ഐ.പി.എല്‍ പൂരത്തിന് ഇന്ന് കൊടിയേറും; ആദ്യ മത്സരം ഗുജറാത്ത് ടൈറ്റൻസും ചെന്നൈ സൂപ്പർ കിങ്സും തമ്മില്‍

പതിവിന് വിപരീതമായി ടോസിന് ശേഷമായിരിക്കും ഇത്തവണ ടീമുകൾ അന്തിമ ഇലവനെ പ്രഖ്യാപിക്കുക

Update: 2023-03-31 01:49 GMT
Editor : ijas | By : Web Desk
Advertising

ഐപിഎല്‍ പതിനാറാം സീസണിന് ഇന്ന് തുടക്കം. ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാമ്പ്യന്‍മാരായ ഗുജറാത്ത് ടൈറ്റൻസും ചെന്നൈ സൂപ്പർ കിങ്സും തമ്മിൽ ഏറ്റുമുട്ടും. രാത്രി 7.30ന് അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് മത്സരം. രണ്ട് മാസത്തോളം നീണ്ടു നില്‍ക്കുന്ന ക്രിക്കറ്റ് പൂരത്തിനാണ് ഇതോടെ കൊടിയേറുന്നത്. പത്ത് ടീമുകളാണ് കിരീടത്തിനായി പോരാടുന്നത്. പന്ത്രണ്ട് വേദികളിലായി 74 മത്സരങ്ങള്‍ നടക്കും.

നിരവധി പ്രത്യേകതളോടെയാണ് പുതിയ സീസൺ തുടക്കമാകുന്നത്. ഇടവേളയ്ക്ക് ശേഷം മത്സരങ്ങൾ ഹോം എവേ രീതിയിലേക്ക് മാറുന്നതും ഇംപാക്ട് പ്ലെയർ നിയമം ഐപിഎല്ലിൽ ആദ്യമായി അവതരിപ്പിക്കപ്പെടുന്നതും ഈ തവണത്തെ പ്രത്യേകതകളാണ്. കളിയുടെ ഗതിക്ക് അനുസരിച്ച് ഒരു കളിക്കാരനെ മാറ്റിയിറക്കാമെന്നതാണ് ഇംപാക്ട് പ്ലെയർ നിയമം. പതിവിന് വിപരീതമായി ടോസിന് ശേഷമായിരിക്കും ഇത്തവണ ടീമുകൾ അന്തിമ ഇലവനെ പ്രഖ്യാപിക്കുക. പകരക്കാരന്‍റെ പേരും ആ സമയത്ത് നൽകണം. വൈഡും നോബോളും ഡി.ആർ.എസ് പരിധിയിൽ വരുന്നു എന്നതും പ്രത്യേകതകളിലൊന്നാണ്.

കന്നി സീസണിൽ കിരീടം നേടിയ ഗുജറാത്ത് ടൈറ്റൻസും മുൻ ചാമ്പ്യൻമാരായ ചെന്നൈ സൂപ്പർ കിങ്സുമാണ് ആദ്യ പോരിൽ ഏറ്റുമുട്ടുന്നത്. ഗുജറാത്തിനെ ഹാർദിക് പാണ്ഡ്യയും ചെന്നൈയെ മുൻ ഇന്ത്യൻ നായകൻ ധോണിയും നയിക്കും. പരിക്കിന്‍റെ പിടിയിലായ ധോണി ഇന്ന് കളിച്ചേക്കില്ലെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ധോണിയുടെ അഭാവത്തിൽ ആരാകും ചെന്നൈയെ നയിക്കുക എന്നതും ആകാംക്ഷയോടെയാണ് ക്രിക്കറ്റ് ആരാധകർ നോക്കിയിരിക്കുന്നത്. ബെന്‍ സ്റ്റോക്ക്സ്, രവീന്ദ്ര ജഡേജ, ഋതുരാജ് ഗെയ്ക്വാദ് എന്നിവർക്കായിരിക്കും അങ്ങനെയെങ്കില്‍ നായകനാവാന്‍ സാധ്യത. 

Tags:    

Writer - ijas

contributor

Editor - ijas

contributor

By - Web Desk

contributor

Similar News