തകർത്തടിച്ച് അഭിഷേക് പൊരേൽ; ഡൽഹിക്കെതിരെ പഞ്ചാബ് കിങ്‌സിന് വിജയലക്ഷ്യം 175 റൺസ്
ഒന്നരവർഷത്തിന് ശേഷം കളിക്കളത്തിലേക്ക് മടങ്ങിയെത്തിയ ഋഷഭ് പന്ത് 13 പന്തിൽ 18 റൺസെടുത്തു
ഛണ്ഡീഗഡ്: ഇംപാക്ട് പ്ലെയറായി കളത്തിലെത്തി അവസാന ഓവറുകളിൽ തകർത്തടിച്ച അഭിഷേക് പൊരേലിന്റെ കരുത്തിൽ പഞ്ചാബ് കിങ്‌സിനെതിരെ ഡൽഹി ക്യാപിറ്റൽസിന് മികച്ച ടോട്ടൽ. ടോസ് നഷ്ടമായി ബാറ്റിങിനിറങ്ങിയ ഡൽഹി 20 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 174 റൺസെടുത്തു. അവസാന ഓവറിൽ തകർത്തടിച്ച അഭിഷേക് പൊരേൽ 10 പന്തിൽ രണ്ട് സിക്‌സും നാല് ബൗണ്ടറിയും സഹിതം 32 റൺസെടുത്തു.
അവസാന ഓവർ എറിഞ്ഞ ഹർഷൽ പട്ടേലിനെ രണ്ട് സിക്‌സും മൂന്ന് ബൗണ്ടറിയും പറത്തിയ താരം 25 റൺസാണ് നേടിയത്. ഒന്നരവർഷത്തിന് ശേഷം ഋഷഭ് പന്ത് കളിക്കളത്തിലേക്ക് മടങ്ങിയെത്തി. ഓപ്പണിങിൽ മികച്ച തുടക്കം ലഭിച്ചെങ്കിലും മധ്യനിര ബാറ്റ്‌സ്മാൻമാർ കളിമറന്നതോടെ ഡൽഹിയുടെ ബാറ്റിങിൽ റണ്ണൊഴുക്കുണ്ടായില്ല. ഓപ്പണിങിൽ ഓസീസ് കൂട്ടുകെട്ടാണ് ഡൽഹി പരീക്ഷിച്ചത്. ഡേവിഡ് വാർണർ 21 പന്തിൽ 29 റൺസെടുത്തും മിച്ചൽ മാർഷ് 12 പന്തിൽ 20 റൺസെടുത്തും സ്വപ്‌ന തുടക്കം നൽകി. 39 റൺസിൽ നിൽക്കെ മാർഷിനെയാണ് ആദ്യം നഷ്ടമായത്. അർഷ്ദീപ് സിങിനായിരുന്നു വിക്കറ്റ്. സ്‌കോർ 74ൽ നിൽക്കെ വാർണറിനെ ഹർഷൽ പട്ടേൽ വിക്കറ്റ് കീപ്പർ ജിതേഷ് ശർമ്മയുടെ കൈയിലെത്തിച്ചു. തുടർന്ന് ക്രീസിലെത്തിയ ഷായ് ഹോപ്‌സ് ഇന്നിങ്‌സ് മുന്നോട്ട് നയിച്ചു.
25 പന്തിൽ 33 റൺസിൽ നിൽക്കെ ദക്ഷിണാഫ്രിക്കൻ പേസർ കഗിസോ റബാഡെ താരത്തെ പുറത്താക്കിയതോടെ ഡൽഹി വലിയ തിരിച്ചടി നേരിട്ടു. ദീർഘകാലത്തിന് ശേഷം കളിക്കളത്തിലേക്ക് മടങ്ങിയെത്തിയ ഋഷഭ് പന്ത് പ്രതിഭയുടെ മിന്നലാട്ടം പ്രകടിപ്പിച്ചെങ്കിലും ഹർഷൽ പട്ടേലിന്റെ സ്ലോബോൾ കൃത്യമായി കണക്ട് ചെയ്യുന്നതിൽ പരാജയപ്പെട്ടു. അപ്പർകട്ടിന് ശ്രമിക്കവെ ജോണി ബെയ്‌സ്‌റ്റോയുടെ കൈയിൽ അവസാനിച്ചു. 13 പന്തിൽ 18 റൺസായിരുന്നു ഡൽഹി ക്യാപ്റ്റന്റെ സമ്പാദ്യം. ദക്ഷിണാഫ്രിക്കൻ താരം ട്രിസ്റ്റൺ സ്റ്റബ്‌സ്(5), റിക്കിബായ്(3), അക്‌സർ പട്ടേൽ(21), സുമിത് കുമാർ(2)വേഗത്തിൽ പുറത്തായി. എന്നാൽ ഒൻപതാമനായി ക്രീസിലെത്തിയ അഭിഷേക് പൊരേൽ ഡെത്ത് ഓവറിൽ ആഞ്ഞടിച്ചതോടെ സ്‌കോർ 170 കടക്കുകയായിരുന്നു.