ഓപ്പണിങ്ങില്‍ വിരാട് കോഹ്‌ലിയെ പരിഗണിക്കുമെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ
ട്വന്റി-20 ലോകകപ്പിനുള്ള തയ്യാറെടുപ്പിലാണ് ടീം ഇന്ത്യ. അടുത്ത മാസം ആരംഭിക്കുന്ന ലോകകപ്പിനുള്ള ടീമിനെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു
ന്യൂഡല്‍ഹി: ടി20ലോകകപ്പില്‍ ഓപ്പണിങ്ങില്‍ വിരാട് കോഹ്‌ലിയെ പരിഗണിക്കുമെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ. ആസ്‌ട്രേലിയക്കെതിരായ ടി20 പരമ്പരയ്ക്ക് മുന്‍പായാണ് രോഹിത് ശര്‍മയുടെ പ്രതികരണം. മൂന്നാം ഓപ്പണറായാണ് കോഹ്‌ലിയെ പരിഗണിക്കുന്നത് എന്നും രോഹിത് പറഞ്ഞു.
ട്വന്റി-20 ലോകകപ്പിനുള്ള തയ്യാറെടുപ്പിലാണ് ടീം ഇന്ത്യ. അടുത്ത മാസം ആരംഭിക്കുന്ന ലോകകപ്പിനുള്ള ടീമിനെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ടീം തെരഞ്ഞെടുപ്പില്‍ ഒരുപാട് വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.
'കോഹ്‌ലി ഓപ്പണ്‍ ചെയ്യുന്നു എന്നത് ഞങ്ങള്‍ക്ക് മുന്‍പിലെ ഒരു സാധ്യയാണ്. അത് ഞങ്ങള്‍ മനസില്‍ വെക്കുന്നു. ഐപിഎല്ലില്‍ തന്റെ ഫ്രാഞ്ചൈസിക്ക് വേണ്ടി കോഹ്‌ലി ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുന്നുണ്ട്, അതില്‍ മികവ് കാണിച്ചിട്ടുമുണ്ട്. അതിനാല്‍ ഓപ്പണിങ്ങില്‍ കോഹ്‌ലി എന്നത് ഉറപ്പായ ഓപ്ഷനാണ് എന്നും രോഹിത് വ്യക്തമാക്കി.
ഏഷ്യാ കപ്പിലെ അവസാന മത്സരത്തില്‍ മുന്‍ നായകന്‍ വിരാട് കോഹ്‌ലിയെ ഓപ്പണിങ്ങില്‍ കളിപ്പിച്ചിരുന്നു. അഫ്ഗാനെതിരെയുള്ള മത്സരത്തില്‍ താന്‍ മൂന്ന് വര്‍ഷമായി കാത്തിരുന്ന 71ാം സെഞ്ച്വറി വിരാട് സ്വന്തമാക്കുകയായിരുന്നു. വിരാടിനെ ഓപ്പണറായി തന്നെ ഇന്ത്യ കളിപ്പിക്കണമെന്ന് ഒരുപാട് ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയിലും അല്ലാതെയും നടക്കുന്നുണ്ട്. ഇതിനെ കുറിച്ച് പരിഗണനയിലുണ്ടെന്നാണ് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ പറയുന്നത്.
മൂന്ന് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയാണ് ആസ്ട്രേലിയക്കെതിരെ കളിക്കാനുള്ളത്. സെപ്റ്റംബര്‍ 20-ന് മൊഹാലിയിലാണ് ആദ്യ ടി20. രണ്ടാം ടി20 23ന് നാഗ്പൂരിലും മൂന്നാം ടി20 ഹൈദരാബാദിലും നടക്കും. എല്ലാ മത്സരങ്ങളും വൈകീട്ട് 7.30നാണ്. ആസ്ടട്രേലിയന്‍ പരമ്പരക്ക് പിന്നാലെ ദക്ഷിണാഫ്രിക്കയ്ക്കെതിരെയും ഇന്ത്യക്ക് കളിക്കാനുണ്ട്.