കൊല്‍ക്കത്തക്കെതിരെ തകര്‍പ്പന്‍ ജയം; ലക്നൌ പ്ലേ ഓഫിനരികെ
കൊല്‍ക്കത്തക്ക് യാതൊരു അവസരവും കൊടുക്കാതെ ലക്നൌവിന്‍റെ കിടിലന്‍ ടീം ഗെയിം. 75 റണ്‍സിന് കൊല്‍ക്കത്തയെ തകര്‍ത്തെറിഞ്ഞ് ലക്നൌ
ആദ്യം ബാറ്റുകൊണ്ട് തകര്‍പ്പന്‍ അടി. പിന്നീട് പന്തുകൊണ്ട് എറിഞ്ഞ് ചുരുട്ടി. കൊല്‍ക്കത്തക്ക് യാതൊരു അവസരവും കൊടുക്കാതെ ലക്നൌവിന്‍റെ കിടിലന്‍ ടീം ഗെയിം. ഒടുവില്‍ 75 റണ്‍സിന് കൊല്‍ക്കത്തയെ തകര്‍ത്തെറിഞ്ഞ് ലക്നൌ പ്ലേ ഓഫിലേക്ക് ഒരു ചുവടുകൂടി അടുത്തു.
ലക്നൌ ഉയര്‍ത്തിയ 177 റണ്‍സിന്‍റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ കൊല്‍ക്കത്തക്ക് 101 റണ്‍സെടുക്കുമ്പോഴേക്കും മുഴുവന്‍ വിക്കറ്റും നഷ്ടമായിരുന്നു. മൂന്ന് താരങ്ങള്‍ക്ക് മാത്രമാണ് കൊല്‍ക്കത്തന്‍ നിരയില്‍ രണ്ടക്കമെങ്കിലും കടക്കാന്‍ കഴിഞ്ഞത്. കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ വീണുകൊണ്ടിരുന്നു. 45 റണ്‍സെടുത്ത ആന്ദ്രെ റസലാണ് കൊല്‍ക്കത്തയുടെ ടോപ്സ്കോററര്‍.
മൂന്നുവീതം വിക്കറ്റുകള്‍ വീഴ്ത്തിയ ആവേശ് ഖാനും ജേസണ്‍ ഹോള്‍ഡറുമാണ് കൊല്‍ക്കത്തയുടെ നടുവൊടിച്ചത്. ഒന്ന് പൊരുതിനോക്കാന്‍ പോലുമാകാതെ 15 ആം ഓവറില്‍ കൊല്‍ക്കത്തയുടെ പതിനൊന്നാമനും കൂടാരം കയറി.
ആദ്യം ബാറ്റുചെയ്ത ലക്നൌ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 176 റൺസാണ് നേടിയത്. ക്വിന്‍റണ്‍ ഡി കൊക്കും ദീപക് ഹൂഡയും ചേര്‍ന്ന് മികച്ച തുടക്കം നൽകിയെങ്കിലു പിന്നീട് വിക്കറ്റുകള്‍ തുലച്ച ലക്നൌ 19 ആം ഓവറിലാണ് വീണ്ടും കളിയിലേക്ക് മടങ്ങിവന്നത്. ശിവം മാവിയുടെ 19ാം ഓവറില്‍ അഞ്ച് സിക്സറുകളാണ് ലക്നൌ ബാറ്റര്‍മാര്‍ പറത്തിയത്.
ആദ്യ മൂന്ന് പന്തുകളിൽ സ്റ്റോയിനിസ് സിക്സര്‍ നേടിയ ശേഷം നാലാം പന്തിൽ പുറത്തായി. പിന്നീടെത്തിയ ജേസൺ ഹോള്‍ഡര്‍ അടുത്ത രണ്ട് പന്തിൽ സിക്സര്‍ നേടി. 30 റൺസാണ് ആ ഓവറിൽ നിന്ന് പിറന്നത്.
ഒരു പന്ത് പോലും നേരിടാതെ ക്യാപ്റ്റന്‍ രാഹുല്‍ ഗോള്‍ഡന്‍ ഡക്കായി റണ്ണൗട്ടായി മടങ്ങിയപ്പോള്‍ ലക്നൗവിന്റെ കൗണ്ടര്‍ അറ്റാക്കിംഗാണ് പിന്നെ കണ്ടത്. ക്വിന്റൺ ഡി കോക്കും ദീപക് ഹൂഡയും കൊല്‍ക്കത്ത ബൗളര്‍മാരെ തെരഞ്ഞ് പിടിച്ചടിച്ചപ്പോള്‍ 7.2 ഓവറിൽ 73 റൺസിലേക്ക് ലക്നൗ കുതിച്ചു. 29 പന്തിൽ 50 റൺസ് നേടിയ ക്വിന്റൺ ഡി കോക്കിനെ നരൈന്‍ പുറത്താക്കിയപ്പോള്‍ 27 പന്തിൽ 41 റൺസ് നേടിയ ദീപക് ഹൂഡ റസ്സലിന് വിക്കറ്റ് നല്‍കി മടങ്ങി.
സ്കോര്‍ ചെയ്യാന്‍ ബുദ്ധിമുട്ടിയ ക്രുണാൽ പാണ്ഡ്യയെ(25) വീഴ്ത്തി റസ്സൽ ലക്നൗവിനെ 122/4 എന്ന നിലയിലേക്ക് വലിച്ചിട്ടു. എന്നാൽ ആക്രമണത്തിന്‍റെ ചുമതലയേറ്റെടുത്ത് മാര്‍ക്കസ് സ്റ്റോയിനിസ് രംഗത്തെത്തുന്നതാണ് പിന്നീട് കണ്ടത്. 14 പന്തിൽ 28 റൺസാണ് സ്റ്റോയിനിസ് നേടിയത്. 4 പന്തിൽ 13 റൺസ് നേടി ജേസൺ ഹോള്‍ഡറും അവസാന ഓവറില്‍ സ്കോറിങിന് വേഗം കൂട്ടി.