നവമി ആഘോഷ സുരക്ഷാ ക്രമീകരണം; കൊൽക്കത്ത-രാജസ്ഥാൻ മത്സരം മാറ്റിവെച്ചേക്കും
നേരത്തെ പൊതുതെരഞ്ഞെടുപ്പ് പശ്ചാത്തലത്തിൽ സുരക്ഷ മുൻനിർത്തി ഐപിഎൽ രണ്ടാം പകുതി മത്സരങ്ങൾ യുഎഇയിലേക്ക് മാറ്റുമെന്ന് റിപ്പോർട്ടുണ്ടായിരുന്നു.
മുംബൈ: സുരക്ഷാ കാരണം മുൻനിർത്തി കൊൽക്കത്ത നൈറ്റ് റൈഡേഴ്ഡ്-രാജസ്ഥാൻ റോയൽസ് മത്സരം മാറ്റിവെച്ചേക്കും. ഏപ്രിൽ 17ന് കൊൽക്കത്ത ഈഡൻ ഗാർഡനിൽ നടക്കേണ്ട മാച്ചാണ് നവമിയെ തുടർന്ന് മാറ്റിവെക്കാനൊരുങ്ങുന്നത്. ഇതുമായി ബന്ധപ്പെട്ട് മറ്റൊരു ദിവസത്തേക്ക് മത്സരം ക്രമീകരിക്കുന്നതിൽ ബിസിസിഐ ശ്രമം ആരംഭിച്ചതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ബിസിസിഐയും ബംഗാൾ ക്രിക്കറ്റ് അസോസിയേഷനും കൊൽക്കത്ത പൊലീസുമായി ബന്ധപ്പെട്ടു.
നവമി രാജ്യവ്യാപകമായി ആഘോഷിക്കപ്പെടുന്നുണ്ട്. അതുകൊണ്ടുതന്നെ അന്ന് ഐപിഎൽ ഗെയിമിന് മതിയായ സുരക്ഷ നൽകാനാകുമോ എന്ന് അധികൃതർക്ക് ഉറപ്പില്ല. ഇക്കാരണം കൊണ്ടുതന്നെ മത്സരം മാറ്റിവയ്ക്കാനാണ് ബിസിസിഐ ആലോചിക്കുന്നത്. എന്നാൽ ഇതിനകം മുഴുവൻ മത്സരം ഷെഡ്യൂൾ പുറത്തുവിട്ടതിനാൽ എങ്ങനെ പുന:ക്രമീകരിക്കുമെന്ന കാര്യത്തിൽ വ്യക്തതയില്ല. ടിവി ബ്രോഡ്കാസ്റ്റ് അടക്കം നിരവധി കാര്യങ്ങൾ പരിശോധിക്കേണ്ടതായുമുണ്ട്.
നേരത്തെ പൊതുതെരഞ്ഞെടുപ്പ് പശ്ചാത്തലത്തിൽ സുരക്ഷ മുൻനിർത്തി രണ്ടാം പകുതി മത്സരങ്ങൾ യുഎഇയിലേക്ക് മാറ്റുമെന്ന് റിപ്പോർട്ടുണ്ടായിരുന്നു. എന്നാൽ ഇന്ത്യയിൽ തന്നെ നടത്താൻ പിന്നീട് ബോർഡ് തീരുമാനിക്കുകയായിരുന്നു. ഇന്നലെ ചെന്നൈ സൂപ്പർ കിങ്‌സ് ഡെൽഹിയോട് തോൽവി വഴങ്ങിയതോടെ പോയന്റ് ടേബിളിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ഒന്നാം സ്ഥാനത്തേക്കുയർന്നു. മൂന്ന് മത്സരങ്ങൽ രണ്ടെണ്ണം ജയിച്ച ചെന്നൈക്ക് നാല് പോയിന്റാണുള്ളത്. നെറ്റ് റൺറേറ്റണ് കൊൽക്കത്തയെ മുന്നിലെത്തിച്ചത്. +1.047 നെറ്റ് റൺറേറ്റാണ് കൊൽക്കത്തയ്ക്ക്. ചെന്നൈക്ക് +0.976 റൺറേറ്റും. രണ്ട് മത്സരങ്ങളിൽ നാല് പോയിന്റുള്ള രാജസ്ഥാൻ റോയൽസ് മൂന്നാമതുണ്ട്. ഈ സീസണിൽ തോൽവിയറിയാതെ മുന്നേറുന്ന ടീമുകളാണ് കൊൽക്കത്തയും രാജസ്ഥാനും.