായകൻ പോൾ സ്റ്റിർലിങും, ലോർക്കാൻ ടക്കറും അക്കൗണ്ട് തുറക്കാനാവാതെ പുറത്ത്. അവിടം തുടങ്ങി ആതിഥേയരുടെ കിതപ്പ്. പിന്നെ അങ്ങിങ്ങായി വിക്കറ്റുകൾ വീണു.
എന്നാൽ ഓപ്പണറായി എത്തിയ ബിൽബർണി(72)ചില പൊടിക്കൈകൾ പുറത്തെടുത്തെങ്കിലും 152 റൺസിൽ അയർലാൻഡിന്റെ പോരാട്ടം അവസാനിച്ചു. ഇന്ത്യക്ക് മുഴുവൻ വിക്കറ്റുകളും വീഴ്ത്താനായില്ല എന്നത് അയർലാൻഡിന് ആശ്വസിക്കാം. ഇന്ത്യക്കായി ബുംറ, പ്രസിദ്ധ് കൃഷ്ണ, രവി ബിഷ്‌ണോയി എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. നാല് ഓവറിൽ ഒരു മെയ്ഡൻ ഓവർ അടക്കം വെറും 15 റൺസ് മാത്രം വിട്ടുകൊടുത്തായിരുന്നു ബുംറയുടെ പ്രകടനം. നായകനായ ആദ്യ പരമ്പര സ്വന്തമാക്കാനും ബുംറക്കായി. അർഷ്ദീപ് ഒരു വിക്കറ്റ് സ്വന്തമാക്കി.