ഏകദിന ലോകകപ്പ് മുന്നൊരുക്കങ്ങൾക്ക് ഇന്ത്യ: വിൻഡീസിനെതിരെ ആദ്യ ഏകദിനം ഇന്ന്, സഞ്ജുവിന് സാധ്യത

ടെസ്‌റ്റ്‌ പരമ്പര സ്വന്തമാക്കിയ രോഹിത്‌ ശർമയും കൂട്ടരും ഏകദിന പരമ്പരയും പിടിയിലൊതുക്കാനാണ്‌ ലക്ഷ്യമിടുന്നത്‌

Update: 2023-07-27 01:18 GMT
Editor : rishad | By : Web Desk
Advertising

ബാര്‍ബഡോസ്: വെസ്റ്റ്ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യയുടെ ആദ്യമത്സരം ഇന്ന് . ടെസ്‌റ്റ്‌ പരമ്പര സ്വന്തമാക്കിയ രോഹിത്‌ ശർമയും കൂട്ടരും ഏകദിന പരമ്പരയും പിടിയിലൊതുക്കാനാണ്‌ ലക്ഷ്യമിടുന്നത്‌. മലയാളി താരം സഞ്ജു സാംസൺ ടീമിൽ ഇടം നേടിയേക്കും. ഇന്ത്യൻ സമയം രാത്രി ഏഴിനാണ് മത്സരം.

ഇന്ത്യയെ സംബന്ധിച്ചിടത്തോളം ലോകകപ്പാണ് മുന്നിൽ. ലോകകപ്പ് മുന്നൊരുക്കങ്ങളാണ് വിൻഡീസിനെതിരായ പരമ്പരയിലൂടെ തുടക്കമിടുന്നത്. ആരൊക്കെ ടീമിൽ വേണമെന്നതുൾപ്പെടെയുള്ള കാര്യങ്ങൾ വിൻഡീസ് പരമ്പര മുതൽ ആലോചിച്ച് തുടങ്ങും. അതേസമയം ലോകകപ്പിന് യോഗ്യത ലഭിക്കാത്ത വിൻഡീസിന് ഈ ഏകദിന പരമ്പരകൊണ്ട് വലിയ നേട്ടങ്ങളൊന്നും ഇല്ല.

ടെസ്റ്റിൽ ഏറ്റ തോൽവിയിൽ നിന്ന് കരകയറുക എന്നത് മാത്രമാകും അവരുടെ ചിന്ത. ശേഷം നടക്കുന്ന ടി20 പരമ്പരയിലാകും വിൻഡീസ് കണ്ണുവെക്കുക. മത്സരത്തിന് മഴ ഭീഷണിയില്ലെന്നാണ് കാലാവസ്ഥാ റിപ്പോർട്ട്. അതേസമയം ഇന്ത്യൻ ടീമിൽ ആരൊക്കെ വരും എന്ന് ഉറപ്പില്ല. സൂര്യകുമാർ യാദവ് ഐപിഎല്ലിൽ ഫോം വീണ്ടെടുത്തെങ്കിലും അവസാന ഏകദിന പരമ്പര താരത്തിന് നിരാശയായിരുന്നു. എന്നാൽ ശ്രേയസ് അയ്യറിന്റെ അഭാവത്തിൽ സൂര്യകുമാറിന് ഇടംലഭിച്ചേക്കും. വിക്കറ്റ് കീപ്പറുടെ കാര്യത്തിലാണ് ഇന്ത്യക്ക് സംശയമുള്ളത്.

സഞ്ജുവിന് പുറമെ ഇഷൻ കിഷൻ കൂടിയുണ്ട്. ഒന്നാം വിക്കറ്റ് കീപ്പർ ഓപ്ഷനായി ആരു വരും എന്നത് ഇപ്പോഴും വ്യക്തമല്ല. ടെസ്റ്റിലെ ഫോം തുടരട്ടെ എന്ന് തീരുമാനിച്ചാൽ ഇഷൻ കിഷനായിരിക്കും സാധ്യത. അഞ്ച് പേസർമാർ ഇന്ത്യൻ നിരയിലുണ്ട്.

ഇന്ത്യൻ ടീം സാധ്യതാ ഇലവൻ ഇങ്ങനെ;  രോഹിത് ശർമ്മ (നായകന്‍), ശുഭ്മാൻ ഗിൽ, വിരാട് കോഹ്‌ലി, ഇഷാൻ കിഷൻ/സഞ്ജു സാംസൺ (വിക്കറ്റ്കീപ്പര്‍മാര്‍), ഹാർദിക് പാണ്ഡ്യ, സൂര്യകുമാർ യാദവ്, രവീന്ദ്ര ജഡേജ, കുൽദീപ് യാദവ്, ഉംറാൻ മാലിക്, മുഹമ്മദ് സിറാജ്, ജയദേവ് ഉനദ്കട്ട്/മുകേഷ് കുമാർ

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News