ഇനി ഇന്ത്യൻ പിച്ചുകളെ കുറിച്ച് പരാതി പറയരുത്-രോഹിത് ശർമ്മ
എല്ലാതരത്തിലുമുള്ള പിച്ചുകളിലും കളിക്കാൻ ഞങ്ങൾ റെഡിയാണ്. എന്നാൽ ഇന്ത്യയിലെ പിച്ചുകളെ മാത്രം കുറ്റപ്പെടുത്തി സംസാരിക്കരുത്. പരാതികൾ ഏകപക്ഷീയമാകരുതെന്നും അദ്ദേഹം പറഞ്ഞു.
കേപ്ടൗൺ: ഒന്നരദിവസംകൊണ്ട് ടെസ്റ്റ് പരമ്പര അവസാനിച്ചതോടെ കേപ്ടൗൺ പിച്ചിനെയും ഐ.സി.സിയേയും പരോക്ഷമായി വിമർശിച്ച് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. കേപ്ടൗൺ പിച്ചിൽ കളി വേഗത്തിൽ തീർന്നു. ആർക്കും ഇതേകുറിച്ചൊരു പരാതിയില്ല. എന്നാൽ ഇന്ത്യയിൽ വന്നാൽ പിച്ചുകളെ കുറിച്ച് പരാതികളാണെന്നും രോഹിത് ശർമ്മ പറഞ്ഞു.
ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും ചെറിയ മത്സരമാണ് കേപ്ടൗണിൽ നടന്നത്. ആദ്യദിനത്തിൽ 23 വിക്കറ്റുകളാണ് വീണത്. പേസ് ബൗളർമാരെ തുണക്കുന്ന പിച്ചിൽ ഇന്ത്യ മികച്ച വിജയം സ്വന്തമാക്കുകയും ചെയ്തു. ആകെ വീണ 33 വിക്കറ്റുകളിൽ 32ഉം പേസർമാരാണ് സ്വന്തമാക്കിയത്. ഇതോടെയാണ് പിച്ചുകളെ കുറിച്ച് പ്രതികരണവുമായി ഇന്ത്യൻ ക്യാപ്റ്റൻ രംഗത്തെത്തിയത്. ടെസ്റ്റിൽ എന്താണ് സംഭവിച്ചതെന്ന് നാം കണ്ടു. എല്ലാതരത്തിലുമുള്ള പിച്ചുകളിലും കളിക്കാൻ ഞങ്ങൾ റെഡിയാണ്. എന്നാൽ ഇന്ത്യയിലെ പിച്ചുകളെ മാത്രം കുറ്റപ്പെടുത്തി സംസാരിക്കരുത്. പരാതികൾ ഏകപക്ഷീയമാകരുതെന്നും അദ്ദേഹം പറഞ്ഞു.
ഏകദിന ലോകകപ്പ് ഫൈനലിന് വേദിയായ സ്റ്റേഡിയം മോശമെന്ന് പറഞ്ഞത് തനിക്ക് ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ല. ലോകകപ്പിന്റെ ഫൈനലിൽ ഒരു താരം സെഞ്ചുറി നേടിയതല്ലേ. എന്നിട്ടും ആ ഗ്രൗണ്ട് മോശമെന്ന് രേഖപ്പെടുത്തിയത് എന്തിനാണെന്നും രോഹിത് ചോദിച്ചു.1932ൽ മെൽബണിലാണ് ഏറ്റവും ദൈർഘ്യം കുറഞ്ഞ ടെസ്റ്റ് മത്സരം നടന്നത്. ആസ്‌ത്രേലിയക്കെതിരെ അന്നും തോൽവി വഴങ്ങിയത് ദക്ഷിണാഫ്രിക്കയായിരുന്നു. വെറും 656 പന്ത് കൊണ്ടുതീർന്ന മത്സരത്തിൽ 72 റൺസിനായിരുന്നു ഓസീസ് വിജയം.