'ഇന്ത്യ ബ്രിട്ടീഷുകാർ നൽകിയ പേര്, ലോകകപ്പിൽ കളിക്കാരുടെ നെഞ്ചിൽ ഭാരത് എന്നു വേണം'; ആവശ്യവുമായി സെവാഗ്
ഇന്ത്യയുടെ പേര് കേന്ദ്രസർക്കാർ ഭാരത് എന്നാക്കി മാറ്റുമെന്ന റിപ്പോർട്ടുകൾക്കിടെയാണ് സെവാഗിന്റെ പ്രതികരണം.
മുംബൈ: ടീം ഇന്ത്യയുടെ ലോകകപ്പ് ജഴ്‌സിയിൽ ഇന്ത്യ എന്നതിന് പകരം ഭാരത് എന്നെഴുതണമെന്ന ആവശ്യവുമായി മുൻ ഇന്ത്യൻ താരം വീരേന്ദർ സെവാഗ്. ഇന്ത്യ ബ്രിട്ടീഷുകാർ നൽകിയ പേരാണെന്നും അദ്ദേഹം ആരോപിച്ചു. ഇന്ത്യയുടെ പേര് കേന്ദ്രസർക്കാർ ഭാരത് എന്നാക്കി മാറ്റുമെന്ന റിപ്പോർട്ടുകൾക്കിടെയാണ് സെവാഗിന്റെ പ്രതികരണം.
'പേര് നമ്മുടെ ഉള്ളിൽ അഭിമാനം നിറയ്ക്കുന്നതാകണം എന്നു ഞാൻ വിശ്വസിക്കുന്നു. നമ്മൾ ഭാരതീയരാണ്. ബ്രിട്ടീഷുകാർ നൽകിയ പേരാണ് ഇന്ത്യ. ഭാരത് എന്ന പേര് ഔദ്യോഗികമായി തിരിച്ചുകിട്ടാൻ കാലതാമസമുണ്ടായി. ലോകകപ്പിൽ നമ്മുടെ കളിക്കാരുടെ നെഞ്ചത്ത് (ജഴ്‌സിയിൽ) ഭാരത് എന്നുണ്ടാകാൻ ഉറപ്പുവരുത്തണമെന്ന് ബിസിസിഐയോടും ജയ് ഷായോടും അഭ്യർത്ഥിക്കുന്നു' - സെവാഗ് എക്‌സിൽ (നേരത്തെ ട്വിറ്റർ) കുറിച്ചു.
ഹോളണ്ട് രാജ്യത്തിന്റെ പേര് നെതർലാൻഡ്‌സ് ആക്കി മാറ്റിയത് മാതൃകമായി എടുക്കാമെന്നും അദ്ദേഹം പറഞ്ഞു. '1996ലെ ലോകകപ്പിൽ നെതർലാൻഡ്‌സ്, ഹോളണ്ട് എന്ന പേരിലാണ് ഭാരതത്തിൽ കളിക്കാനെത്തിയത്. 2003ൽ നമ്മൾ അവരുമായി ഏറ്റുമുട്ടിയപ്പോൾ അവർ നെതർലാൻഡ്‌സ് ആയി മാറിയിട്ടുണ്ട്. അതു തുടരുന്നു. ബ്രിട്ടീഷുകാർ നൽകിയ ബർമ എന്ന പേര് അവർ മാറ്റി മ്യാന്മറിലേക്ക് തിരിച്ചുപോയി. മറ്റൊരുപാട് രാഷ്ട്രങ്ങളും അവരുടെ യഥാർത്ഥ പേരിലേക്ക് തിരിച്ചു പോയി' - സെവാഗ് പറഞ്ഞു.
രാഷ്ട്രീയത്തിൽ താത്പര്യമില്ലെന്നും അദ്ദേഹം മറ്റൊരു ട്വീറ്റിൽ കുറിച്ചു. കഴിഞ്ഞ രണ്ടു തെരഞ്ഞെടുപ്പുകളിൽ പ്രധാനപ്പെട്ട രാഷ്ട്രീയപ്പാർട്ടികൾ തന്നെ സമീപിച്ചിരുന്നതായും സെവാഗ് പറയുന്നു.
അതിനിടെ, സെവാഗിന്റെ അഭിപ്രായ പ്രകടനത്തിനെതിരെ നിരവധി പേർ രംഗത്തെത്തി. ബ്രിട്ടീഷുകാർ കണ്ടുപിടിച്ച കളി കുറേക്കാലം കളിച്ച ഒരാളാണ് ഈ ആവശ്യവുമായി രംഗത്തെത്തുന്നത് എന്ന് ഒരു എക്‌സ് യൂസർ പ്രതികരിച്ചു. ഇന്ത്യയുടെ പേര് ബ്രിട്ടൻ നൽകിയതല്ല അത് സിന്ധു (ഇൻഡസ്) നദിയിൽ നിന്ന് ഉത്ഭവിച്ചു വന്നതാണെന്നും ചിലർ ചൂണ്ടിക്കാട്ടി.